സിറിയയില്‍ ചാവേര്‍ ആക്രമണ പരമ്പര; മരണം 150 ആയി ഉയര്‍ന്നു

Posted on: February 23, 2016 9:14 am | Last updated: February 23, 2016 at 9:14 am
SHARE

SYRIAദമസ്‌കസ്: സിറിയന്‍ തലസ്ഥാനമായ ദമസ്‌കസിലും ഹോംസ് നഗരത്തിലും ഇസില്‍ നടത്തിയ ചാവേര്‍ ആക്രമണ പരമ്പരകളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 150 ആയി ഉയര്‍ന്നു. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ 180ഓളം പേര്‍ക്ക് ആക്രമണങ്ങളില്‍ പരുക്കേറ്റതായും സിറിയന്‍ വാര്‍ത്താ ഏജന്‍സി സന റിപ്പോര്‍ട്ട് ചെയ്തു. സിറിയയില്‍ വെടിനിര്‍ത്തല്‍ കരാറിലെത്താനുള്ള തീവ്രശ്രമങ്ങള്‍ പുരോഗമിക്കവെയാണ് ഇസില്‍ കൂടുതല്‍ ഭീകരാക്രമണങ്ങളുമായി രംഗം വഷളാക്കിയത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം അവകാശപ്പെട്ട് ഇസില്‍ രംഗത്തെത്തിയിട്ടുണ്ട്.

തലസ്ഥാനമായ ദമസ്‌കസിലെ സയ്യിദ സൈനബ എന്നിവരുടെ മഖ്ബറക്ക് സമീപമുള്ള പ്രദേശങ്ങളിലാണ് ചാവേര്‍ ആക്രമണങ്ങള്‍. സിറിയന്‍ മനുഷ്യാവകാശ നിരീക്ഷണ സംഘടനയുടെ കണക്കുകള്‍ പ്രകാരം ഇവിടെ 96 പേര്‍ കൊല്ലപ്പെട്ടു. മഖ്ബറയില്‍ നിന്ന് 400 മീറ്റര്‍ അകലത്തിലായിരുന്നു സ്‌ഫോടനമെന്ന് എ എഫ് പി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ മാസം ഇവിടെ നടന്ന മറ്റൊരു ആക്രമണത്തില്‍ 70 പേരും കൊല്ലപ്പെട്ടിരുന്നു. ഹോംസ് നഗരത്തില്‍ കഴിഞ്ഞ ദിവസമുണ്ടായ ഇരട്ട കാര്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 59 ആയി ഉയര്‍ന്നു. നിരവധി പേരെ പരുക്കുകളോടെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സിറിയയിലെ യു എന്‍ പ്രത്യേക പ്രിതിനിധി ആക്രമണങ്ങളെ ശക്തമായ ഭാഷയില്‍ അപലപിച്ചു.
ആക്രമണം ഉണ്ടായ സ്ഥലങ്ങളില്‍ നിന്ന് കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ വാഹനങ്ങളില്‍ കയറ്റിക്കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പ്രാദേശിക ചാനലുകള്‍ കാണിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here