Connect with us

National

ജാട്ട് പ്രക്ഷോഭം പടരുന്നു; കണ്ടാലുടന്‍ വെടിവെക്കാന്‍ ഉത്തരവ്

Published

|

Last Updated

ഛണ്ഡീഗഢ്/ ന്യൂഡല്‍ഹി: സംവരണം ആവശ്യപ്പെട്ട് ഹരിയാനയിലെ ജാട്ട് വിഭാഗം നടത്തുന്ന പ്രക്ഷോഭം തുടരുന്നു. ഡല്‍ഹി ഉള്‍പ്പെടെ വിവിധ ഭാഗങ്ങളിലേക്ക് സംഘര്‍ഷം വ്യാപിച്ചു. റോത്തക്, ഝജ്ജര്‍ ജില്ലകളില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ വെടിവെപ്പില്‍ നാല് പേര്‍ കൂടി മരിച്ചു. ഇതോടെ പ്രക്ഷോഭത്തിനിടെ മരിച്ചവരുടെ എണ്ണം അഞ്ചായി. നിരവധി പേര്‍ക്ക് പരുക്കേറ്റു.
ജാട്ട്, ജാട്ട് ഇതര വിഭാഗങ്ങള്‍ തമ്മിലും പലയിടങ്ങളിലും ഏറ്റുമുട്ടലുണ്ടായി. സംഘര്‍ഷബാധിത മേഖലകളില്‍ സൈന്യം ഫഌഗ് മാര്‍ച്ച് നടത്തി. അക്രമികളെ കണ്ടാലുടന്‍ വെടിവെക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. പത്ത് കമ്പനി അര്‍ധസൈനിക വിഭാഗത്തെ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായി വിന്യസിച്ചു. കൂടുതല്‍ സൈനികരെ ഉടന്‍ വിന്യസിക്കും. റോഡ്, റെയില്‍ ഗതാഗതം തടസ്സപ്പെടുത്തിയതോടെ ജനജീവിതം സ്തംഭിച്ചു. അക്രമ സംഭവങ്ങളെ തുടര്‍ന്ന് റെയില്‍വേക്ക് ഇരുനൂറ് കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക കണക്കുകള്‍ വ്യക്തമാക്കുന്നത് ഝജ്ജര്‍, ബുദ്ധ ഖേഡ്, ജുലാന, പില്ലു ഖേഡ എന്നിവിടങ്ങില്‍ ആക്രമണം നടത്തിയ പ്രക്ഷോഭകര്‍ സ്റ്റേഷനുകള്‍ക്ക് തീയിട്ടു. പില്ലു ഖേഡയിലെ രണ്ട് ട്രാക്കിംഗ് മെഷീനുകള്‍ പ്രക്ഷോഭകര്‍ നശിപ്പിച്ചു. എണ്ണൂറിലധികം ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്.
റോത്തക്, ജീംദ്, ഭിവാനി തുടങ്ങിയ ജില്ലകളില്‍ അവശ്യവസ്തുക്കളുടെ ലഭ്യത കുറഞ്ഞു. പ്രക്ഷോഭം ശക്തമായതിനെ തുടര്‍ന്ന് ഹരിയാനയില്‍ അഞ്ചിടത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ഡല്‍ഹിയോട് അടുത്തുകിടക്കുന്ന സോനിപത്ത്, ഗൊഹാന, റോത്തക്ക്, ഭിവാനി, ഝജ്ജര്‍ എന്നീ നഗരങ്ങളിലാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. പെട്രോള്‍ പമ്പുകളും സ്‌കൂളുകളും ഹരിയാന ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ബസുകളും അക്രമികള്‍ അഗ്നിക്കിരയാക്കി. അക്രമം അഴിച്ചുവിട്ടതിന് അഞ്ച് പേരെ ഇതുവരെ അറസ്റ്റ് ചെയ്തു.
സമരം തലസ്ഥാനത്തേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഡല്‍ഹി സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റിയില്‍ ജാട്ട് സമുദായ വിദ്യാര്‍ഥികള്‍ സമര പരിപാടികള്‍ സംഘടിപ്പിച്ചു. ഒ ബി സി വിഭാഗത്തില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ജോലിക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം ഏര്‍പ്പെടുത്തണമെന്നാണ് ജാട്ട് വിഭാഗത്തിന്റെ ആവശ്യം.