Connect with us

Malappuram

പറവകള്‍ക്ക് ദാഹമകറ്റാന്‍ തണ്ണീര്‍ കുടങ്ങളുമായി വിദ്യാര്‍ഥികള്‍

Published

|

Last Updated

തിരൂരങ്ങാടി: വേനല്‍ കത്തുമ്പോള്‍ പറവകള്‍ക്ക് കാരുണ്യത്തിന്റെ തെളിനീര്‍ കുടങ്ങള്‍ ഒരുക്കുകയാണ് വാളക്കുളം കെ എച്ച് എം സ്‌കൂളിലെ വിദ്യാര്‍ഥികള്‍. കുഞ്ഞിക്കിളികള്‍ക്കൊരു തണ്ണീര്‍ക്കുടം എന്ന വേനല്‍കാല സേവന പദ്ധതിയുടെ ഭാഗമായാണ് വിദ്യാര്‍ഥികള്‍ സ്‌കൂളിലും പരിസരങ്ങളിലെ മുന്നൂറോളം വീടുകളിലും ദാഹജലമൊരുക്കുന്നത്. മണ്‍പാത്രങ്ങള്‍ മരച്ചില്ലകളില്‍ പ്രത്യേകം നിര്‍മിച്ച ഉറികളിലാണ് സ്ഥാപിക്കുന്നത്. പക്ഷികള്‍ക്ക് ജലം നല്‍കാന്‍ മണ്‍പാത്രമാണ് ഏറ്റവും അനുയോജ്യമെന്ന് കുട്ടികള്‍ നേരത്തെ നടത്തിയ നിരീക്ഷണങ്ങളില്‍ കണ്ടെത്തിയിരുന്നു. ഉറികള്‍ നിര്‍മിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പരിശീലനവും നല്‍കിയിരുന്നു. വീടുകളില്‍ വിരുന്നെത്തുന്ന പക്ഷികളെ അവധികാലത്ത് നിരീക്ഷിക്കാനായി വിദ്യാര്‍ഥികള്‍ക്ക് ഫോട്ടോഗ്രാഫി മത്സരവും വീട്ടിലെ അതിഥികള്‍ എന്ന വിഷയത്തില്‍ ഉപന്യാസ മത്സരവും സംഘടിപ്പിക്കുന്നുണ്ട്. പദ്ധതിയുടെ ഉദ്ഘാടനം ചെരട ഹസന്‍ നിര്‍വഹിച്ചു. നൂറുകണക്കിന് പൂച്ചകള്‍ക്കും പക്ഷികള്‍ക്കും നിത്യേന ഭക്ഷണം നല്‍കുന്ന ഹസന്‍ഹാജി കൊടക്കല്ലിനെ പരിപാടിയില്‍ ആദരിച്ചു. പി കെ മുഹമ്മദ് ബശീര്‍, കെ രാധാകൃഷ്ണന്‍, എന്‍ ജയശ്രീ, കെ മേനോന്‍, കെ പി ഷാനിയാസ്, വി ഇസ്ഹാഖ്, ടി മുഹമ്മദ് പ്രസംഗിച്ചു.