ചലച്ചിത്ര അവാര്‍ഡില്‍ കഥയെച്ചൊല്ലി വിവാദം

Posted on: March 2, 2016 5:10 am | Last updated: March 2, 2016 at 12:11 am

തിരുവനന്തപുരം: 2015 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചതിനു പിന്നാലെ പതിവ് പോലെ വിവാദവും ഉയര്‍ന്നു. മികച്ച കഥക്കുള്ള പുരസ്‌കാരവുമായി ബന്ധപ്പെട്ടാണ് വിവാദം. കാറ്റും മഴയും എന്ന കഥക്കാണ് മികച്ച കഥാകൃത്തിനുള്ള പുരസ്‌കാരം ഹരികുമാറിന് ലഭിച്ചത് എന്നാല്‍ കഥ ഹരികുമാറിന്റേതല്ലെന്ന അവകാശവാദവുമായി നജീം കോയ രംഗത്തെത്തി. തന്റെ കഥയാണിതെന്നാണ് നജീം പറയുന്നത്. ഇക്കാര്യം ഫെഫ് ക ഭാരവാഹികളും സ്ഥിരീകരിച്ചു. നജീംകോയ എന്നയാളുടേതാണ് കഥയെന്നും ഇതിനുള്ള തെളിവുകള്‍ കൈവശമുണ്ടെന്നും ഫെഫ്ക അവകാശപ്പെട്ടു. തന്റെ കഥ മോഷ്ടിച്ചതാണെന്നാണ് കോയ പറയുന്നത്. ഇതേക്കുറിച്ച് ഫെഫ്കയില്‍ പരാതി നല്‍കിയിരുന്നു. ആ സമയത്ത് കഥ തന്റേതാണെന്ന് ഫെഫ്കക്ക് മുന്നില്‍ ഹരികുമാര്‍ സമ്മതിച്ചതായും ഇതിനുള്ള പ്രതിഫല തുക നജീമിന് നല്‍കിയതായും പറയുന്നു. പിന്നെ, എന്തിനാണ് ഹരികുമാര്‍ ഈ കഥ പുരസ്‌കാരത്തിന് അയച്ചതെന്നും നജീം കോയ ചോദിക്കുന്നു എന്നാല്‍ തങ്ങള്‍ക്ക് ലഭിച്ച പേര് പ്ര കാരമാണ് അവാര്‍ഡ് പ്രഖ്യാപിച്ചതെന്നാണ് പുരസ്‌കാര നിര്‍ണ്ണയ ജൂറിയുടെ നിലപാട്.
എന്നാല്‍ നജീംകോയയുടെ ആരോപണത്തില്‍ കഴമ്പില്ലെന്നാണ് ഹരികുമാറിന്റെ നിലപാട്. ഏതായാലും ഇത് സംബന്ധിച്ച നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് നജീം കോയയുടെ തീരുമാനം. ഇതോടെ ഇക്കൊല്ലത്തെ അവാര്‍ഡും കോടതി കയറുന്ന സ്ഥിതിയായിട്ടുണ്ട്.