Connect with us

National

പഠനത്തില്‍ ശ്രദ്ധിക്കാന്‍ കന്‍ഹയ്യയ്ക്ക് വെങ്കയ്യയുടെ ഉപദേശം

Published

|

Last Updated

ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കന്‍ഹയ്യ കുമാര്‍ തനിക്ക് വെറുതെ കിട്ടുന്ന പ്രശസ്തിയെ ആസ്വദിക്കുകയാണെന്നും അതുപേക്ഷിച്ച് പഠനത്തില്‍ ശ്രദ്ധിക്കാനും കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡുവിന്റെ ഉപദേശം. പഠിക്കാനുള്ള സമയമാണിത്. ഈ സമയത്ത് രാഷ്ട്രീയത്തില്‍ നിന്നും മാറി നില്‍ക്കണം. അങ്ങനെ കന്‍ഹയ്യയ്ക്ക് രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ താല്‍പര്യമുണ്ടെങ്കില്‍ പഠനം ഉപേക്ഷിച്ചിട്ട് രാഷ്ട്രീയത്തില്‍ ഇറങ്ങാം. എന്നിട്ട് ഇഷ്ടമുള്ള പാര്‍ട്ടിയില്‍ ചേരാമെന്നും വെങ്കയ്യ നായിഡു പറഞ്ഞു.

എന്നാല്‍,പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഒരേ ഒരംഗം മാത്രമുള്ള പാര്‍ട്ടിയോടാണ് കന്‍ഹയ്യയ്ക്ക് ഏറെ ഇഷ്ടം. ആ പാര്‍ട്ടിയില്‍ തന്നെ കന്‍ഹയ്യ ചേര്‍ന്നോട്ടെ. ജെഎന്‍യുവില്‍ സിപിഐയുടെ വിദ്യാര്‍ഥി സംഘടനയായ എഐഎസ്എഫിന്റെ നേതാവാണ് കന്‍ഹയ്യ. എന്നാല്‍ അഫ്‌സല്‍ ഗുരു, യാക്കൂബ് മേമന്‍, മക്ബൂല്‍ ഭട്ട് എന്നിവരെ മഹത്വവല്‍ക്കരിക്കുന്നതിന് വിദ്യാര്‍ഥികളെയും വിദ്യാര്‍ഥി സംഘടനകളെയും ഉപയോഗിക്കാന്‍ അനുവദിക്കില്ല. ഈ മൂന്നു പേരും രാജ്യദ്രോഹികളാണെന്നും നായിഡു വ്യക്തമാക്കി.

രാജ്യദ്രോഹം കുറ്റം ചുമത്തി ജയിലിലടച്ച കന്‍ഹയ്യ കുമാറിന് ഡല്‍ഹി ഹൈകോടതി കഴിഞ്ഞ ബുധനാഴ്ച ജാമ്യം നല്‍കിയിരുന്നു. തിഹാര്‍ ജയിലില്‍ നിന്നിറങ്ങിയ കന്‍ഹയ്യ കുമാര്‍ ജെ.എന്‍.യുവില്‍ നടന്ന സ്വീകരണ യോഗത്തില്‍ മോദി സര്‍ക്കാരിനെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. കന്‍ഹയ്യ കുമാറിന്റെ പ്രസംഗം വന്‍ പ്രാധാന്യത്തോടെ ദേശീയ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച സാഹചര്യത്തിലാണ് വെങ്കയ്യ നായിഡു സര്‍ക്കാരിനെ പ്രതിരോധിച്ച് രംഗത്തുവന്നത്.

Latest