അഫ്‌സ്പ: നിരാഹാരം തുടരുമെന്ന് ഇറോം ശര്‍മിള

Posted on: March 2, 2016 6:00 am | Last updated: March 2, 2016 at 12:00 am

1 irom_061411123011ഇംഫാല്‍: മണിപ്പൂരിലെ വിവാദ അഫ്‌സ്പ (എ എഫ് എസ് പി എ) നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള തന്റെ നിരാഹാര സമരം തുടരുമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ശര്‍മിള അറിയിച്ചു. കഴിഞ്ഞ 15 വര്‍ഷമായി നിരാഹാര സമരം തുടരുന്ന ഇറോമിനെ കഴിഞ്ഞ ദിവസമാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്ന് ഇംഫാല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മോചിപ്പിച്ചത്.
ഇതിന് പിന്നാലെ അവരെ പ്രവേശിപ്പിച്ച ഇംഫാലിലെ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആശുപത്രിയിലെ പ്രത്യേക വാര്‍ഡില്‍ നിന്ന് ഇറോം ശര്‍മിള പുറത്തുവന്നു. നിരവധി അനുയായികള്‍ക്കൊപ്പം ഇന്നലെ ചരിത്ര പ്രസിദ്ധമായ ശഹീദ് മിനാറിലെത്തിയ ഇറോം ശര്‍മിള തന്റെ അനിശ്ചിത കാല നിരാഹാര സമരം തുടരുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.
തന്റെ അഹിംസാ സമരം തുടരുമെന്നും ആക്രമണം കൊണ്ട് സംസ്ഥാനത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കില്ലെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. മണിപ്പൂരില്‍ നിലനില്‍ക്കുന്ന സായുധ സേനക്കുള്ള പ്രത്യേക അധികാരം നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് 2002ലാണ് ഇറോം ശര്‍മിള നിരാഹാര സമരം ആരംഭിച്ചത്. ഇതിനിടെ നിരവധി തവണ അവരെ അറസ്റ്റ് ചെയ്യുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.