Connect with us

National

പാക് അന്വേഷണ സംഘത്തെ ഇന്ത്യയില്‍ പ്രവേശിപ്പിക്കില്ല

Published

|

Last Updated

ന്യൂഡല്‍ഹി: പഠാന്‍കോട്ട് വ്യോമത്താവളത്തില്‍ നടന്ന ഭീകാരാക്രമണവുമായി ബന്ധപ്പെട്ട് രാജ്യത്തെത്താനിരിക്കുന്ന പാക്കിസ്ഥാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് ഇന്ത്യ അനുമതി നല്‍കില്ല. സംഭവത്തില്‍ പാക്കിസ്ഥാനുള്ള പങ്കിനെ കുറിച്ചുള്ള അന്വേഷണം അവര്‍ ആദ്യം പൂര്‍ത്തിയാക്കട്ടെ എന്ന നിലപാടാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയവും ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ)യും. പ്രത്യേക അന്വേഷണ സംഘം ഉടന്‍ തന്നെ ഇന്ത്യ സന്ദര്‍ശിക്കുമെന്നും അക്കാര്യം അവര്‍ തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ടെന്നുമുള്ള പാക്കിസ്ഥാന്റെ പ്രസ്താവന വന്നതിന് തൊട്ടുപിന്നാലെയാണ് ഇക്കാര്യം തള്ളിക്കൊണ്ട് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. പഠാന്‍കോട് ഭീകരാക്രമണം സംബന്ധിച്ച അന്വേഷണ വിവരങ്ങള്‍ പാക്കിസ്ഥാനുമായി പങ്കുവെക്കാന്‍ തയ്യാറാണെങ്കിലും അതിന് മുമ്പ് ആക്രമണത്തിന്റെ ഉത്തരവാദിത്വം സംബന്ധിച്ച് അന്വേഷണം പൂര്‍ത്തിയാക്കാന്‍ അവര്‍ തയ്യാറാകണമെന്ന് എന്‍ ഐ എ വൃത്തങ്ങള്‍ അറിയിച്ചു. അതിനിടെ, ജയ്‌ഷെ മുഹമ്മദ് നേതാവ് മസൂദ് അസ്ഹറിന്റെ കസ്റ്റഡി സംബന്ധിച്ച് പാക്കിസ്ഥാന്റെ നിലപാടിലെ വൈരുധ്യം സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പാക് പ്രധാനമന്ത്രി നവാസ് ശരീഫ് ഒരു അഭിമുഖത്തില്‍ പറഞ്ഞത്, മസൂദ് അസ്ഹര്‍ അഫ്ഗാനിസ്ഥാനിലാണ് ഉള്ളതെന്നാണ്. എന്നാല്‍, പാക്കിസ്ഥാന്‍ വിദേശകാര്യ ഉപദേഷ്ടാവ് പറയുന്നത്, അസ്ഹര്‍ കഴിഞ്ഞ മാസം 14 മുതല്‍ പോലീസ് കസ്റ്റഡിയില്‍ ആണെന്നാണ്.