ഖത്വര്‍ യുവാക്കളുടെ മോചനത്തിന് അറബ് സ്പീക്കര്‍മാരുടെ പിന്തുണ

Posted on: February 26, 2016 7:55 pm | Last updated: February 26, 2016 at 7:55 pm

ദോഹ: ഇറാഖില്‍ അജ്ഞാത ആയുധ ധാരികളാല്‍ തട്ടിക്കൊണ്ടു പോകപ്പെട്ട ഖത്വരി യുവാക്കളുടെ മോചനം വൈകുന്നു. രാജ്യാന്തര തലത്തില്‍ ശക്തമായ സമ്മര്‍ദവും ഇടപെടലുമുണ്ടായിട്ടും യുവാക്കള്‍ മോചിപ്പിക്കപ്പെടാതെ തുടരുകയാണ്. സംഭവത്തില്‍ തങ്ങള്‍ നിസ്സഹായരാണെന്ന് നേരത്തേ ഇറാഖ് വ്യക്തമാക്കിയിരുന്നു.
നിരപരാധികളായ യുവാക്കളുടെ മോചനം എളുപ്പത്തില്‍ സാധ്യമാക്കണമെന്ന് ഇന്നലെ കെയ്‌റോയില്‍ സമാപിച്ച അറബ് പാര്‍ലിമെന്റ് സ്പീക്കര്‍മാരുടെ പ്രഥമ സമ്മേളനം ആവശ്യപ്പെട്ടു. പൗരന്‍മാരുടെ മോചനത്തിനായി ഖത്വര്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് സമ്മേളനം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. യുവാക്കളെ ഉടന്‍ മോചിപ്പിച്ച് അവരുടെ മാതൃനാട്ടിലെത്തി കുടുംബത്തോടൊപ്പം ചേരാന്‍ അവസരമൊരുക്കണമെന്ന് സമ്മേളനത്തിനു ശേഷം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവന ആവശ്യപ്പെട്ടു. ശൂറ കൗണ്‍സില്‍ സ്പീക്കര്‍ മുഹമ്മദ് ബിന്‍ മുബാറക് അല്‍ ഖുലൈഫി ആയിയായിരുന്നു സമ്മേളനത്തിലെ ഖത്വര്‍ പ്രതിനിധി.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 16നാണ് ഇറാഖില്‍ വേട്ടക്കു പോയ ഖത്വരി യുവാക്കളുടങ്ങിയ സംഘം ബന്ദികളാക്കപ്പെട്ടത്. നിയമപരായ അനുമതി തേടി കുവൈത്ത് വഴി ഇറാഖില്‍ പ്രവേശിച്ച സംഘത്തെയാണ് ആയുധധാരികള്‍ തട്ടിക്കൊണ്ടു പോയത്. യുവാക്കളുടെ മോചനത്തിനായി സര്‍ക്കാര്‍ നിരന്തരം ശ്രമം നടത്തുകയാണ്. പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും മോചനം ആവശ്യപ്പെട്ടു. പ്രത്യേക സംഘത്തെ ഇറാഖിലേക്ക് അയക്കുകയും ചെയ്തു. ജി സി സി രാജ്യങ്ങളും അറബ് ലീഗുള്‍പ്പെടെയുള്ള രാജ്യാന്തര സമിതികളും യുവാക്കളുടെ മോചനം ആവശ്യപ്പെട്ടു. ഇടയില്‍ വിഷയത്തില്‍ ഇറാഖിനെ കുറ്റപ്പെടുത്തി ഖത്വര്‍ രംഗത്തു വന്നിരുന്നു. തങ്ങള്‍ക്കിതില്‍ യാതൊരു പങ്കുമില്ലെന്നും യുവാക്കളുടെ മോചനത്തിനായി സര്‍ക്കാറും സൈന്യവും ശ്രമിച്ചു വരികയാണെന്നം ഇറാഖ് വ്യക്തമാക്കി.
അജ്ഞാതരായ ആയുധധാരികളുടെ പിടിയിലകപ്പെട്ട 26 പേരില്‍ 19 പേരാണ് ഖത്വരികളെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇവരില്‍ ഒമ്പതു പേര്‍ മോചിപ്പിക്കപ്പെട്ട് കുവൈത്തിലെത്തിയിരുന്നു. സഹായികളാണ് മോചിപ്പിപ്പെട്ടതെന്ന് കുവൈത്ത് പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ വിശദീകരണം വന്നിട്ടില്ല. തട്ടിക്കൊണ്ടു പോകപ്പെട്ടവരില്‍ കുവൈത്തി, സഊദി പൗരന്‍മാരും ഉള്‍പ്പെട്ടിട്ടുള്ളതായും വാര്‍ത്തകളുണ്ടായിരുന്നു. ബന്ദികളാക്കപ്പെടുന്നതിന് 20 ദിവസം മുമ്പാണ് ഖത്വറില്‍ രജിസ്റ്റര്‍ ചെയ്ത 42 വാഹനങ്ങളിലായി വേട്ട സംഘം കുവൈത്ത് അബ്ദലി ബോര്‍ഡറിലൂടെ ഇറാഖിലേക്ക് പോയതെന്നാണ് വിവരം.
ഇറാഖി ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെ ഇറാഖിന്റെ തെക്കെ അതിര്‍ത്തിയിലൂടെയാണ് ഖത്വരി വേട്ട സംഘം ഇറാഖില്‍ പ്രവേശിച്ചതെന്നും അവിടെ അജ്ഞാതരായ നൂറോളം അംഗങ്ങളുള്ള സായുധ സംഘം തട്ടിക്കൊണ്ടുപോകുകയായിരുന്നെന്നും ബി ബി സി അറബിക് ന്യസാണ് ഫെബ്രുവരി 16ന് വാര്‍ത്ത പുറത്തുവിട്ടത്. തുടര്‍ന്ന് വാര്‍ത്ത സ്ഥിരീകരിച്ചു കൊണ്ട് പൗരന്‍മാരുടെ മോചത്തിനു വേണ്ടി ശ്രമിച്ചു വരികയാണെന്നും മോചനം ഉടന്‍ സാധ്യമാകുമെന്നും ഖത്വര്‍ ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിറക്കി. വിദേശകാര്യ സഹമന്ത്രിയെയും ഇറാഖിലെ ഖത്വര്‍ അംബാസിഡറേയും മോചന ശ്രമങ്ങള്‍ക്കായി ചുമതലപ്പെടുത്തുകയും ചെയ്തു.
സുരക്ഷിത മേഖല വിട്ടു പുറത്തുപോകരുതെന്ന നിര്‍ദേശം വേട്ട സംഘം ലംഘിച്ചതായി ഇറാഖ് ആഭ്യന്തര മന്ത്രി പ്രസ്താവന നടത്തിയിരുന്നു. ബാഗ്ദാദില്‍ നിന്ന് 200 മൈലോളം അകലെയാണ് സംഭവം നടന്ന സ്ഥലം.
ഇറാഖിന്റെ ഭരണാധികാര പ്രദേശത്തു വെച്ചുണ്ടായ സംഭവത്തില്‍ രാജ്യത്തിന് ഉത്തരവാദിത്തമുണ്ടെന്നാണ് അന്താരാഷ്ട്ര സമൂഹത്തിന്റെ അഭിപ്രായം.