ദിവ 1.6 ലക്ഷം എല്‍ ഇ ഡി ബള്‍ബുകള്‍ വിതരണം ചെയ്യും

Posted on: February 21, 2016 4:45 pm | Last updated: February 21, 2016 at 4:45 pm

DEWAദുബൈ: മുഹമ്മദ് ബിന്‍ റാശിദ് ഹൗസിംഗ് എസ്റ്റാബ്ലിഷ്‌മെന്റിലെ 2,000 എല്‍ ഇ ഡി ബള്‍ബുകള്‍ ഉള്‍പെടെ വീടുകള്‍ക്കായി ദുബൈയില്‍ മൊത്തം 1.6 ലക്ഷം എല്‍ ഇ ഡി ബള്‍ബുകള്‍ വിതരണം ചെയ്യുമെന്ന് ദിവ അറിയിച്ചു. മുഹമ്മദ് ബിന്‍ റാശിദ് എസ്റ്റാബ്ലിഷ്‌മെന്റിലെ നിലവിലെ വീടുകള്‍ക്കും പുതിയ വീടുകള്‍ക്കുമാണ് ബള്‍ബുകള്‍ നല്‍കുക. ഇതോടൊപ്പം ഫോട്ടോവോള്‍ട്ടൈല്‍ പാനലുകളും നല്‍കും. വൈദ്യുതി ഉപഭോഗം ഫലപ്രദമായി കുറക്കാനുള്ള ദിവയുടെ പദ്ധതിയുടെ ഭാഗമായാണ് നടപടി. ഇതുമായി ബന്ധപ്പെട്ട് മുഹമ്മദ് ബിന്‍ റാശിദ് എസ്റ്റാബ്ലിഷ്‌മെന്റും ദിവയും കരാറില്‍ ഒപ്പുവെച്ചിട്ടുണ്ട്.
പരിസ്ഥിതി സൗഹൃദ ഇന്ധനം എന്നതിനൊപ്പം സുസ്ഥിര വികസനം ഉറപ്പാക്കുകകൂടി ലക്ഷ്യമിട്ടാണ് നടപടി. വൈദ്യുതി ഉപഭോഗം 30 ശതമാനം വെട്ടിക്കുറക്കുക എന്ന ദുബൈ ഇന്റെഗ്രേറ്റഡ് എനര്‍ജി സ്ട്രാറ്റജി 2030ന്റെ ഭാഗം കൂടിയാണ് എല്‍ ഇ ഡി ബള്‍ബുകള്‍ വിതരണം ചെയ്യുന്നതെന്ന് ദിവ സി ഇ ഒ സഈദ് മുഹമ്മദ് അല്‍ തായര്‍ പറഞ്ഞു.
സൗരോര്‍ജം ശേഖരിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ഫോട്ടോവോള്‍ടൈല്‍ പാനലുകള്‍ ദിവ നല്‍കുന്നത്. ശംസ് ദുബൈ സൗരോര്‍ജ പദ്ധതികളുടെ ഭാഗംകൂടിയാണ് പാനല്‍ വിതരണമെന്നും അല്‍ തായര്‍ പറഞ്ഞു. പൗരന്മാരുടെ നന്മ ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനമാണ് ദിവ നടത്തുന്നതെന്ന് മുഹമ്മദ് ബിന്‍ റാശിദ് ഹൗസിംഗ് എസ്റ്റാബ്ലിഷ്‌മെന്റ് സി ഇ ഒ സാമി അബ്ദുല്ല ഗര്‍ഗാഷ് വ്യക്തമാക്കി.