സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് ഒരു ലക്ഷം റിയാല്‍ കവര്‍ന്നു

Posted on: February 18, 2016 7:43 pm | Last updated: February 18, 2016 at 7:43 pm
SHARE

ദോഹ: മതാര്‍ ഖദീം പഴയ എയര്‍പോര്‍ട്ട് പ്രദേശത്തു പ്രവര്‍ത്തിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റില്‍ ഒരു ലക്ഷം റിയാലിന്റെ കവര്‍ച്ച. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് കവര്‍ച്ച നടന്നതെന്ന് ജീവനക്കാരെ ഉദ്ധരിച്ച് ദോഹന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ഗ്രോസറി സ്റ്റോറിന്റെ വിന്‍ഡോ പൊളിച്ചാണ് കവര്‍ച്ച നടത്തിയവര്‍ അകത്തു നടന്നത്. മൂര്‍ച്ചയുള്ള ആയുധമുപയോഗാച്ചാണ് ജനല്‍ പൊളിച്ചത്. രണ്ടു പേരാണ് കവര്‍ച്ചയില്‍ പങ്കെടുത്തതെന്ന് ഗള്‍ഫ് ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ഷോപ്പില്‍ സൂക്ഷിച്ചിരുന്ന ഷെല്‍ഫില്‍ സൂക്ഷിച്ചിരുന്ന ഒരു ലക്ഷം റിയാലാണ് കവര്‍ന്നത്. ഷോപ്പില്‍ നിന്നും മറ്റൊന്നും കൊണ്ടുപോയിട്ടില്ല. രാവിലെ ഷോപ്പ് തുറക്കാനായി ജീവനക്കാര്‍ എത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിയുന്നത്. കടയുടമകള്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ച് അന്വേഷണം തുടങ്ങി.
ഷോപ്പില്‍ സ്ഥാപിച്ച സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളെ പികൂടാനുള്ള ശ്രമം നടന്നുവരുന്നു. ഷോപ്പിന്റെ അകത്തു കടന്ന കവര്‍ച്ചക്കാരന്റെ ദൃശ്യങ്ങള്‍ സി സി ടി വിയില്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തെത്തുടര്‍ന്ന് ചൊവ്വാഴ്ച പകല്‍ ഷോപ്പ് അടച്ചിട്ടു. എന്നാല്‍ ഇന്നലെ രാവിലെ ഷോപ്പ് തുറന്നു പ്രവര്‍ത്തനമാരംഭിച്ചു.
രാജ്യത്ത് കവര്‍ച്ചയും പിടിച്ചു പറിയും താരതമ്യേന കുറവാണ്. രാജ്യത്ത് പൊതുവേ കുറ്റകൃത്യങ്ങള്‍ കുറഞ്ഞു വരുന്നതായി കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. തൊട്ടു മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2015ല്‍ 3.5 ശതമാനം കുറ്റകൃത്യ നിരക്ക് കുറഞ്ഞിരുന്നു.
ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്ത് സൈബര്‍ കുറ്റകൃത്യങ്ങളാണ് വര്‍ധിച്ചു വരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here