ഉത്തരകൊറിയയ്ക്കു മേല്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ യു എന്‍ തീരുമാനം

Posted on: March 3, 2016 1:50 pm | Last updated: March 3, 2016 at 1:50 pm

u nന്യൂയോര്‍ക്ക്: അന്താരാഷ്ട്ര സമൂഹത്തിന്രെ എതിര്‍പ്പ് അവഗണിച്ചുളള ആണവപരീക്ഷണങ്ങളുടെ പേരില്‍ ഉത്തര കൊറിയയ്ക്കു മേല്‍ കടുത്ത ഉപരോധം ഏര്‍പ്പെടുത്താന്‍ ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതി തീരുമാനിച്ചു. ശക്തമായ സാമ്പത്തിക, വാണിജ്യ ഉപരോധം ഉത്തര കൊറിയയ്ക്കുമേല്‍ ഏര്‍പ്പെടുത്താനുളള പ്രമേയം 15 അംഗ രക്ഷാ സമിതി ബുധനാഴ്ച ഐകകണ്‌ഠേന പാസാക്കി.

ജനുവരി ആറിന് നടന്ന ആണവ പരീക്ഷണവും ഫെബ്രുവരി 7ന് നടന്ന ദീര്‍ഘദൂര മിസൈല്‍ പരീക്ഷണവുമാണ് വന്‍ശക്തി രാഷ്ട്രങ്ങളെ ചൊടിപ്പിച്ചിരിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ വിലക്ക് ലംഘിച്ചായിരുന്നു ഉത്തര കൊറിയന്‍ പരീക്ഷണങ്ങള്‍. വാണിജ്യ ഉപരോധം ഏര്‍പ്പെടുത്തുന്നതോടെ രാജ്യത്തിന് അകത്തേയ്ക്കും പുറത്തേയ്ക്കുമുള്ള ചരക്ക് നീക്കം നിലയ്ക്കും.

രക്ഷാസമിതിയുടെ നടപടിയെ അമേരിക്കന്‍ പ്രസിഡന്റെ് ബറാക്ക് ഒബാമ സ്വാഗതം ചെയ്തു. ഉറപ്പോടെയും ഐക്യത്തോടെയുമുളള ഉചിതമായ പ്രതികരണം. വടക്കന്‍ കൊറിയ അപകടകരമായ ഇത്തരം പരിപാടികള്‍ ഉപേക്ഷിച്ച് ജനങ്ങള്‍ക്ക് വേണ്ടി നല്ലൊരു പാത സ്വീകരിക്കണമെന്നാണ് അന്താരാഷ്ട്ര സമൂഹം നല്‍കുന്ന സന്ദേശമെന്ന് ഒബാമ പ്രതികരിച്ചു.