Connect with us

Gulf

സ്വദേശിയുടെ 'സെല്‍ഫി'പച്ചക്കറിക്കട

Published

|

Last Updated

ഷാര്‍ജ: വില്‍പനക്കാരില്ലാത്തതും ഉപഭോക്താക്കള്‍ക്ക് “സെല്‍ഫ് സര്‍വീസ്” മുഖേന ഉത്പന്നങ്ങള്‍ ആവശ്യാനുസരണം എടുത്ത് സമീപത്തെ പെട്ടിയില്‍ പണം നിക്ഷേപിച്ചുപോകാവുന്ന ആദ്യത്തെ കട തുറന്ന് ശ്രദ്ധേയനാവുകയാണ് സ്വദേശി പൗരന്‍. ഷാര്‍ജ മലീഹയിലാണ് വില്‍പനക്കാരില്ലാത്ത പച്ചക്കറിക്കട തുറന്ന് സാലിം സുല്‍ത്താന്‍ അല്‍ ഖാഇദി എന്ന സ്വദേശി പുതുമ സൃഷ്ടിക്കുന്നത്.
വിവിധ തരത്തിലുള്ള തക്കാളി, കോസ, വഴുതന, ഖിയാര്‍, വിവിധയിനം പച്ചമുളക് തുടങ്ങിയ നിരവധി പച്ചക്കറികളാണ് അല്‍ ഖാഇദിയുടെ സെയില്‍സ്മാനില്ലാ കടയില്‍ വില്‍പനക്കുള്ളത്. രാസ പദാര്‍ഥങ്ങള്‍ ചേര്‍ക്കാത്തതും തന്റെ സ്വകാര്യ തോട്ടത്തിലും കൃഷിയിടത്തിലും വിളയിച്ചതുമായ ഉത്പന്നങ്ങളാണ് ഇദ്ദേഹത്തിന്റെ പച്ചക്കറിക്കടയെ വ്യത്യസ്തമാക്കുന്നത്. പച്ചക്കറികളെല്ലാം വിവിധ അളവുകളിലും തൂക്കങ്ങളിലുമായി പ്രത്യേകം പാക്ക് ചെയ്ത് പ്രദര്‍ശിപ്പിച്ചിരിക്കുകയാണ് കടയില്‍.
ഓരോന്നിന് പുറത്തും അവയുടെ വില രേഖപ്പെടുത്തിയിട്ടുണ്ട്. ആവശ്യമുള്ളവ എടുത്ത് നിശ്ചിതവില സമീപത്ത് സ്ഥാപിച്ച “ഇവിടെ പണം നിക്ഷേപിക്കുക” എന്നെഴുതിയ പെട്ടിയില്‍ നിക്ഷേപിച്ച് പോകാം. തന്റെ കടയില്‍ വില്‍പനക്കുവെച്ച പച്ചക്കറി ഉത്പന്നങ്ങള്‍ക്ക് മറ്റു പല സൂപ്പര്‍മാര്‍ക്കറ്റുകളിലും കോ-ഓപറേറ്റീവ് സൊസൈറ്റികളിലും ഉള്ളതിനേക്കാള്‍ വിലക്കുറവുണ്ടെന്ന് അല്‍ ഖാഇദി അവകാശപ്പെടുന്നു. കൂടുതല്‍ ഇനങ്ങള്‍ ലഭ്യമാക്കി തന്റെ സംരംഭം വൈകാതെ തന്നെ വിപുലപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വന്തം ചിന്തയുടെയും ആശയത്തിന്റെയും സാക്ഷാത്കാരമാണ് ഈ സ്ഥാപനമെന്ന് അല്‍ ഖാഇദി പറയുന്നു. തന്റെ ചിന്തയുമായി മലീഹ നഗരസഭാ കാര്യാലയത്തില്‍ ചെന്നപ്പോള്‍ അത്ഭുതപ്പെടുത്തുന്ന സ്വീകരണവും സഹകരണവുമാണ് ലഭിച്ചതെന്ന് അല്‍ ഖാഇദി വ്യക്തമാക്കി. കൊണ്ടു കൊടുക്കലുകളില്‍ വിശ്വസ്തത വളര്‍ത്തിയെടുക്കുക എന്ന മഹിതമായ ലക്ഷ്യംകൂടി തന്റെ ഈ സംരംഭത്തിന്റെ പിന്നിലുണ്ടെന്ന് ഇദ്ദേഹം പറയുന്നു. മലീഹയിലെത്തുന്ന സ്വദേശികളും വിദേശികളുമായ വിനോദസഞ്ചാരികള്‍ക്ക് പ്രാദേശികമായി വിളയിച്ച ഉത്പന്നങ്ങള്‍ നല്‍കി സന്തോഷിപ്പിക്കുകയെന്നതും ലക്ഷ്യമാണെന്ന് കടയുടമ ചൂണ്ടിക്കാട്ടി.
പ്രകൃതി സ്‌നേഹപരമായ പ്രവര്‍ത്തനത്തിലൂടെ നേരത്തെ ശ്രദ്ധേനേടിയ വ്യക്തിയാണ് ഇദ്ദേഹം. പരിസ്ഥിതിക്കിണങ്ങിയതും വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നതുമായ നൂറുക്കണക്കിന് മരങ്ങളും ചെടികളും നട്ടുവളര്‍ത്തി മാതൃക കാണിച്ച ഷാര്‍ജയിലെ ആദ്യസ്വദേശിയാണ് ഇദ്ദേഹം.
മലീഹ ഹെല്‍ത് സെന്ററിന്റെ അടുത്തായി പ്രവര്‍ത്തനമാരംഭിച്ച “വില്‍പനക്കാരില്ലാ കട” കാണാന്‍ എല്ലാവരെയും ക്ഷണിക്കുകയാണ് ഉടമസ്ഥനായ സാലിം സുല്‍ത്താന്‍ അല്‍ ഖാഇദി.