സൂകിയെ പ്രസിഡന്റാക്കുന്ന ഭരണഘടനാ ഭേദഗതിക്കെതിരെ മ്യാന്മര്‍ സൈനിക മേധാവി

Posted on: February 24, 2016 5:03 am | Last updated: February 24, 2016 at 1:05 am
SHARE

യാംഗൂണ്‍: മ്യാന്‍മറില്‍ ജനാധിപത്യ നേതാവ് ആംഗ് സാന്‍ സൂ കിയെ പ്രസിഡന്റാക്കുന്നതിന് ഭരണഘടന ഭേദഗതി ചെയ്യുന്നതിനെതിരെ സൈനിക മേധാവി രംഗത്ത്. ഇത് സംബന്ധിച്ച് കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ സൂകിയും സൈനിക തലവന്‍ മിന്‍ ആംഗ് ഹ്ലെയിംഗുമായി മൂന്ന് തവണ ചര്‍ച്ച നടത്തിയെങ്കിലും ഭരണഘടനയില്‍ ഉടനൊരു മാറ്റത്തിന് എതിരാണ് ഹ്ലെയിംഗ്. കഴിഞ്ഞ വര്‍ഷം നടന്ന തിരഞ്ഞെടുപ്പില്‍ സൂ കിയുടെ എന്‍ എല്‍ ഡി ചരിത്ര വിജയം നേടിയിരുന്നെങ്കിലും 2008ല്‍ കൂട്ടിച്ചേര്‍ത്ത ഭരണഘടന നിയമം സൂകിയെ പ്രസിഡന്റ് ആക്കുന്നത് വിലക്കുന്നതിനാല്‍ ഭരണ കൈമാറ്റം നീണ്ട് പോകുകയാണ്. പട്ടാള ഭരണകൂടം കൂട്ടിച്ചേര്‍ത്ത ഭരണഘടന നിയമം അനുയോജ്യമായ സമയത്ത് ഭരണഘടന വകുപ്പുകള്‍ പ്രകാരം തീര്‍ച്ചയായും ഭേദഗതി ചെയ്യുമെന്ന് ഹ്ലെയിംഗ് പറഞ്ഞു. അതേ സമയം സൂകിയെ പ്രസിഡന്റ് ആക്കുന്നതില്‍ വിലക്കുന്ന ഭരണഘടന വകുപ്പ് സൈന്യവും എന്‍ എല്‍ ഡിയും തമ്മിലുള്ള അധികാര പങ്ക് വെക്കല്‍ കരാര്‍ പ്രകാരം താത്കാലികമായി റദ്ദാക്കുമെന്ന് എന്‍ എല്‍ ഡി അംഗങ്ങളും പണ്ഡിതരും അനുമാനിക്കുന്നുണ്ട്. അഞ്ച് വര്‍ഷത്തേക്ക് മാത്രമേ മ്യാന്‍മറില്‍ ജനാധിപത്യമുണ്ടാകൂവെന്നും ആവശ്യമായ ഭരണഘടന വകുപ്പുകള്‍ അത്യാവശ്യ സമയത്ത് ഭേദഗതി ചെയ്യുമെന്നും സൈനിക ഓഫീസര്‍മാരുടെ യോഗത്തില്‍ ഹ്ലെയിംഗ് പറഞ്ഞതായി സൈന്യം പ്രസിദ്ധീകരിക്കുന്ന മ്യാവാദി പത്രം റിപ്പോര്‍ട്ട് ചെയ്തു. മ്യാന്‍മറില്‍ 2011ലാണ് സൈന്യം നേരിട്ടുള്ള ഭരണത്തില്‍നിന്ന് പിന്‍വാങ്ങിയത്. പിന്നീട് അര്‍ധ സിവിലിയന്‍ സര്‍ക്കാര്‍ നിലവില്‍ വന്നെങ്കിലും സൈന്യം രാഷ്ട്രീയ അധികാരം തുടര്‍ന്നു വരികയായിരുന്നു. വിദേശ ബന്ധമുള്ളവര്‍ക്ക് രാജ്യത്ത് പ്രസിഡന്റ് സ്ഥാനം കൈയാളാന്‍ ഭരണഘടന അനുവദിക്കുന്നില്ല. സൂകി വിവാഹം കഴിച്ചത് വിദേശിയെയാണ്. ഇതില്‍ കുട്ടികളുമുണ്ട്. ഈ രണ്ടുകാര്യങ്ങളുമാണ് സൂകിയെ അധികാരത്തില്‍നിന്നും വിലക്കുന്നത്. ഭരണഘടനയിലെ ഈ നിയമം ഭേദഗതിചെയ്യുന്നത് സംബന്ധിച്ചാണ് സൂകിയും ഹ്ലിയാംഗു ചര്‍ച്ച നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here