ഇമാം ബുഖാരി അവാര്‍ഡ് ഇ. സുലൈമാന്‍ മുസ്‌ലിയാര്‍ക്ക്

Posted on: February 24, 2016 4:10 pm | Last updated: February 24, 2016 at 4:10 pm

sulaiman usthad23കൊണ്ടോട്ടി: രണ്ടാമത് ഇമാം ബുഖാരി അവാര്‍ഡ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ക്ക്. ഇസ്‌ലാമിക വൈജ്ഞാനിക രംഗത്ത് വിശിഷ്ട സേവനം ചെയ്യുന്നവര്‍ക്ക് കൊണ്ടോട്ടി ബുഖാരി സ്ഥാപനങ്ങളാണ് ഇമാം ബുഖാരി പുരസ്‌കാരം നല്‍കി വരുന്നത്. ഒരു ലക്ഷം രൂപയും പ്രശസ്തി ഫലകവുമാണ് പുരസ്‌കാരം.

ഇഹ്‌യാഉസ്സുന്ന അറബിക് കോളേജ് പ്രിന്‍സിപ്പലായ സുലൈമാന്‍ മുസ്‌ലിയാര്‍ ധാരാളം സ്ഥാപനങ്ങളുടെ സാരഥിയും നിരവധി പണ്ഡിതന്മാരുടെ ഗുരുവര്യരുമാണ്.ഹദീസ് വിജ്ഞാനത്തിലും ആത്മീയ ശിക്ഷണത്തിലും അഗ്രേസരനായ അദ്ദേഹം ഇസ്‌ലാമിക പ്രമാണമായ ഹദീസ് ഗ്രന്ഥങ്ങളില്‍ ഒന്നാമത് നില്‍ക്കുന്ന ഇമാം ബുഖാരിയുടെ സ്വഹീഹുല്‍ ബുഖാരി ആയിരകണക്കിന് ശിഷ്യന്മാര്‍ക്ക് അധ്യാപനം നടത്തിയിട്ടുണ്ട് .

ഹദീസ് നിവേദകരുടെ ചരിത്രവും വിവരണവും അപഗ്രഥിക്കുന്നതില്‍ സുലൈമാന്‍ മുസ്‌ലിയാര്‍ പ്രശസ്തനാണ്. നാളെ നടക്കുന്ന ബുഖാരി സമ്മേളന സമാപന വേദിയില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബകര്‍ മുസ്‌ലിയാര്‍ അവാര്‍ഡ് വിതരണം ചെയ്യുമെന്ന് ബുഖാരി സ്ഥാപനങ്ങളുടെ ജനറല്‍ സെക്രട്ടറി അബൂ ഹനീഫല്‍ ഫൈസി തെന്നല അറിയിച്ചു.