നാഗ്ജി ഇത്തവണ നഷ്ടം അടുത്ത തവണ ഗംഭീരമാക്കും

Posted on: February 22, 2016 11:07 pm | Last updated: February 22, 2016 at 11:07 pm
SHARE

nagjeeകോഴിക്കോട്: ഇന്ത്യയില്‍ നിന്ന് രണ്ട് ടീമുകളെയും ഗള്‍ഫ് നാടുകളില്‍ നിന്നും ആഫ്രിക്കയില്‍ നിന്നും ഓരോ ടീമിനെയും ഉള്‍പ്പെടുത്തി അടുത്തവര്‍ഷം നാഗ്ജി അന്താരാഷ്ട്ര ക്ലബ്ബ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് വിപുലപ്പെടുത്തുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പിന്റെ പോരായ്മയില്‍ സംഭവിച്ച പാകപ്പിഴകള്‍ നാഗ്ജി ടൂര്‍ണമെന്റിന്റെ സ്‌പോണ്‍സര്‍ഷിപ്പിനെ ബാധിച്ചു. അതുവഴി കോടികളുടെ സാമ്പത്തിക ബാധ്യത തങ്ങള്‍ക്കുണ്ടായി. എങ്കിലും ടൂര്‍ണമെന്റ് വിജയമായിരുന്നു.
ബ്രസീല്‍ ടീം അത്‌ലറ്റിക്കോ പരാനെന്‍സും യുക്രൈന്‍ ടീം എഫ് സി നിപ്രോയും തമ്മില്‍ നടന്ന ഫൈനല്‍ മത്സരത്തിന് സാക്ഷ്യം വഹിക്കാന്‍ കോര്‍പറേഷന്‍ സ്റ്റേഡിയത്തിലെത്തിയ അമ്പതിനായിരത്തോളം കാണികള്‍ ഇതിന് തെളിവാണെന്നും ഇവര്‍ പറഞ്ഞു.
ടൂര്‍ണമെന്റിന് മുന്നോടിയായി റൊണാള്‍ഡീന്യോയെ എത്തിക്കാനുള്ള ചുമതല നല്‍കിയ ഇന്‍ഫിനിറ്റി ഗ്രൂപ്പിന്റെ നടപടികളും തുടര്‍ന്ന് ചില സ്‌പോണ്‍സര്‍മാരുടെ നിര്‍ണായക ഘട്ടങ്ങളിലുള്ള പിന്‍വാങ്ങലുമാണ് പ്രതിസന്ധി സൃഷ്ടിച്ചത്.
റൊണാള്‍ഡീന്യോയെ കൊണ്ടുവരേണ്ടത് ഉദ്ഘാടന ദിനത്തിലായിരുന്നു. നടത്തിപ്പിലെ പരിചയക്കുറവ് കൊണ്ടും മറ്റും പ്രതീക്ഷിച്ചതിലും ഇരട്ടിതുകയാണ് ടൂര്‍ണമെന്റിനായി ചെലവായത്.
15 കോടിയോളം ചെലവായ ടൂര്‍ണമെന്റില്‍ ഏഴര കോടി രൂപയെങ്കിലും ടിക്കറ്റ് വില്‍പനയിനത്തില്‍ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും 75 ലക്ഷം പോലും ലഭിച്ചില്ല. സെപ്തംബര്‍ മുതല്‍ മെയ് മാസം വരെ നീളുന്ന ഐ ലീഗ് കാരണം ഇന്ത്യയില്‍ നിന്ന് ഒരു മുന്‍നിര ടീമിനെ ഉള്‍പ്പെടുത്താന്‍ സാധിച്ചില്ല.
ആഭ്യന്തര ടീമുകളുമായി ചര്‍ച്ച നടത്തി ധാരണയിലെത്തിയിരുന്നെങ്കിലും ദേശീയ സ്‌കൂള്‍ മീറ്റ് കോഴിക്കോട്ടേക്ക് മാറ്റിയത് കാരണം ടൂര്‍ണമെന്റ് നേരത്തെ തീരുമാനിച്ച തീയ്യതിയില്‍ നിന്നും നീട്ടേണ്ടിവന്നത് തിരിച്ചടിയായി.
ഇന്ത്യയില്‍ നിന്നുള്ള ഒരു ടീമിന്റെ അഭാവം, താരതമ്യേന ഉയര്‍ന്ന ടിക്കറ്റ് നിരക്ക്, അനവസരത്തില്‍ റൊണാള്‍ഡീന്യോയെ കൊണ്ടുവന്നത് വഴി സംഭവിച്ച സാമ്പത്തികബാധ്യത, സ്‌പോണ്‍സര്‍മാരുടെ പിന്‍മാറ്റം, ആഭ്യന്തര സെവന്‍സ് ടൂര്‍ണമെന്റുകളുടെ സീസണ്‍, പരീക്ഷാകാലത്തോടനുബന്ധിച്ച് ടൂര്‍ണമെന്റ് സംഘടിപ്പിച്ചത് തുടങ്ങിയവയാണ് തിരിച്ചടിക്ക് കാരണമായത്. 1,20000 ഡോളര്‍ വരെ മുടക്കി കൊണ്ടുവന്ന അര്‍ജന്റീന അണ്ടര്‍ 23 ടീമുള്‍പ്പെടെയുള്ളവയുടെ മോശം പ്രകടനം ടീമുകളുടെ നിലവാരം സംബന്ധിച്ച് കാണികളിലും സംശയമുളവാക്കി.
വാര്‍ത്താസമ്മേളനത്തില്‍ കെ ഡി എഫ് എ പ്രസിഡന്റ് ഡോ സിദ്ദീഖ് അഹമ്മദ് , കേരളാ ഫുട്ബാള്‍ അസോസിയേഷന്‍ വൈസ്പ്രസിഡന്റ് എ പ്രദീപ്കുമാര്‍ എം എല്‍ എ, മോണ്ടിയാല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഹിഫ്‌സു റഹ്മാന്‍, എന്‍ സി അബൂബക്കര്‍, ടി പി ദാസന്‍, ഹരിദാസ് പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here