ധീവരസഭക്ക് പുതുതായി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് അനുവദിക്കും: മുഖ്യമന്ത്രി

Posted on: February 27, 2016 5:21 am | Last updated: February 27, 2016 at 12:24 am
SHARE

oommen chandyകൊച്ചി: ധീവരസഭക്ക് പുതുതായി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് അനുവദിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.അഖില കേരള ധീവരസഭയുടെ 16ാമത് സംസ്ഥാന സമ്മേളനോദ്ഘാടനവും പണ്ഡിറ്റ് കറുപ്പന്‍ സ്മാരകോദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മൂന്ന് വിഷയങ്ങളില്‍ കോളജ് ആരംഭിക്കുന്നതിനായി എന്‍ ഒ സി നല്‍കുന്നത് സംബന്ധിച്ച് മന്ത്രിസഭ ചര്‍ച്ച നടത്തിയതായും മുഖ്യമന്ത്രി അറിയിച്ചു. കോളജിന് സ്ഥലം, കെട്ടിടം, യൂനിവേഴ്‌സിറ്റിക്ക് അപേക്ഷ നല്‍കുന്നത് സംബന്ധിച്ച തീരുമാനങ്ങളും മന്ത്രിസഭ ചര്‍ച്ച ചെയ്തു. എന്നാല്‍ സ്ഥലം ലഭിക്കുന്നതില്‍ ചില ബുദ്ധിമുട്ടുകള്‍ നിലനില്‍ക്കുന്നുണ്ട്.
യുഡിഎഫ് സര്‍ക്കാര്‍ ഉണ്ടെങ്കില്‍ സ്ഥലമില്ലാത്തതിന്റെ പേരില്‍ കോളജ് തുടങ്ങാതിരിക്കില്ലെന്നും അദ്ദേഹം സഭക്ക് ഉറപ്പുനല്‍കി. പണ്ഡിറ്റ് കുറുപ്പന്‍ സ്മാരകത്തിന് നല്‍കിയ തുക മറ്റൊരു സ്മാരകത്തിനും നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. വിദ്യാഭ്യാസത്തിലൂടെ മാത്രമേ ഒരു വ്യക്തിക്കും സമുദായത്തിനും ഉയരാനാവൂവെന്നും ശാശ്വത വിജയം വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാധിക്കൂയെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. പണ്ഡിറ്റ് കറുപ്പന്‍ ജന്മശതാബ്ദി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി ശിലാഫലകം അനാഛാദനം ചെയ്തു.
സ്മാരകത്തിനായി 25 ലക്ഷം രൂപ കൂടി അനുവദിക്കുന്നത് സംബന്ധിച്ച് മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി തീരുമാനം എടുക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. തോട്ടപ്പിള്ളി നീണ്ടകര ഫിഷിംഗ് ഹാര്‍ബറുകളെ ബന്ധിപ്പിച്ച് 150 കോടി ചെലവില്‍ നിര്‍മിക്കുന്ന പാലത്തിന് ശനിയാഴ്ച തറക്കല്ലിടും. ഏറെ പരിഗണന അര്‍ഹിക്കുന്ന സമൂഹമാണ് ധീവരസഭയെന്നും പരമ്പരാഗത മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു. രണ്ട്‌കോടി അറുപത്തിയഞ്ച് ലക്ഷം രൂപ ചെലവില്‍ പുതുതായി പണികഴിപ്പിച്ച പണ്ഡിറ്റ് കറുപ്പന്‍ സ്മാരക മന്ദിരത്തിന്റെ സമര്‍പ്പണം മുന്‍ ധനകാര്യമന്ത്രി കെ എം മാണി നിര്‍വ്വഹിച്ചു. കൊച്ചിയില്‍ ജാതിവ്യവസ്ഥ ക്കെതിരെ പ്രവര്‍ത്തിച്ച സാമൂഹിക പരിഷ്‌കര്‍ത്താവായിരുന്നു പണ്ഡിറ്റ് കറുപ്പനെന്ന് കെ എം മാണി അനുസ്മരിച്ചു. അയ്യങ്കാളി, ശ്രീനാരായണ ഗുരു തുടങ്ങിയവരെ പോലെ പണ്ഡിറ്റ് കറുപ്പന്റേയും പ്രവര്‍ത്തനങ്ങള്‍ കേരളത്തിന്റെ സാമൂഹിക പരിഷ്‌കരണങ്ങളില്‍ സുപ്രധാനമായിരുന്നുവെന്ന് മന്ത്രി കെ സി ജോസഫ് പറഞ്ഞു. സമ്മേളനത്തോടനുബന്ധിച്ച് പുറത്തിറക്കിയ വിശ്വകാന്തി സപ്ലിമെന്റ് പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

 

LEAVE A REPLY

Please enter your comment!
Please enter your name here