അവകാശങ്ങളെക്കുറിച്ച് തൊഴിലാളികളെ ബോധവത്കരിക്കും-സഖര്‍ ഗോബാഷ്‌

Posted on: February 20, 2016 3:10 pm | Last updated: February 20, 2016 at 3:10 pm
SHARE

uae-68842ദുബൈ: വിദേശ തൊഴിലാളികളെ അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവത്കരിക്കുമെന്ന് മനഷ്യ വിഭവ-സ്വദേശിവത്കരണ മന്ത്രി സഖര്‍ ഗോബാഷ് വ്യക്തമാക്കി.
‘നിങ്ങളുടെ അവകാശങ്ങളെക്കുറിച്ച് അറിയൂ’ എന്ന പേരിലാണ് ഇതിനായി പ്രത്യേക കാമ്പയിന്‍ നടക്കുക. ദുബൈ വിമാനത്താവളത്തില്‍ പുതുതായി എത്തുന്ന തൊഴിലാളികള്‍ക്കാണ് കാമ്പയിന്റെ ഭാഗമായി ബോധവത്കരണം നടത്തുക.
തൊഴിലാളികളെ തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ബോധവത്കരിക്കാനുള്ള മന്ത്രാലയത്തിന്റെ താല്‍പര്യത്തിന്റെ ഭാഗമാണ് ഈ നടപടി. തൊഴിലാളിക്ഷേമം ഉറപ്പാക്കാനായി ദുബൈ ആവിഷ്‌കരിച്ച പുതിയ നിയമത്തിന്റെ ഭാഗം കൂടിയാണ് നടപടി. പുതുക്കിയ നിയമ പ്രകാരം തൊഴില്‍ ഉടമയും തൊഴിലാളിയും തമ്മില്‍ ഒപ്പുവെക്കുന്ന തൊഴില്‍ കരാര്‍ മന്ത്രാലയം അംഗീകരിക്കണമെന്ന് നിര്‍ബന്ധമാക്കിയിട്ടുണ്ട്. തൊഴിലുടമക്കും തൊഴിലാളിക്കും ഇടയില്‍ ഉണ്ടാകാവുന്ന പ്രശ്‌നങ്ങള്‍ ഒരു പരിധിവരെ ഇല്ലാതാക്കാനും പുതിയ നിയമവും മന്ത്രാലയത്തിന്റെ കീഴില്‍ നടപ്പാക്കുന്ന ബോധവത്കരണവും ഇടയാക്കുമെന്നാണ് പ്രതീക്ഷയെന്ന് ഗോബാഷ് പറഞ്ഞു.
തൊഴിലാളികള്‍ക്കിടയില്‍ ശരിയായ രീതിയില്‍ കാര്യങ്ങള്‍ ബോധ്യപ്പെടാന്‍ കാമ്പയിന്‍ ഉപകരിക്കും. തൊഴിലാളികളുടെ സംരക്ഷണം എല്ലാ അര്‍ഥത്തിലും ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് രാജ്യം പ്രവര്‍ത്തിക്കുന്നത്.
തൊഴില്‍ ഉടമയുടെ അവകാശങ്ങള്‍കൂടി ഉറപ്പാക്കുന്ന രീതിയിലാണ് യു എ ഇ തൊഴിലാളികളുടെ അവകാശങ്ങള്‍ പരിപൂര്‍ണമായി സംരക്ഷിക്കുന്നത്. എമിറേറ്റ്‌സ് എയര്‍വെയ്‌സ് ചെയര്‍മാന്‍ ശൈഖ് അഹ്മദ് ബിന്‍ സഈദ് അല്‍ മക്തൂം മികച്ച പിന്തുണയാണ് ബോധവത്കരണത്തിന് നല്‍കിവരുന്നതെന്നും മന്ത്രി പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here