ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ്: ഇന്ത്യക്കും ഖത്വറിനും സ്വര്‍ണം

Posted on: February 20, 2016 6:38 pm | Last updated: February 20, 2016 at 6:38 pm

Mutazദോഹ: സ്വര്‍ണവും വെങ്കലവും സ്വന്തമാക്കി ഏഴാമത് ഏഷ്യന്‍ ഇന്‍ഡോര്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മികച്ച തുടക്കം. സ്വര്‍ണവും ചരിത്രവും സ്വന്തമാക്കിയാണ് ആതിഥേയരായ ഖത്വറിന്റെ ഓപ്പണിംഗ്.
ലോംഗ് ജംബില്‍ മലയാളി താരം മയൂഖ ജോണിയാണ് സ്വര്‍ണം നേടിയത്. ഹൈജംമ്പില്‍ ഖത്വറിന്റെ മുത്വാസ് ഇസ്സ ബര്‍ഷിം സ്വര്‍ണം നേടി. തുടര്‍ച്ചയായ നാലാം തവണ ഒരിനത്തില്‍ ഏഷ്യന്‍ ഇന്‍ഡോര്‍ സ്വര്‍ണം നേടുന്ന ആദ്യത്തെ താരമെന്ന ചരിത്രമാണ് മുതാസ് ഖത്വറിന്റെയും തന്റെയും പേരിനൊപ്പം എഴുതിച്ചേര്‍ത്തത്. 2.35 മീറ്റര്‍ ഉയരം മറികടന്നാണ് അവര്‍ സ്വര്‍ണത്തില്‍ മുത്തമിട്ടത്. ആസ്പയര്‍ ഡോം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ഇന്നലെ നടന്ന ലോംഗ് ജംബ് ഫൈനലില്‍ 6.35 മീറ്റര്‍ ദൂരം മറി കടന്നാണ് മയൂഖ സ്വര്‍ണം സ്വന്തമാക്കിയത്. വിയറ്റ്‌നാമിന്റെ ബുയി തി തു താവോ വെള്ളിയും കസാഖിസ്ഥാന്റെ ഓല്‍ഗ റയ്പകോവ വെങ്കലവും (6.22മീറ്റര്‍) നേടി. ഈയിനത്തില്‍ മറ്റൊരു മലയാളി താരം എം എ പ്രജുഷ മത്സരിച്ചിരുന്നെങ്കിലും അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ദോഹയില്‍ സ്വര്‍ണം നേടാനായതില്‍ സന്തോഷമുണ്ടെന്ന് മത്സശേഷം മയൂഖ പ്രതികരിച്ചു. ഏഷ്യന്‍ കീരീടമെന്നത് വലിയ നേട്ടമാണെന്നും മയൂഖ ജോണി പറഞ്ഞു.
വനിതാവിഭാഗം 60മീറ്ററില്‍ ഹീറ്റ്‌സില്‍ പുതിയ മീറ്റ് റെക്കോര്‍ഡ് സ്വന്തമാക്കിയെങ്കിലും ഫൈനലില്‍ ഇന്ത്യയുടെ ദ്യുതി ചന്ദ് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 2013ലെ പൂനെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ 200 മീറ്ററില്‍ വെള്ളി നേടിയ ദ്യുതി ദോഹയില്‍ സ്വര്‍ണം നേടുമെന്നായിരുന്നു ഇന്ത്യയുടെ പ്രതീക്ഷ. സെമി ഫൈനലിലും ഒന്നാമതായാണ് ദ്യുതി ഫിനിഷ് ചെയ്തത്. എന്നാല്‍ 7.39 സെക്കന്‍ഡ് സമയമെടുക്കേണ്ടിവന്നു. എന്നാല്‍, ഫൈനലില്‍ മൂന്നാമതെത്താനേ ദ്യുതിക്ക് കഴിഞ്ഞുള്ളു. വിക്‌ടോറിയ സ്യബ്കിനയ്ക്കാണ് സ്വര്‍ണം. ഈയിനത്തില്‍ ഇന്ത്യയുടെ സര്‍ബാനി നന്ദ ഹീറ്റ്‌സില്‍ തന്നെ പുറത്തായിരുന്നു. വനിതകളുടെ 1500മീറ്ററില്‍ ഇന്ത്യയുടെ സുഗന്ധ കുമാരിക്ക് മെഡല്‍ നേടാനായില്ല. യു എ ഇയുടെ ബത്‌ലഹേം ദേസയ്ക്കാണ് സ്വര്‍ണം. ഷോട്ട്പുട്ടില്‍ സ്വര്‍ണവും വെള്ളിയും ചൈന നേടിയപ്പോള്‍ ഇന്ത്യയുടെ മന്‍പ്രീത് കൗര്‍ ജൂനിയര്‍ നിരാശപ്പെടുത്തി.