രാജ്യാന്തര ഭക്ഷ്യമേള കാണാന്‍ രണ്ടു ലക്ഷം പേരെത്തും

Posted on: March 2, 2016 8:27 pm | Last updated: March 2, 2016 at 8:27 pm
SHARE

qatar food festദോഹ: ഈ മാസം 22ന് ആരംഭിക്കുന്ന ഖത്വര്‍ ഇന്റര്‍നാഷനല്‍ ഫുഡ് ഫെസ്റ്റിവലിന്റെ ഭാഗമാകാന്‍ 220,000 പേരെത്തുമെന്ന് സംഘാടകരുടെ പ്രതീക്ഷ. ഇസ്‌ലാമിക് മ്യൂസിയം ആര്‍ട്ട് പാര്‍ക്കില്‍ 28 വരെയാണ് മേള നടക്കുന്നത്. ഖത്വറിനു പുറമേ അയല്‍ രാജ്യങ്ങളില്‍നിന്നും സന്ദര്‍ശകരുണ്ടാകും.
ഒരാഴ്ച നീണ്ടു നില്‍ക്കുന്ന മേളയില്‍ ഭക്ഷ്യവിഭവങ്ങളുടെ ഉത്സവമായിരിക്കും. പേള്‍ ഖത്വറില്‍ നിര്‍ത്തിയിടുന്ന ഡസന്‍ കണക്കിനു ഭക്ഷ്യ ട്രക്കുകളെ കാണാനാകുമെന്ന് സംഘാടകര്‍ പറയുന്നു. പേള്‍ ഖത്വര്‍ മേളയുടെ സൈറ്റലൈറ്റ് വേദികളിലൊന്നാണ്. ഭക്ഷ്യമേളയുടെ ഭാഗമായി വിവിധ പരിപാടികളും നടക്കും. കതാറയില്‍ തത്സമയ പാചക പ്രദര്‍ശനം, വിനോദ പരിപാടികള്‍ എന്നിവക്കു പുറമേ സന്ദര്‍ശകര്‍ക്ക് മൂന്നു ഫെസ്റ്റിവല്‍ വേദികളിലേക്ക് സഞ്ചരിക്കാനായി വാട്ടര്‍ ടാക്‌സി സൗകര്യവും ഏര്‍പ്പെടുത്തും. രാജ്യത്തെ ടൂറിസം മേഖലയില്‍ വൈവിധ്യവത്കരണം നടപ്പിലാക്കുക എന്ന നയത്തിന്റെ ഭാഗമായാണ് രാജ്യാന്തര ഭക്ഷ്യമേള സംഘടിപ്പിക്കുന്നതെന്ന് ഖത്വര്‍ ടൂറിസം അതോറിറ്റി ഇവന്റ്‌സ് ഡയറക്ടറും മേളയുടെ ഡയറക്ടറുമായ മശാല്‍ ശബീക് പറഞ്ഞു. പ്രധാന വേദിയായ മ്യൂസിയം ആര്‍ട്ട് പാര്‍ക്കില്‍ പ്രമുഖ ഭോജന ശാലകള്‍, കഫേകള്‍, റസ്റ്റോറന്റുകള്‍ എന്നിവ പ്രവര്‍ത്തിക്കും. രാജ്യത്തെ പ്രമുഖ ഹോട്ടലുകളില്‍ നിന്നുള്ള ഷെഫുമാര്‍ ഒരുക്കുന്ന വിഭവങ്ങള്‍ അഞ്ചു മുതല്‍ 35 വരെ റിയാല്‍ വിലയില്‍ ലഭ്യമാക്കും.
ഖത്വരി ഭക്ഷ്യവിഭവങ്ങള്‍ രുചിച്ചു നോക്കാനുള്ള സൗകര്യം കള്‍ചര്‍ കോര്‍ട്ടില്‍ ഒരുക്കും. ഖത്വര്‍-ചൈന 2016 ഇയര്‍ ഓഫ് കള്‍ചറിന്റെ ഭാഗമായാണ് കള്‍ചര്‍ കോര്‍ട്ട് പ്രവര്‍ത്തിക്കുക. സാംസ്‌കാരികതകളെ മനസ്സിലാക്കുന്നതിനൊപ്പം സംസ്‌കാരങ്ങളുടെ കൈമാറ്റംകൂടി ഭക്ഷ്യമേളയിലൂടെ സാധിക്കുന്നുണ്ടെന്ന് കള്‍ചര്‍ കോര്‍ട്ടിന്റെ സംഘാടകരായ ഖത്വര്‍ മ്യൂസിയം പബ്ലിക് റിലേഷന്‍ ഡയറക്ടര്‍ മുഹമ്മദ് നാസര്‍ പറഞ്ഞു. പ്രവേശനം പൂര്‍ണമായും സൗജന്യമാണെന്നത് മേളയയുടെ സവിശേഷതയാണ്.
ഡിന്നര്‍ ഇന്‍ സ്‌കൈ എന്ന ആശയവുമായി ദേശീയ വിമാന കമ്പനിയായ ഖത്വര്‍ എയര്‍വേയ്‌സും മേളയുടെ ഭാഗമാകുന്നുണ്ട്. വിദേശങ്ങളില്‍നിന്നും മേളക്കെത്തുന്നവര്‍ക്കായി വിമാന കമ്പനി പ്രത്യേക പാക്കേജ് അവതരിപ്പിക്കും. ട്രാന്‍സ്‌പോര്‍ട്ടേഷന്‍, അക്കമേഡഷന്‍, ഹോട്ടല്‍ സൗകര്യം എന്നിവയുള്‍പ്പെടെയാണ് സൗകര്യം.

LEAVE A REPLY

Please enter your comment!
Please enter your name here