വിമാനത്താവളം; ആദ്യ ചിന്ത സി എം ഇബ്‌റാഹീമിന്റേത്

Posted on: February 27, 2016 2:24 pm | Last updated: February 27, 2016 at 2:24 pm
SHARE

C_M_Ibrahimദുബൈ: കണ്ണൂര്‍ വിമാനത്താവളമെന്ന ആശയത്തിന് ആദ്യമായി ചിന്ത പാകിയത് 1996ല്‍ അന്നത്തെ കേന്ദ്ര വ്യോമയാന മന്ത്രിയായിരുന്ന സി എം ഇബ്‌റാഹീം. 1996 ജനുവരി 19നാണ് വിമാനത്താവളത്തെക്കുറിച്ച് അദ്ദേഹം ആദ്യമായി പ്രഖ്യാപിക്കുന്നത്.
പ്രവര്‍ത്തനമണ്ഡലം കര്‍ണാടകയാണെങ്കിലും ജന്മംകൊണ്ട് കേരളക്കാരനായ സി എം ഇബ്‌റാഹീം ബീജാവാപം ചെയ്ത ഈ ആശയത്തിനുവേണ്ടി മുഖ്യമന്ത്രിയായിരുന്ന ഇ കെ നായനാരുടെ നേതൃത്വത്തിലുള്ള കേരള സര്‍ക്കാരും ഏറെ പ്രവര്‍ത്തിച്ചു. അന്ന് സംസ്ഥാന മന്ത്രിയായിരുന്ന പിണറായി വിജയന്റെ നേതൃത്വത്തില്‍ സര്‍വകക്ഷി കര്‍മ സമിതി രൂപം കൊടുത്തുവെങ്കിലും ഈ പ്രവര്‍ത്തനം സര്‍ക്കാര്‍ തലത്തില്‍ ഏറെ പുരോഗമിച്ചില്ല.
2005 ഏപ്രില്‍ 29ന് കേന്ദ്ര മന്ത്രിസഭ വിമാനത്താവളത്തിന് തത്വത്തില്‍ അംഗീകാരം നല്‍കി. തുടര്‍ന്ന് അന്നത്തെ ഉമ്മന്‍ ചാണ്ടി മന്ത്രിസഭ 192 ഏക്കര്‍ ഭൂമി ഏറ്റെടുത്തു. പിന്നീട് അധികാരത്തിലെത്തിയ വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കലിന് കിന്‍ഫ്രയെ ഏര്‍പ്പെടുത്തി. ഫാസ്റ്റ് ട്രാക്കില്‍ 2,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. തുടര്‍ന്ന് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി 2008 ജൂലൈയില്‍ മുന്‍ എയര്‍ ഇന്ത്യ ചെയര്‍മാനായിരുന്ന വി തുളസീദാസിനെ വിമാനത്താവളം സ്‌പെഷ്യല്‍ ഓഫീസറായി നിയമിച്ചു. അതോടൊപ്പം തന്നെ മുഖ്യമന്ത്രി ചെയര്‍മാനായി കിയാല്‍ (കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട് ലിമിറ്റഡ്) എന്നൊരു കമ്പനിയും രൂപവത്കരിച്ചു. പൊതുമേഖലാ സ്വകാര്യ സംരംഭങ്ങളുടെ സംയുക്ത പങ്കാളിത്ത വ്യവസ്ഥയില്‍ വിമാനത്താവളം പണിയാമെന്ന കരാറില്‍ 2010 ഫെബ്രുവരി 27ന് കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് എന്ന പബ്ലിക് ലിമിറ്റഡ് കമ്പനി നിലവില്‍ വന്നു.
2013 ജൂലൈയില്‍ കണ്ണൂര്‍ വിമാനത്താവളത്തിന് പരിസ്ഥിതി അനുമതി ലഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here