Connect with us

Kerala

വിഎസ്സിന്റെ സ്ഥാനാര്‍ഥിത്വം: അന്തിമ തീരുമാനം പിബിയില്‍

Published

|

Last Updated

തിരുവനന്തപുരം: വി.എസ്.അച്യുതാനന്ദന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് അന്തിമ തീരുമാനം പോളിറ്റ് ബ്യൂറോ കൈക്കൊള്ളുമെന്ന് കേന്ദ്ര നേതാക്കള്‍. വിഷയത്തില്‍ ഈ മാസം 10ന് മുന്‍പ് തീരുമാനം എടുക്കാനാണ് പിബി ശ്രമം. സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതിനായി 11,12 തീയതികളില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും 13 ന് സംസ്ഥാന സമിതിയും ചേരുന്നുണ്ട്. പി.ബി യോഗം ചേര്‍ന്ന് വി.എസ് മത്സരിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളും.

ഇതിന് മുമ്പായി സമ്പൂര്‍ണ പിബി യോഗം ചേര്‍ന്ന് ചര്‍ച്ച നടത്താന്‍ സാധിച്ചില്ലെങ്കില്‍ അംഗങ്ങളുടെ അഭിപ്രായം അറിഞ്ഞ ശേഷം അവയ്‌ലബിള്‍ പിബി ചേര്‍ന്ന് അന്തിമ തീരുമാനമെടുക്കുമെന്നും ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. മത്സരിക്കാതെ വി.എസ് പ്രചാരണം നയിക്കട്ടെ എന്നതാണ് ഔദ്യോഗിക നേതൃത്വത്തിന്റെ നിലപാട്.
വി.എസിന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് കഴിഞ്ഞ തവണയുണ്ടായ ആശയക്കുഴപ്പം ആവര്‍ത്തിക്കരുതെന്ന് യെച്ചൂരി സംസ്ഥാന നേതൃത്വത്തിനു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വി.എസിനെ സ്ഥാനാര്‍ഥി പട്ടികയില്‍ ഉള്‍പ്പെടുത്താതിരുന്ന സംസ്ഥാന നേതൃത്വത്തെ കഴിഞ്ഞ തവണ പിബി ഇടപെട്ടാണ് തിരുത്തിയത്. വി.എസിനു അനുകൂലമായി സംസ്ഥാനത്ത് വിവിധ പ്രദേശങ്ങളില്‍ പ്രകടനങ്ങളും നടക്കുകയും പോസ്റ്ററുകള്‍ പ്രത്യക്ഷപെടുകയും ചെയ്തു.

തെരഞ്ഞെടുപ്പിനു ശേഷം വി.എസ് കൂടുതല്‍ ഉപാധികള്‍ മുന്നോട്ട് വയ്ക്കുമോ എന്നും ഔദ്യോഗിക നേതൃത്വത്തിനു ഭയമുണ്ട്. ഇതുകൂടി മുന്നില്‍ കണ്ടാണ് വി.എസിന്റെ സ്ഥാനാര്‍ഥിത്വത്തെ തന്നെ അവര്‍ എതിര്‍ക്കുന്നതും. വി.എസ് മത്സരിക്കട്ടെ എന്ന് പിബി തീരുമാനിച്ചാല്‍ സംസ്ഥാന നേതൃത്വത്തിനു തള്ളാന്‍ കഴിയില്ല. എന്നാല്‍ മുഖ്യമന്ത്രി പദം പോലുള്ള സ്ഥാനങ്ങള്‍ ലഭിക്കില്ലെന്ന് സൂചന നല്‍കാനാണ് ഔദ്യോഗികപക്ഷം സ്ഥാനാര്‍ഥിത്വത്തെ തന്നെ എതിര്‍ക്കുന്നത്. അടുത്ത ദിവസം ചേരുന്ന സംസ്ഥാന സമിതിയും വിഷയം ചര്‍ച്ച ചെയ്യും.

Latest