വള്ളിയൂര്‍ക്കാവ് ക്ഷേത്രം: വിവിധ നിര്‍മാണ പ്രവൃത്തികള്‍ ഉദ്ഘാടനം ചെയ്തു

Posted on: March 2, 2016 9:22 am | Last updated: March 2, 2016 at 9:22 am

മാനന്തവാടി: വള്ളിയൂര്‍ക്കാവ് ക്ഷേത്രത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി തീര്‍ത്ഥാടന ടൂറിസത്തിന്റെ അനന്തമായ സാധ്യതകള്‍ക്ക് വഴിയൊരുക്കുന്നതിന് ക്ഷേത്രത്തില്‍ നടപ്പാക്കി വരുന്ന വിവിധ നിര്‍മ്മാണ പ്രവൃത്തികളുടെ ഉദ്ഘാടനം പട്ടിക വര്‍ഗ യുവജനക്ഷേമ വകുപ് മന്ത്രി പി.കെ ജയലക്ഷ്മി നിര്‍വ്വഹിച്ചു. ജില്ലയിലെ ചരിത്ര പ്രാധാന്യമുള്ളതും ഉത്സവകാലത്ത് ആയിരക്കണക്കിന് ആളുകള്‍ എത്തുന്നതുമായ ക്ഷേത്രത്തില്‍ ഭൗതിക സാഹചര്യങ്ങള്‍ സജ്ജമാക്കേണ്ടത് അത്യാവശ്യമാണെന്നും ക്ഷേത്രത്തിലേക്കുള്ള പടിക്കെട്ട് നിര്‍മ്മിക്കുന്നതിന് എം.എല്‍.എ ഫണ്ടില്‍ നിന്ന് 75 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ടൂറിസം വകുപ്പില്‍ നിന്ന് അനുവദിച്ച 75 ലക്ഷം രൂപ ഉപയോഗിച്ച് ക്ഷേത്രത്തിന്റെ തനിമ നിലനിര്‍ത്തി പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
ചരിത്രപരമായി ഏറെ ശ്രദ്ധേയമായ വള്ളിയൂര്‍ക്കാവില്‍ ഒന്നര കോടി രൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കുന്നത്. 75 ലക്ഷം രൂപ വകയിരുത്തിയ പടിക്കെട്ടിന്റെ നിര്‍മ്മാണ പ്രവൃത്തിക്ക് പൊതുമരാമത്ത് വകുപ്പാണ് നേതൃത്വം നല്‍കുന്നത്. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് ആദ്യ ഘട്ടത്തില്‍ അനുവദിച്ച 50 ലക്ഷം രൂപ ഉപയോഗിച്ച് ക്ഷേത്രത്തിന്റെ പ്രവേശന കവാടം മുതല്‍ തനത് രീതിയില്‍ കല്ലു പാകിയുള്ള പടിക്കെട്ടിന്റെ നിര്‍മ്മാണവും രണ്ടാം ഘട്ടത്തില്‍ അനുമതിയായ 25 ലക്ഷം രൂപയുപയോഗിച്ച് അന്നപൂര്‍ണ്ണേശ്വരി ഹാളിന് സമീപം സംരക്ഷണ മതില്‍ നിര്‍മ്മാണം ഏകദേശം പൂര്‍ത്തീകരിച്ചിട്ടുണ്ട്. പാര്‍ക്കിംഗ് ഏരിയ, ടോയ്‌ലറ്റ് ബ്ലോക്ക് , നടപ്പന്തല്‍ ടൈല്‍ ഇടല്‍, ചുറ്റമ്പലത്തിനുള്ളില്‍ ഗ്രാനൈറ്റ് പാകല്‍, സൗരോര്‍ജ്ജ വിളക്ക് സ്ഥാപിക്കല്‍ തുടങ്ങിയ നവീകരണ പ്രവര്‍ത്തികള്‍ ടൂറിസം വക ഫണ്ടുപയോഗിച്ചാണ് നടപ്പിലാക്കുന്നത്. ചെറുതും വലുതുമായ 30 ഓളം വാഹനങ്ങള്‍ പാര്‍ക്കു ചെയ്യാന്‍ സാധിക്കുന്ന വിധത്തിലാണ് പുതിയ പാര്‍ക്കിംഗ് ഏരിയ ഒരുങ്ങുന്നത്. 940 സ്‌ക്വയര്‍ മീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍ തയ്യാറാക്കുന്ന പാര്‍ക്കിംഗ് ഏരിയ ഒരുക്കുന്നതിന് 16.87 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഉത്സവകാലത്തും ക്ഷേത്ര ദര്‍ശനത്തിനുമായി വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് വിശ്രമിക്കുന്നതിനായി ഫെസിലിറ്റേഷന്‍ റൂമോടു കൂടി സ്ത്രീകള്‍ക്കും പുരുഷ•ാര്‍ക്കും പ്രത്യേകമായി തയ്യാറാക്കുന്ന പത്ത് ശുചിമുറികളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. 840 സ്‌ക്വയര്‍ ഫീറ്റ് സ്ഥലത്താണ് കെട്ടിട നിര്‍മ്മാണം നടക്കുന്നത്. ടോയ്‌ലറ്റ് ബ്ലോക്കിന്റെയും അതോടൊപ്പം സെപ്റ്റിക്ക് ടാങ്കിന്റെയും നിര്‍മ്മാണത്തിന് 23.85 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. കല്യാണ മണ്ഠപമുള്‍പ്പെടെ കോണ്‍ക്രീറ്റ് ചെയ്തിട്ടുള്ള ഭാഗങ്ങളില്‍ ഏകദേശം 540 സ്‌ക്വയര്‍ മീറ്ററില്‍ ടൈല്‍സ് ഇടുന്നതിന് 11.15 ലക്ഷം രൂപയും ചുറ്റുമതിലിനുള്ളിലെ നടപ്പാത ഗ്രാനൈറ്റ് പാകുന്നതിന് 21 ലക്ഷം രൂപയും വിനിയോഗിക്കും. വള്ളിയൂര്‍ക്കാവ് – ചെറ്റപ്പാലം ബൈപ്പാസിലെ പ്രധാന പ്രവേശന കവാടം മുതല്‍ പാര്‍ക്കിഗ് ഗ്രൗണ്ട് വരെ 200 മീറ്ററോളം സോളാര്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന് 1.8 ലക്ഷം രൂപയും ടോയ്‌ലറ്റ് ബ്ലോക്കിലേക്കുള്ള നടപ്പാതയുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കായി 33000 രൂപയും ചെലവഴിക്കും. മികച്ച രീതിയില്‍ കാര്യക്ഷമമായും സമയബന്ധിതമായും നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കുന്നതിന് ജില്ലാ നിര്‍മ്മിതി കേന്ദ്രയെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്.
മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സജീവ് മാറോളി അദ്ധ്യക്ഷനായ പരിപാടിയില്‍ സബ്കളക്ടര്‍ ശീറാം സാമ്പശിവ റാവു, തലശ്ശേരി ഡിവിഷന്‍ അസിസ്റ്റന്റ് കമ്മീഷണര്‍ മനോജ് കുമാര്‍, വള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്രം ട്രസ്റ്റിമാരായ ഏച്ചോം ഗോപി, സി.എ. കുഞ്ഞിരാമന്‍, നഗരസഭ കൗണ്‍സിലര്‍ ശ്രീലത കേശവന്‍, ഉത്സവാഘോഷ കമ്മിറ്റി പ്രസിഡന്റ് എന്‍.കെ. മന്മദന്‍, സെക്രട്ടറി പി.എന്‍. ജ്യോതി പ്രസാദ്, മൂപ്പന്‍ കെ. രാഘവന്‍, എക്‌സിക്യൂട്ടിവ് ഓഫീസര്‍ കെ.കെ.ബാബു, നിര്‍മ്മിതി കേന്ദ്രം പ്രോജക്ട് മാനേജര്‍ ഒ.കെ. സാജിത് തുടങ്ങിയവര്‍ പങ്കെടുത്തു.