അല്‍ മരിയാഹ് ദ്വീപില്‍ രണ്ട് പാലങ്ങള്‍കൂടി പണിയും

Posted on: March 1, 2016 3:32 pm | Last updated: March 1, 2016 at 3:32 pm

ae-28-al-maryah-island-563അബുദാബി: നഗരത്തിലെ പ്രധാന ആകര്‍ഷണ കേന്ദ്രങ്ങളിലൊന്നായ അല്‍ മരിയാഹ് ദ്വീപില്‍ രണ്ട് പാലങ്ങള്‍കൂടി പണിയുമെന്ന് ദ്വീപിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന മുബാദല റിയല്‍ എസ്റ്റേറ്റ് വ്യക്തമാക്കി. പടിഞ്ഞാറ് ഭാഗത്തുള്ള ഹംദാന്‍ ബിന്‍ മുഹമ്മദ് സ്ട്രീറ്റുമായും കിഴക്കുള്ള അല്‍ റീം ദ്വീപുമായും അല്‍ മരിയാഹിനെ ബന്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് പദ്ധതി. നിലവില്‍ അബുദാബി നഗരവുമായി നാലു പാലങ്ങളിലൂടെ അല്‍ മരിയാഹിനെ ബന്ധിപ്പിച്ചിട്ടുണ്ട്.

എമിറേറ്റില്‍ റോഡ് മാര്‍ഗം ഏറ്റവും കൂടുതല്‍ ബന്ധിപ്പിക്കുന്ന ദ്വീപാക്കി അല്‍ മരിയാഹിനെ മാറ്റാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് മുബാദല റിയല്‍ എസ്റ്റേറ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അലി ഈദ് അല്‍ മെഹ്‌രി വ്യക്തമാക്കി. അബുദാബി 2030 വീക്ഷണത്തിന്റെ ഭാഗമായാണ് പുതിയ പാലങ്ങള്‍ പണിയുന്നത്. ദ്വീപിന്റെ മധ്യഭാഗത്ത് വേണ്ടത്ര റോഡ് സൗകര്യം ലഭ്യമാക്കലാണ് ലക്ഷ്യം. ദ്വീപില്‍ എത്തിച്ചേരാന്‍ കൂടുതല്‍ റോഡുകള്‍ പൂര്‍ത്തിയാകുന്നതോടെ വിനോദസഞ്ചാരികള്‍ക്കും താമസക്കാര്‍ക്കും തൊഴിലാളികള്‍ക്കുമെല്ലാം ഇത് അനുഗ്രഹമാകുമെന്നാണ് പ്രതീക്ഷ. തലസ്ഥാനത്തെ ഏറ്റവും മികച്ച താമസ ഇടങ്ങളിലൊന്ന് എന്നതിനപ്പുറം ബിസിനസ് രംഗത്തും ദ്വീപിന്റെ പ്രാധാന്യം വര്‍ധിക്കും.

ദ്വീപിന്റെ അടുത്ത ഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം മൂന്നാം പാദത്തില്‍ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. പ്രധാനമായും ദ്വീപിന്റെ വാട്ടര്‍ ഫ്രണ്ടിനെ പ്രധാന ആകര്‍ഷണമായും സഞ്ചാരികളുടെ വിഹാരകേന്ദ്രമായും മാറ്റിയെടുക്കാനാണ് ലക്ഷ്യം. ഇവിടെ നിന്നുള്ള അബുദാബി നഗരക്കാഴ്ച അനിര്‍വചനീയമായിരിക്കും. നിരവധി കഫേകളും റസ്റ്റോറന്റുകളുംഈ മേഖലയില്‍ സ്ഥാനം പിടിക്കും. അതോടൊപ്പം ജനങ്ങള്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്കായി ഒത്തുകൂടാനുള്ള മേഖലയും ഇവിടെ സജ്ജീകരിക്കപ്പെടും. മേഖലയില്‍ പതിവായി കലാപരിപാടികളും നടത്തും.

അബുദാബി ഫോര്‍ സീസണ്‍സ് ഹോട്ടലിന്റെ ശാഖ, ക്ലീവ് ലാന്റ് ക്ലിനിക് തുടങ്ങിയവ അധികം വൈകാതെ ഇവിടെ പ്രവര്‍ത്തനം തുടങ്ങും. വികസന പ്രവര്‍ത്തനത്തിന്റെ ഭാഗമായി 2.06 കിലോമീറ്റര്‍ നടപ്പാത കൂടി പണിയും. ഇതോടെ ദ്വീപിന്റെ മൊത്തം വിസ്തീര്‍ണമായ 5.4 കിലോമീറ്ററിലും നടപ്പാത യാഥാര്‍ഥ്യമാവും.
അല്‍ മരിയാഹ് ദ്വീപിന്റെ മധ്യഭാഗത്ത് മേഖലകളിലെ ഏറ്റവും മികച്ച ഷോപ്പിംഗ് കേന്ദ്രവും അധികം വൈകാതെ തുറക്കും. വികസന പദ്ധതികള്‍ 2018ന്റെ തുടക്കത്തില്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.