മൂന്ന് കോടി വര്‍ഷം പഴക്കമുള്ള ശില കണ്ടെത്തി

Posted on: February 26, 2016 6:26 pm | Last updated: February 27, 2016 at 2:47 pm
ഖത്വര്‍ ഫൗണ്ടേഷന്‍ സ്റ്റേഡിയം നിര്‍മാണത്തിനുള്ള കുഴിയെടുപ്പ് പൂര്‍ത്തിയായപ്പോള്‍
ഖത്വര്‍ ഫൗണ്ടേഷന്‍ സ്റ്റേഡിയം നിര്‍മാണത്തിനുള്ള കുഴിയെടുപ്പ് പൂര്‍ത്തിയായപ്പോള്‍

ദോഹ: മൂന്ന് കോടി വര്‍ഷം വരെ പഴക്കമുള്ള അത്യപൂര്‍വ ശിലാപാളികള്‍ ഖത്വറില്‍ കണ്ടെത്തി. ദോഹയില്‍ ഫിഫ ലോകകപ്പിന് വേണ്ടി ഖത്വര്‍ ഫൗണ്ടേഷന്‍ സ്റ്റേഡിയം നിര്‍മിക്കുന്നതിന് കുഴിയെടുത്തപ്പോഴാണ് ‘ദുഖാന്‍ പാറ’ എന്ന പുരാതന ശില കണ്ടെത്തിയത്. മരുഭൂ മരതകം എന്ന പേരിലാണ് സ്റ്റേഡിയം നിര്‍മിക്കുന്നത്.
550 ഒളിംപിക് നീന്തല്‍ക്കുളങ്ങളുടെ അത്രയും വരുന്ന 1.37 മില്യന്‍ ക്യൂബിക് മീറ്റര്‍ പാറയാണ് കണ്ടെത്തിയത്. ആഴത്തില്‍ കുഴിച്ചപ്പോള്‍ വ്യത്യസ്തമായ നിറത്തിലുള്ള പാറകള്‍ ശ്രദ്ധിക്കുകയും ഇതിനെ സംബന്ധിച്ച് പഠിക്കാന്‍ തീരുമാനിക്കുകയുമായിരുന്നെന്ന് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയുടെ മത്സരവേദി പ്രൊജക്ട് മാനേജര്‍ ഈദ് അല്‍ ഖഹ്താനി പറഞ്ഞു. തുടര്‍ന്ന് നടത്തിയ ഭൗമസാങ്കേതിക പഠനത്തിലാണ് ദുഖാന്‍ പാറയാണെന്ന് മനസ്സിലായത്. വെള്ളത്തിനടിയില്‍ നിന്ന് ഉത്ഭവിക്കുന്നതാണ് ഈ പാറകള്‍. സ്റ്റേഡിയം പോലെയുള്ള നിര്‍മാണങ്ങള്‍ക്ക് കുഴിക്കുമ്പോള്‍ ഈ പാറ കണ്ടെത്തുന്നത് അപൂര്‍വമാണ്. ഖത്വര്‍ റെയില്‍ നടത്തുന്ന തുരങ്ക നിര്‍മാണം പോലെ വളരെ ആഴത്തില്‍ കുഴിക്കുമ്പോഴാണ് സാധാരണ ഇവ കണ്ടെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
സ്റ്റേഡിയത്തിന്റെ കുഴിയെടുപ്പ് പ്രവൃത്തി പൂര്‍ത്തിയായി. 17 മീറ്റര്‍ ആഴത്തിലാണ് കുഴിയെടുത്തത്. അഞ്ച്- ആറ് മീറ്റര്‍ ഉള്ളിലായി പിച്ച് ഒരുക്കാന്‍ വേണ്ടിയാണിത്. ബ്രിട്ടീഷ് എന്‍ജിനീയറിംഗ് കമ്പനി അരുപിന്റെ പിന്തുണയോടെ സ്പാനിഷ് സ്റ്റേഡിയം രൂപകല്‍പ്പകരായ ഫെന്‍വിക്ക് ഇറിബാരന്‍ ആര്‍കിടെക്റ്റ്‌സ് നടത്തിയ പഠന പ്രകാരമാണ് ഇങ്ങനെ സ്റ്റേഡിയം തയ്യാറാക്കുന്നത്. സ്റ്റേഡിയം ഭൂമിയോട് അടുക്കുംതോറും കാറ്റിന്റെ ആഘാതം കുറക്കാനും പ്രകൃത്യായുള്ള ശീതീകരണം ഉയര്‍ത്താനും സാധിക്കും. സ്റ്റേഡിയത്തിന് വേണ്ടിയുള്ള ശീതീകരണ പ്ലാന്റ് 16.5 മീറ്റര്‍ ആഴത്തിലായിരിക്കും. അതിനാല്‍ സമീപതാമസക്കാര്‍ക്ക് പ്രയാസമാകില്ല.
15 ലക്ഷം മണിക്കൂറുകള്‍ ഉപയോഗിച്ച് നടത്തിയ കുഴിയെടുപ്പില്‍ ഇതുവരെ ഒരു അപകടവും നടന്നിട്ടില്ല. 40000 സീറ്റുകളുള്ള സ്റ്റേഡിയം ലംബാകൃതിയില്‍ നിര്‍മിക്കാന്‍ തക്കവണ്ണമാണ് നിലം പാകപ്പെടുത്തിയത്. ലോകകപ്പിന് ശേഷം സീറ്റിംഗ് 25000 ആക്കി കുറച്ച് യൂനിവേഴ്‌സിറ്റി ലീഗിന്റെ പ്രധാന കേന്ദ്രമാക്കും. സ്റ്റേഡിയവും ഇന്‍ഡോര്‍ പ്രദേശം, ടെന്നീസ് കോര്‍ട്ട്, സ്വിമ്മിംഗ് പൂള്‍ അടക്കമുള്ള കായിക സൗകര്യവും മൂന്ന് വര്‍ഷം കൊണ്ട് പൂര്‍ത്തിയാകുന്ന എജുക്കേഷന്‍ സിറ്റിയിലെ വിദ്യാര്‍ഥികള്‍ക്ക് ഉപയോഗിക്കാം.