ചെറുകിട വ്യവസായ മേഖലയില്‍ രണ്ടു ബില്യന്‍ റിയാലിന്റെ 400 സംരംഭങ്ങള്‍

Posted on: March 3, 2016 7:40 pm | Last updated: March 3, 2016 at 7:40 pm
ഖത്വര്‍ ഡവലപ്‌മെന്റ് ബേങ്ക് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍
ഖത്വര്‍ ഡവലപ്‌മെന്റ് ബേങ്ക് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍

ദോഹ: രാജ്യത്തെ ചെറുകിട വ്യവസായ മേഖലയില്‍ നടപ്പില്‍ വരുന്ന രണ്ടു ബില്യന്‍ റിയാലിന്റെ 400 പദ്ധതികള്‍ക്ക് അടുത്ത ദിവസങ്ങളില്‍ നടക്കുന്ന പ്രഥമ ഗവണ്‍മെന്റ് പ്രൊക്യുര്‍മെന്റ് ആന്‍ഡ് കോണ്‍ട്രാക്ടിംഗ് കോണ്‍ഫറന്‍സില്‍ (മുശ്തറയാത്ത്) കരാറുകള്‍ ഒപ്പു വെക്കും.
ഈ മാസം എട്ടു മുതല്‍ 10 വരെ നടക്കുന്ന സമ്മേളനം സ്വകാര്യ മേഖലയും പൊതുമേഖലയും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുകയും പ്രദാശിക ചെറുകിട, മധ്യനിര സംരംഭങ്ങളും പ്രധാന ഓഹരി ഉടമകളും തമ്മിലുള്ള പ്രവര്‍ത്തനം ശക്തിപ്പെടുത്തുകയും ലക്ഷ്യം വെച്ചാണ് സമ്മേളനം നടക്കുന്നതെന്ന് സംഘാടകരായ ഖത്വര്‍ ഡവലപ്‌മെന്റ് ബേങ്ക് പ്രതിനിധികള്‍ ഇന്നലെ ബേങ്ക് ആസ്ഥാനത്തു നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
400 സംരംഭങ്ങള്‍ക്ക് കരാറൊപ്പിടുന്ന സമ്മേളനം സംഘടിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ഖത്വര്‍ ഡവലപ്‌മെന്റ് ബേങ്ക് സി ഇ ഒ അബ്ദുല്‍ അസീസ് ബിന്‍ നാസര്‍ അല്‍ ഖലീഫ പറഞ്ഞു. ഓഹരി സ്ഥാപനങ്ങള്‍ക്കും ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ക്കും പിന്തുണ നല്‍കുന്നതിന് സമ്മേളനം മുഖ്യ പങ്കു വഹിക്കും. രാജ്യത്തിന്റെ പ്രാദേശിക സാമ്പത്തിക മേഖലുയുടെ വൈവിധ്യവത്കരണത്തിന് ചെറുകിട സംരംഭകര്‍ക്കും ഓഹിരി കമ്പനികള്‍ക്കും വാതില്‍ തുറക്കുകയാണ് ലക്ഷ്യം വെക്കുന്നത്. പ്രാദേശിക തലത്തിലും രാജ്യാന്തര തലത്തിലും ചെറുകിട സംരംഭകരെ പിന്തുണക്കുന്നതിനുള്ള പദ്ധതികള്‍ ക്യൂ ഡി ബി നടത്തി വരുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
റിസ്‌ക് പര്‍ച്ചേസിംഗ് സൗകര്യങ്ങള്‍ ചെറുകിട കമ്പനികള്‍ക്കായി ഒരുക്കിക്കൊടുക്കുന്നു. പ്രധാന ഓഹരി കമ്പനികളുമായുള്ള ബന്ധത്തിലൂടെയാണ് ഇത് സാധ്യമാകുന്നത്. ബിസിനസ് രംഗത്ത് ആരോഗ്യകരമായ മത്സരം സൃഷ്ടിക്കുന്നതിനും ശ്രമം നടത്തുന്നു. നടക്കാന്‍ പോകുന്ന എക്‌സിബിഷനും സമ്മേളനവും ഈ രംഗത്ത് വലിയ അവസരങ്ങള്‍ സൃഷ്ടിക്കും. സ്ഥിരതക്കു വേണ്ടിയുള്ള ഗവണ്‍മെന്റ് പ്രൊക്യുര്‍മെന്റ് ആശയങ്ങളെ പിന്തുണക്കുക എന്നതാണ് ഖത്വര്‍ ഡവലപ്‌മെന്റ് ബേങ്കിന്റെ ആശയം. ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ക്ക് ലക്ഷ്യം നേടുന്നതിനുള്ള പിന്തുണ കൂടിയാണ് സമ്മേളനവും പ്രദര്‍ശനവുമെന്നും അദ്ദേഹം പറഞ്ഞു.