ലോകകപ്പുകള്‍ റഷ്യയിലും ഖത്വറിലും തന്നെ: ഫിഫ പ്രസിഡന്റ്

Posted on: March 2, 2016 8:09 pm | Last updated: March 2, 2016 at 8:09 pm

platiniദോഹ: 2018, 2022 ലോകകപ്പുകള്‍ നേരത്തെ പ്രഖ്യാപിച്ചത് പോലെ യഥാക്രമം റഷ്യയിലും ഖത്വറിലും നടക്കുമെന്നും വേദി അനുവദിച്ചതില്‍ അഴിമതിക്ക് തെളിവില്ലെന്നും പുതിയ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ. വേദി തിരഞ്ഞെടുക്കാന്‍ വീണ്ടും വോട്ടെടുപ്പ് നടത്തേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.റഷ്യ, ഖത്വര്‍ വേദി തീരുമാനിച്ചതു സംബന്ധിച്ച ഗാര്‍ഷ്യ അന്വേഷണ റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണങ്ങള്‍ അടങ്ങിയിട്ടില്ലെന്നതിന്റെ സൂചനയായാണ് ഡെയ്‌ലി മെയില്‍ ഇന്റഫാന്റിനോയുടെ ഈ നിലപാടിനെ കാണുന്നത്.

തായ്‌ലാന്‍ഡിന്റെ വൊറാവി മാകുദി നടത്തുന്ന അന്വേഷണം പൂര്‍ത്തിയായാല്‍ മാത്രമേ ഗാര്‍ഷ്യ റിപ്പോര്‍ട്ട് ഫിഫ കോണ്‍ഗ്രസ് പ്രസിദ്ധീകരിക്കൂ. ഏതെങ്കിലും രാഷ്ട്രത്തിന് വേദി നഷ്ടപ്പെടാന്‍ ഇടയാക്കിയ കൈക്കൂലി സംഭവങ്ങള്‍ കണ്ടെത്തിയിട്ടില്ല. വേദി തിരഞ്ഞെടുക്കുന്നതിന് വോട്ട് ചെയ്യുന്ന ഫിഫ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ കൈക്കൂലി വാങ്ങിയെന്ന് തെളിയിക്കാന്‍ ഫിഫ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കോ സ്വിസ്സ് പ്രോസിക്യൂട്ടര്‍മാര്‍ക്കോ സാധിക്കണം. വലിയ തെളിവുകള്‍ ഉണ്ടായാല്‍ മാത്രമേ വോട്ടെടുപ്പിലൂടെ നല്‍കിയ വേദി തിരിച്ചെടുക്കാന്‍ ഫിഫക്ക് അധികാരമുള്ളൂ. റഷ്യ, ഖത്വര്‍ വേദികളുടെ കാര്യത്തില്‍ അത്തരം തെളിവുകള്‍ ഇല്ല.