ദീര്‍ഘദൂര യാത്രക്കാര്‍ക്ക് താത്കാലിക ആശ്വാസം

Posted on: February 26, 2016 11:19 am | Last updated: February 26, 2016 at 11:20 am

PLAT FORMന്യൂഡല്‍ഹി:ദീര്‍ഘദൂര യാത്രക്കാര്‍ക്ക് താത്കാലിക ആശ്വാസം നല്‍കുന്ന പദ്ധതികളുമായാണ് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ബജറ്റ് അവതരിപ്പിച്ചത്. ദീര്‍ഘദൂര യാത്രക്കാരെ ഉദ്ദേശിച്ചുള്ള പദ്ധതികളും ട്രെയിനുകളുമാണ് മന്ത്രിയുടെ പ്രഖ്യാപനങ്ങളില്‍ ഏറെയും.
റിസര്‍വേഷനില്ലാതെ ദീര്‍ഘ ദൂരം സഞ്ചരിക്കാന്‍ അന്ത്യോദയ എക്‌സ്പ്രസ്, ദീര്‍ഘ ദൂരയാത്രക്കാര്‍ക്ക് വളരെ വേഗം എത്തിച്ചേരുന്നതിന് മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന തേജസ്, പൂര്‍ണമായും ശീതീകരണ സംവിധാത്തോടെ മൂന്നാം ക്ലാസ് എ സി കോച്ചുകള്‍ മാത്രമുള്ള ഹംസഫര്‍ എക്‌സ്പ്രസ്, റിസര്‍വേഷനില്ലാതെ ദീര്‍ഘദൂര ട്രെയിനുകളില്‍ യാത്ര ചെയ്യുന്നതിന് സൗകര്യമുള്ള ദീന്‍ദയാലു കമ്പാര്‍ട്ട്‌മെന്റുകള്‍ എന്നിവയാണ് ബജറ്റില്‍ ദീര്‍ഘ ദൂരയാത്രക്കാരെ ലക്ഷ്യം വെച്ച് പ്രഖ്യാപിച്ചിട്ടുള്ളത്. ഇവയില്‍ അന്ത്യോദയ ദീര്‍ഘദൂര ട്രെയിനുകള്‍ സാധാരണ യാത്രക്കാര്‍ക്ക് ഏറെ ഉപകരാപ്രദമാകുന്നതാണ്. മൂന്‍കൂട്ടി സീറ്റ് ബുക്ക് ചെയ്യാതെ തന്നെ ട്രെയില്‍ സുഖകരമായി യാത്രചെയ്യുന്നതിന് സൗകര്യമൊരുക്കുന്നതാണ് ഈ ട്രെയിന്‍. സീറ്റുകളും ബര്‍ത്തുകളും ലഭ്യമാകുകയും ചെയ്യും.
കൂടാതെ ദീന്‍ദയാലു കമ്പാര്‍ട്ട്‌മെന്റുകളും യാത്രക്ക് ഗുണകരമാകുന്ന ഒന്നാണ് മുന്‍കൂട്ടി ബുക്ക് ചെയ്യാത്തവര്‍ക്ക് സൂപ്പര്‍ ഫാസ്റ്റ് ട്രെയിനുകളില്‍ ഒന്ന് മുതല്‍ നാല് വരെ ബോഗികള്‍ അനുവദിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. പൂര്‍ണമായും ശീതികരണ സംവിധാനമുള്ള ഹംസഫര്‍ ട്രെയിന്‍ മുഴുവന്‍ കമ്പാര്‍ട്ട്‌മെന്റുകളും മൂന്നാം ക്ലാസ് എ സി കോച്ചുകള്‍ മാത്രമായിരിക്കും. ഈ ട്രെയിനില്‍ നിന്ന് ഭക്ഷണം കഴിക്കണോ വേണ്ടയോയെന്ന് യാത്രക്കാരന് തീരുമാനിക്കാനുള്ള അവസരവുമുണ്ട്. മറ്റൊന്ന് തേജസ് എക്‌സ്പ്രസാണ്. ഇന്ത്യയിലെ ട്രെയിന്‍ യാത്രാ സൗകര്യങ്ങളുടെ ഭാവി രേഖപ്പെടുത്തുന്ന ഒന്നായിരിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. തേജസ് മണിക്കൂറില്‍ 130 കിലോമീറ്ററിലായിരിക്കും ഓടുക. അതാത് സംസ്ഥാനങ്ങളുടെ നാടന്‍ ഭക്ഷണം, വൈഫൈ, മറ്റ് വിനോദോപാധികള്‍ തുടങ്ങിയവ ട്രെയിനില്‍ ഉള്‍പ്പെടുത്തുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചു.
മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള ലോവര്‍ ബര്‍ത്ത് ക്വാട്ടകള്‍ ഇരട്ടിയാക്കുന്നതിനും എസ് എം എസ് വഴി ടോയ്‌ലറ്റ് വൃത്തിയാക്കുന്നതിന് ആവശ്യപ്പെടുന്നതിനുള്ള സൗകര്യമൊരുക്കുന്നതിനും പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അതേസമയം, ബജറ്റില്‍ ഏതെല്ലാം സംസ്ഥാനങ്ങളിലേക്ക്, എതല്ലാം റൂട്ടുകളിലാണ് ഈ ട്രെയിനുകള്‍ ഓടിക്കുകയെന്ന് പ്രഖ്യാപിച്ചിട്ടില്ല. അധിക തിരക്കുള്ള റൂട്ടുകളില്‍ ഇവ ഓടിത്തുടങ്ങുമെന്ന് മാത്രമാണ് മന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്.