ബഗ്ദാദിലെ മാര്‍ക്കറ്റില്‍ സ്‌ഫോടനം; 70 മരണം

Posted on: March 1, 2016 9:23 am | Last updated: March 1, 2016 at 9:23 am

bagdadബഗ്ദാദ് : ഇറാഖില്‍ ബഗ്ദാദിനു പുറത്തെ മാര്‍ക്കറ്റിലുണ്ടായ ഇരട്ട ബോംബ് സ്‌ഫോടനത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസില്‍ തീവ്രവാദി സംഘടന ഏറ്റെടുത്തു. തലസ്ഥാനമായ ബഗ്ദാദിനു വടക്ക് സദര്‍ നഗരത്തിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ നൂറോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മരണനിരക്ക് കൂടാന്‍ സാധ്യതയുണ്ട്. ഏറെ തിരക്കേറിയ മാര്‍ക്കറ്റിലാണ് സ്‌ഫോടനമുണ്ടായത്. മോട്ടോര്‍ സൈക്കിളില്‍ സ്ഥാപിച്ച ബോംബാണ് ആദ്യം പൊട്ടിത്തെറിച്ചത്. ഇതില്‍ പരുക്കേറ്റവരെ സഹായിക്കാന്‍ ഓടിക്കൂടിയ ജനക്കൂട്ടത്തിനിടയില്‍നിന്നും ചാവേര്‍ സ്വയം പൊട്ടിത്തറിച്ചാണ് രണ്ടാമത്തെ സ്‌ഫോടനമുണ്ടായത്. ശിയാ ഭൂരിപക്ഷമുള്ള ഇവിടെ കനത്ത സുരക്ഷാ നടപടികള്‍ എടുത്തിരുന്നെങ്കിലും സ്‌ഫോടനം ചെറുക്കാനായില്ല. സര്‍ക്കാര്‍ സൈന്യത്തിനും പോലീസുകാര്‍ക്കുംനേരെ ഇസില്‍ നടത്തിയ ആക്രമണത്തിന് തൊട്ടുപിറകെയാണ് ബഗ്ദാദില്‍ സ്‌ഫോടനം നടന്നത്. അന്‍ബര്‍ പ്രവിശ്യയിലെ ഫലൂജക്ക് സമീപത്തെ സൈനിക ബാരക്‌സില്‍ ഞായറാഴ്ച ഇസില്‍ നടത്തിയ ആക്രമണത്തില്‍ 18 പോലീസുകാര്‍ കൊല്ലപ്പെട്ടിരുന്നു. കാറിലെത്തിയ ചാവേറാണ് ഇവിടെ ആക്രമണം നടത്തിയത്.