Connect with us

National

പൊതുമുതല്‍ നശിപ്പിക്കുന്നവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണം

Published

|

Last Updated

ന്യൂഡല്‍ഹി: പ്രതിഷേധ സമരങ്ങളുടെ പേരില്‍ പൊതുമുതല്‍ നശിപ്പിക്കുന്ന പ്രവണത അംഗീകരിക്കാനാകില്ലെന്ന് സുപ്രീം കോടതി. പൊതുമുതല്‍ നശിപ്പിക്കപ്പെട്ടാല്‍ അതിന്റെ നഷ്ടപരിഹാരം സമരം നടത്തുന്ന വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നും രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും ഈടാക്കണമെന്നും കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് ജെ എസ് ഖേഹര്‍ അധ്യക്ഷനായ ബഞ്ചാണ് ഇക്കാര്യം അറിയിച്ചത്.
തനിക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കുറ്റം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പട്ടേല്‍ സമര നേതാവ് ഹര്‍ദിക് പട്ടേല്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയായിരുന്നു സുപ്രീം കോടതിയുടെ സുപ്രധാന ഇടപെടല്‍. പ്രതിഷേധങ്ങളില്‍ പൊതുസ്വത്ത് നശിപ്പിക്കുന്നവര്‍ക്ക് തക്ക ശിക്ഷ ഉറപ്പുവരുത്തുന്ന തരത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കണം.
പ്രതിഷേധ പ്രകടനങ്ങളിലും സമരങ്ങളിലും പൊതുസ്വത്ത് നശിപ്പിക്കരുതെന്ന് ബി ജെ പിയും കോണ്‍ഗ്രസും ഉള്‍പ്പെടെ രാജ്യത്തെ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും മനസ്സിലാക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.
പട്ടേല്‍, ജാട്ട് സമുദായങ്ങള്‍ സംവരണം ആവശ്യപ്പെട്ട് നടത്തുന്ന പ്രക്ഷോഭ സമരങ്ങളുടെ മറവില്‍ ഇന്ത്യന്‍ റെയില്‍വേയുടേത് ഉള്‍പ്പെടെ കോടിക്കണക്കിന് രൂപയുടെ പൊതുമുതല്‍ അടുത്തിടെ നശിപ്പിക്കപ്പെടിരുന്നു. ഈ പശ്ചാത്തലത്തിലാണ് സുപ്രീം കോടതിയുടെ നിര്‍ണായക പരാമര്‍ശം.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest