Connect with us

National

കന്‍ഹയ്യ കുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്ത ആഴ്ച്ചയിലേക്ക് മാറ്റി

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് കന്‍ഹയ്യ കുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി അടുത്ത ആഴ്ച്ചയിലേക്ക് മാറ്റിവെച്ചു. ജാമ്യാപേക്ഷ സംബന്ധിച്ച രേഖകള്‍ പൂര്‍ത്തിയാക്കാത്തതാണ് കാരണമെന്ന് കാരണമെന്ന് ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ പറഞ്ഞു. രേഖകള്‍ പൂര്‍ത്തിയാക്കാന്‍ കോടതി കന്‍ഹയ്യയുടെ വക്കീലിനോട് നിര്‍ദേശിച്ചു.

നേരത്തെ കന്‍ഹയ്യ ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി വാദം കേള്‍ക്കാന്‍ വിസമ്മതിക്കുകയായിരുന്നു. ജാമ്യാപേക്ഷ സുപ്രീംകോടതി പരിഗണിക്കുന്നത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നും കന്‍ഹയ്യക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി പറഞ്ഞു. ജാമ്യാപേക്ഷ ആദ്യം സമര്‍പ്പിക്കേണ്ടത് വിചാരണ കോടതിയെയാണ്. കീഴ്‌ക്കോടതികളില്‍ ജാമ്യ ഹര്‍ജി സമര്‍പ്പിക്കാത്തതിനാല്‍ പരിഗണിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. എല്ലാ കോടതിയിലും സുരക്ഷാപ്രശ്‌നം ഉണ്ടെന്ന ഹരജിയിലെ വാദം അംഗീകരിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

അതേ സമയം കന്‍ഹയ്യക്ക് ജാമ്യം നല്‍കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. ജാമ്യം നല്‍കിയാല്‍ അത് രാജ്യത്തിന് തെറ്റായ സന്ദേശം നല്‍കുന്നതാകും. ജാമ്യം നല്‍കുന്നതും കോടതിയിലെ അക്രമവും തമ്മില്‍ ബന്ധമില്ലെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍ ബോധിപ്പിച്ചു.

രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് അറസ്റ്റിലായി പതിനാലു ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യപ്പെട്ട കന്‍ഹയ്യ കുമാര്‍ പട്യാല ഹൗസ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കാതെ നേരിട്ട് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ സുപ്രീംകോടതിയെ നേരിട്ടു സമീപിക്കാന്‍ കഴിയുന്ന ഭരണഘടനാ വകുപ്പ് പ്രകാരമാണ് കന്‍ഹയ്യ കുമാര്‍ ഹര്‍ജി നല്‍കിയത്.