ഇശ്‌റത് ജഹാന്‍ കേസ്: സത്യവാങ്മൂലം തിരുത്തിയെന്ന് മുന്‍ അണ്ടര്‍ സെക്രട്ടറി

Posted on: March 2, 2016 11:53 am | Last updated: March 2, 2016 at 6:03 pm

maniന്യൂഡല്‍ഹി: ഇശ്‌റത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പുതിയ വെളിപ്പെടുത്തലുമായി മുന്‍ ആഭ്യന്തര വകുപ്പ് അണ്ടര്‍ സെക്രട്ടി ആര്‍വിഎസ് മണി. ഉന്നത തലങ്ങളില്‍ നിന്നുള്ള സമ്മര്‍ദവും പീഡനവും മൂലമാണ് തിരുത്തിയ സത്യവാങ്മൂലത്തില്‍ ഒപ്പുവെക്കേണ്ടി വന്നതെന്നാണ് മണിയുടെ വെളിപ്പെടുത്തല്‍. ഇശ്‌റത്തിന്റെ തീവ്രവാദ ബന്ധത്തെ സൂചിപ്പിക്കുന്ന ഭാഗങ്ങള്‍ ഒഴിവാക്കി വീണ്ടും സത്യവാങ്മൂലം തയ്യാറാക്കിയ നടപടി രാഷ്ട്രീയ പ്രേരിതമായിരുന്നുവെന്ന് അദ്ദേഹം ന്യൂസ് ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ആഭ്യന്തരമന്ത്രിയായിരുന്ന പി ചിദംബരമാണ് സത്യവാങ്മൂലം തിരുത്തിയതെന്ന മുന്‍ ആഭ്യന്തര സെക്രട്ടറി ജികെ പിള്ളയുടെ ആരോപണം ശരിവെച്ചുകൊണ്ടാണ് മണിയുടെ പുതിയ വെളിപ്പെടുത്തലുണ്ടായിരിക്കുന്നത്. ഉന്നതങ്ങളില്‍ നിന്നുള്ള രാഷ്ട്രീയ ഇടപെടലാണ് കേസില്‍ ഉണ്ടായതെന്ന് മണി പറയുന്നു. കേസന്വേഷിച്ച പ്രത്യേക സംഘത്തിലെ സതീഷ് വര്‍മ എന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്നും മണി ആരോപിക്കുന്നു.

ജികെ പിള്ളയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഇശ്‌റത് ജഹാന്‍ കേസുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അതേസമയം ഫയലുകള്‍ വീണ്ടും പരിശോധിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ ചിദംബരം നേരത്തെ സ്വാഗതം ചെയ്തിരുന്നു. തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നും ആദ്യ സത്യവാങ്മൂലം സംശയാസ്പദവും വസ്തുതാ വിരുദ്ധവുമായതിനാലാണ് ഇടപെട്ടത് എന്നുമാണ് ചിദംബരത്തിന്റെ വിശദീകരണം.