നെടുമ്പാശ്ശേരി കസ്റ്റംസിന്റെ ഫേസ്ബുക്ക് പേജ് ശ്രദ്ധേയമാകുന്നു

Posted on: February 25, 2016 6:00 am | Last updated: February 25, 2016 at 12:06 am
SHARE
nedumbasseri copy
നെടുമ്പാശ്ശേരിയിലെ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം ആരംഭിച്ച ഫേസ് ബുക്ക് പേജ്‌

നെടുമ്പാശ്ശേരി : ജോലികള്‍ക്കും മറ്റുമായി വിദേശത്തേക്ക് പോകുന്ന വിമാന യാത്രക്കാരുടെ സംശയങ്ങള്‍ ദൂരീകരിക്കുന്നതിന് മാര്‍ഗ്ഗ നിര്‍ദേശങ്ങളുമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം ആരംഭിച്ച ഫേസ് ബുക്ക് പേജ് ശ്രദ്ധേയമാകുന്നു.
വിദേശത്തേക്ക് പോകുമ്പോഴും വരുമ്പോഴും കസ്റ്റംസുമായി ബന്ധപ്പെട്ട് യാത്രക്കാരുടെയും പൊതുജനങ്ങളുടെയും ഉണ്ടാകാന്‍ സാധ്യതയുള്ളഏത് സംശയങ്ങള്‍ക്കും കസ്റ്റംസ് തുടങ്ങിയിട്ടുള്ള ഫേസ് ബുക്ക് പേജിലൂടെ മറുപടി ലഭിക്കും. കസ്റ്റംസുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങളുമായി ചേര്‍ന്ന് യാത്രക്കാര്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സോഷ്യല്‍ മീഡിയയില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ കസ്റ്റംസ് വിഭാഗം തീരുമാനിച്ചത്. വളരെ ആവേശ പൂര്‍വമാണ് സോഷ്യല്‍ മീഡിയ ഈ പേജിനെ വരവേറ്റിരിക്കുന്നത്. ‘കസ്റ്റംസ് കൊച്ചിന്‍ എയര്‍പോര്‍ട്ട്’ എന്ന പേരിലാണ് പേജ് ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ ജനുവരി ആറിന് ആരംഭിച്ച ഈ പേജില്‍ ഒന്നര മാസത്തിനിടെ വിദേശത്ത് നിന്നും സ്വദേശത്ത് നിന്നുമായി 31,000 ത്തോളം പേരാണ് ലൈക്ക് ചെയ്തിരിക്കുന്നത്.
വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ക്ക് അതതു സമയത്ത് കസ്റ്റംസ് നല്‍കുന്ന നിര്‍ദേശങ്ങള്‍ ഈ പേജിലൂടെ അറിയാന്‍ കഴിയുന്നു. വിദേശത്ത് നിന്ന് നിയമാനുസൃതമായി കൊണ്ടുവരാവുന്ന സ്വര്‍ണത്തിന്റെ അളവ് മുതല്‍ മദ്യത്തിന്റെ അളവ് വരെ ഒരോ സാധനങ്ങളുടെയും വിവരങ്ങള്‍ ഈ ഫേസ് ബുക്ക് പേജിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
വിദേശ യാത്രക്കാര്‍ക്ക് കൈവശം കരുതാവുന്ന കറന്‍സിയുടെ കണക്ക്, വിവിധ സാധനങ്ങള്‍ക്കുള്ള കസ്റ്റംസ് ഡ്യൂട്ടി തുടങ്ങിയ പൊതുവായ കാര്യങ്ങളും ഈ പേജില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കും. വിദേശത്ത് നിന്ന് കൊണ്ട് വരുമ്പോള്‍ ഡ്യൂട്ടി ഇല്ലാത്തതും ഡ്യൂട്ടി ഇളവുള്ളതുമായ വസ്തുക്കളെ കുറിച്ചും വിവരം നല്‍കുന്നുണ്ട്. കൂടുതല്‍ സംശയങ്ങള്‍ ഉള്ളവര്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കുന്നതിനും പേജില്‍ അവസരം ഒരുക്കിയിട്ടുണ്ട്. സംശയങ്ങള്‍ ചോദിക്കുന്നവര്‍ എല്ലാവര്‍ക്കും ഉപകാരപ്രദമായ രീതിയില്‍ പൊതുവായോ ഫോട്ടോ കമന്റുകളായോ ചോദിക്കണമെന്നും പ്രൈവറ്റ് മെസേജുകള്‍ ഒഴിവാക്കണമെന്നും പ്രത്യേകം നിര്‍ദേശിച്ചിട്ടുണ്ട്. അനധികൃതമായി കടത്താന്‍ ശ്രമിക്കുന്നതിനിടെ കസ്റ്റംസ് അടുത്തിടെ പിടികൂടിയ വിവധ രൂപത്തിലുള്ള സ്വര്‍ണം, മയക്കുമരുന്ന് തുടങ്ങി നക്ഷത്ര ആമകള്‍ വരെയുള്ള വസ്തുക്കളെ കുറിച്ചുള്ള വിവരങ്ങളും സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here