കാനന ഭംഗിയുടെ വിസ്മയ കാഴ്ച്ചയൊരുക്കി നിലമ്പൂരില്‍ ആകാശ നടപ്പാത

Posted on: March 2, 2016 9:27 am | Last updated: March 2, 2016 at 9:27 am

നിലമ്പൂര്‍: സഞ്ചാരികള്‍ക്ക് കാന ഭംഗിയുടെ ആകാശക്കാഴ്ചകള്‍ സമ്മാനിക്കുന്ന അകാശ നടപ്പാത നാളെ മന്ത്രി ആര്യാടന്‍ മുഹമ്മദ് നാടിന് സമര്‍പ്പിക്കും. നിലമ്പൂരിനെ ടൂറിസം കവാടമാക്കുന്ന ഈസ്റ്റേണ്‍ ടൂറിസം കോറിഡോര്‍ പദ്ധതിയുടെ ഭാഗമായി ഇക്കോ ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഒരു കോടി രൂപ ചെലവിട്ട ബംഗ്ലാവ്കുന്നിലെ പഴയ ഡി എഫ് ഒ ബംഗ്ലാവിനോട് ചേര്‍ന്നുള്ള ഒന്നാം ഘട്ടമാണ് വൈകുന്നേരം അഞ്ചിന് മന്ത്രി ഉദ്ഘാടനം ചെയ്യുക.
വനത്തിന്റെ കാഴ്ച കാണാന്‍ ചരിത്രമുറങ്ങുന്ന പഴയ ഡി എഫ് ഒ ബംഗ്ലാവ് പരിസരത്തു നിന്നും സര്‍ക്യൂട്ട് റോഡിലേക്ക് ആറു മീറ്റര്‍ ഉയരത്തില്‍ 140 മീറ്റര്‍ നീളത്തിലാണ് ആകാശ നടത്തത്തിനായുള്ള പാത ഒരുക്കിയിരിക്കുന്നത്. സഞ്ചാരികള്‍ക്ക് ഇരിക്കാനും വിശ്രമിക്കാനുമായി മൂന്നു പെര്‍ഗോളകളും സജ്ജീകരിച്ചിട്ടുണ്ട്. ഡി എഫ് ഒ ബംഗ്ലാവിന്റെ പ്രവേശന കവാടത്തില്‍ ഓഫീസും ടിക്കറ്റ് കൗണ്ടറുകളും നിര്‍മിച്ചിട്ടുണ്ട്. ആര്യാടന്‍ ഷൗക്കത്ത് ചെയര്‍മാനായ മുന്‍ നഗരസഭാ ഭരണസമിതിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഈസ്‌റ്റേണ്‍ കോറിഡോര്‍ ടൂറിസം പദ്ധതിയുടെ ഭാഗമായി ടൂറിസം വകുപ്പ് ഒരു കോടി രൂപ അനുവദിച്ചത്. നിലമ്പൂര്‍ ചന്തക്കുന്ന് അങ്ങാടിയില്‍ നഗരത്തിന് നടുവില്‍ 15.42 ഹെക്ടര്‍ വനഭൂമിയിലാണ് ഡി എഫ് ഒ ബംഗ്ലാവിനെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ടൂറിസം പദ്ധതി. ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച പഴയ ഡി എഫ് ഒ ബംഗ്ലാവ് ഒട്ടേറെ ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചതാണ്. കാനനഭംഗി അതിന്റെ തനിമയോടെ ആസ്വദിക്കാനുള്ള അവസരമാണ് ഇതോടെ സഞ്ചാരികള്‍ക്ക് ലഭിക്കുന്നത്. ദൂരദിക്കില്‍ നിന്നും വരുന്നവര്‍ക്ക് താമസിക്കാന്‍ വനംവകുപ്പിന്റെ ഡോര്‍മെറ്ററി സംവിധാനവും ഇവിടെയുണ്ട്. നഗരത്തിന്റെ തിരക്കില്‍ നിന്നും വിട്ടൊഴിഞ്ഞ് കാനന കാഴ്ചകളും ചാലിയാര്‍ പുഴയുടെ മനോഹാരിതയുമെല്ലാം ആവോളം ആസ്വദിക്കാനുള്ള അവസരമാണ് ടൂറിസം പദ്ധതി സമ്മാനിക്കുന്നത്. രണ്ടാം ഘട്ടമായി ഡി എഫ് ഒ ബംഗ്ലാവ് ചരിത്ര മ്യൂസിയമാക്കി മാറ്റും. ഉദ്ഘാടന ചടങ്ങില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥ് ആധ്യക്ഷത വഹിക്കും. മുന്‍ നഗരസഭാ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത്, അഡീഷണല്‍ പ്രിന്‍സിപ്പല്‍ സി സി എഫ് ഇ പ്രദീപ്കുമാര്‍, ഡി എഫ് ഒ ആടല്‍ അരശ് സംബന്ധിക്കും.