ലോകത്തിലെ ഏറ്റവും വലിയ മൊത്തക്കച്ചവട നഗരം ശൈഖ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു

Posted on: March 2, 2016 5:28 pm | Last updated: March 2, 2016 at 5:28 pm
SHARE

smദുബൈ:ലോകത്തിലെ ഏറ്റവും വലിയ മൊത്തകച്ചവട നഗരം യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഉദ്ഘാടനം ചെയ്തു. 55 കോടി ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് മൊത്തകച്ചവടത്തിനായുള്ള പ്രത്യേക നഗരം സജ്ജമാക്കിയിരിക്കുന്നത്. ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ സാന്നിധ്യത്തിയാലിയുന്നു ശൈഖ് മുഹമ്മദ് ഉദ്ഘാടനം നിര്‍വഹിച്ചത്. നിരവധി കമ്പോളങ്ങള്‍, വെയര്‍ ഹൗസുകള്‍, കാര്‍ഗോ കേന്ദ്രം, ഇന്‍ഷ്വറന്‍സ് കമ്പനികള്‍, കസ്റ്റംസ് കേന്ദ്രം, ബേങ്കിംഗ് സേവനങ്ങള്‍ക്കുള്ള സൗകര്യം, താമസിക്കാനുള്ള കെട്ടിടങ്ങള്‍, ഹോട്ടല്‍ എന്നിവയെല്ലാം ഉള്‍പെടുത്തിയാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. വന്‍തോതില്‍ ഉല്‍പന്നങ്ങള്‍ ശേഖരിച്ചുവെക്കാനുള്ള സജ്ജീകരണവും മൊത്തക്കച്ചവട കേന്ദ്രത്തില്‍ ഒരുക്കിയിട്ടുണ്ട്. ആഗോള മൊത്തവ്യാപാരത്തില്‍ 4.3 ലക്ഷം കോടി ഡോളറാണ് നിലവില്‍ യു എ ഇയുടെ പങ്ക്. ഇത് അഞ്ച് വര്‍ഷത്തിനകം 4.9 ലക്ഷം കോടി ഡോളറായി ഉയര്‍ത്താനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.
ആഗോള സാമ്പത്തിക രംഗത്ത് യു എ ഇക്ക് പ്രധാനപ്പെട്ട സ്ഥാനം നേടിയെടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പദ്ധതി. ഏകദേശം 4.3 ലക്ഷം കോടി ഡോളറാണ് ഈ മേഖലയില്‍നിന്നുള്ള ആഗോള വരുമാനം. രാജ്യാന്തര പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കാനും പുതിയ പട്ടണത്തിലൂടെ ലക്ഷ്യമിടുന്നു. ജബല്‍ അലി തുറമുഖവുമായും അല്‍ മക്തൂം രാജ്യാന്തര വിമാനത്താവളവുമായും മൊത്തക്കച്ചവട നഗരത്തെ ബന്ധിപ്പിച്ചിട്ടുണ്ട്. ദുബൈയുടെ തന്ത്രപ്രധാനമായ സ്ഥാനം കൂടുതല്‍ പ്രയോജനപ്പെടുത്തി നാല് വന്‍കരകളുമായി പുതിയ നഗരത്തിലൂടെ മൊത്തക്കച്ചവടം വര്‍ധിപ്പിക്കാനും ക്രമേണ ആഗോള മൊത്തക്കച്ചവടത്തിന്റെ പ്രമുഖ കേന്ദ്രമായി ദുബൈയെ മാറ്റാനുമാണ് ലക്ഷ്യം. ലോകത്തെ പ്രമുഖരായ 15,000ത്തിലധികം മൊത്തവിതരണക്കാരെ ദുബൈയില്‍ എത്തിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു. എണ്ണേതര വരുമാനം വര്‍ധിപ്പിച്ച് സാമ്പത്തിക രംഗത്ത് വൈവിധ്യവത്കരണം ശക്തമാക്കുകയെന്ന ശൈഖ് മുഹമ്മദിന്റെ ദീര്‍ഘവീക്ഷണവും പദ്ധതിക്ക് പിന്നിലുണ്ട്. 10 വര്‍ഷത്തിനിടയില്‍ 3,000 കോടി ദിര്‍ഹമാണ് വികസനത്തിനായി ഇവിടെ ചെലവഴിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here