റോഡരികില്‍ വാഹനം പാര്‍ക്ക് ചെയ്താല്‍ പിഴ ഇടാക്കും

Posted on: March 4, 2016 11:25 am | Last updated: March 4, 2016 at 11:25 am

വളാഞ്ചേരി: സൂക്ഷിക്കുക വളാഞ്ചേരിയില്‍ റോഡ് സൈഡില്‍ വാഹനം പാര്‍ക്ക് ചെയ്ത് തിരിച്ച് വരുമ്പോള്‍ വാഹനം പോലീസ് സ്‌റ്റേഷനിലെത്തിയിട്ടുണ്ടാവും. വളാഞ്ചേരി നഗരത്തില്‍ ട്രാഫിക് നിയന്ത്രണം കര്‍ശനമാക്കി പോലീസ് മാതൃകയാകുന്നു. നഗരത്തില്‍ അനധികൃതമായി പാര്‍ക്കിംഗ് ചെയ്യുന്ന വാഹനങ്ങളെ പോലീസ് ക്രെയിന്‍ ഉപയോഗിച്ച് സ്‌റ്റേഷനില്‍ കൊണ്ട് പോവുകയും കൂട്ടമയി പാര്‍ക്ക് ചെയ്ത ബൈക്കുകളെ പോലീസ് ചങ്ങലക്കിട്ട് പൂട്ടുകയും പിഴ ചുമത്തുകയും ചെയ്യുന്നുണ്ട്. ട്രാഫിക് നിയമം ലംഘിക്കുന്നവര്‍ക്കെതിരെ പോലീസ് കര്‍ശനമായ നടപടികളാണ് ആരംഭിച്ചിട്ടുള്ളത്. കഴിഞ്ഞ തവണ നടപ്പിലാക്കിയ ട്രാഫിക് പരിഷ്‌കരണത്തിന്റെ ഭാഗമായാണ് അനധികൃത പാര്‍ക്കിംഗിനെതിരെ ശക്തമായ നടപടിയെടുക്കാന്‍ പോലീസ് തയ്യാറായത്. മൂന്ന് ദിവസമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനധികൃതമായി പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ക്ക് പോലീസ് പിഴ ചുമത്തുകയും വാഹനങ്ങള്‍ ക്രെയിന്‍ ഉപയോഗിച്ച് കസ്റ്റഡിയിലെടുക്കുകയും ചെയ്യുന്നത്. അതേസമയം നഗരത്തില്‍ നോ പാര്‍ക്കിംഗ് ബോര്‍ഡുകളുടെ എണ്ണം കുറവായതിനാല്‍ യാത്രക്കാര്‍ വിഷയത്തില്‍ നിരപരാധികളാവുന്നുണ്ട്. വരും ദിവസങ്ങളില്‍ ടൗണിന്റെ വിവിധ ഭാഗങ്ങളില്‍ നോ പാര്‍ക്കിംഗ് ബോര്‍ഡുകള്‍ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ്. നഗരത്തിലെ ട്രാഫിക് കുരുക്കിന് പരിഹാരം കാണുക എന്നതാണ് പോലീസിന്റെ ശ്രമം. വളാഞ്ചേരി എസ് ഐ. പി എം ശമീര്‍, കുറ്റിപ്പുറം എസ് ഐ ജോസ് കുര്യന്‍ എന്നിവരുടെ നേതൃത്വത്തിലാണ് നടപടിക്രമങ്ങള്‍ നടന്നത്. വരും ദിവസങ്ങളിലും അനധികൃത പാര്‍ക്കിംഗിനെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിക്കുമെന്ന് വളാഞ്ചേരി എസ് ഐ പി എം ശമീര്‍ അറിയിച്ചു.