ചെറുശ്ശേരി സൈനുദ്ദീൻ മുസ്‌ലിയാര്‍ അന്തരിച്ചു

Posted on: February 18, 2016 5:00 pm | Last updated: February 19, 2016 at 12:14 am

IMG_5822കൊണ്ടോട്ടി: ചേളാരി വിഭാഗം സമസ്ത ജനറല്‍ സെക്രട്ടറിയും ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് അക്കാദമി പ്രിന്‍സിപ്പലുമായ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ (74) അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് ഒരു മാസമായി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ പുലര്‍ച്ചെ 6.20 നായിരുന്നു അന്ത്യം.
കൊണ്ടോട്ടി ചെറുശ്ശേരി മുഹമ്മദ് മുസ്‌ലിയാരുടെയും മൊറയൂര്‍ ബങ്കളാത്ത് പാത്തുമ്മുണ്ണിയുടെയും നാല് മക്കളില്‍ എക മകനായി ജനിച്ച സൈനുദ്ദീന്‍ മുസ്‌ലിയാര്‍ സ്‌കൂളില്‍ പ്രാഥമിക പഠനത്തിനു ശേഷം പിതാവിന്റെ ദര്‍സില്‍ മതപഠനം തുടര്‍ന്നു. ശേഷം മഞ്ചേരി, ചാലിയം എന്നിവിടങ്ങളിലെ ദര്‍സിലും പഠിച്ചു. ഒ കെ സൈനുദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ ഗുരുക്കന്മാരില്‍ പ്രധാനിയാണ്. 25ാമത്തെ വയസ്സില്‍ കോടങ്ങാട് പള്ളിയില്‍ മുദര്‍രിസായി മതാധ്യാപനം ആരംഭിച്ചു. ഇരുപത് വര്‍ഷത്തോളം ഇവിടെ മുദര്‍രിസായിരുന്നു. തുടര്‍ന്ന് ചെമ്മാട് ദര്‍സില്‍ മുദര്‍രിസായി. ദാറുല്‍ ഹുദ ഇസ്‌ലാമിക് അക്കാദമി സ്ഥാപിതമായതു മുതല്‍ അതിന്റെ പ്രിന്‍സിപ്പലാണ്. ഇസ്‌ലാമിക വിദ്യാഭ്യാസ ബോര്‍ഡ് വൈസ് പ്രസിഡന്റ്, മഹല്ല് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
ഭാര്യമാര്‍: മമ്മീര്യം, ഖദീജ. മക്കള്‍: മുഹമ്മദ് റഫീഖ് (ഗള്‍ഫ്), മുഹമ്മദ് സാദിഖ്, റൈഹാനത്ത്, ഫാത്വിമ. മരുമക്കള്‍: ഇസ്മാഈല്‍ ഫൈസി, സൈനുല്‍ ആബിദീന്‍, കുഞ്ഞോള്‍, സാനി.
കൊണ്ടോട്ടിയിലെ വീട്ടിലെത്തിച്ച മയ്യിത്ത് ഖാസിയാരകം പള്ളിയില്‍ നിസ്‌കാരത്തിനു ശേഷം പൊതുദര്‍ശനത്തിനു വെച്ചു. രാവിലെ 11 ഓടെ ഖബറടക്കത്തിനായി ചെമ്മാട് ദാറുല്‍ ഹുദയിലേക്ക് കൊണ്ടുപോയി. ദാറുല്‍ ഹുദ കോംപ്ലക്‌സില്‍ ഖബറടക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ദാറുല്‍ഹുദയില്‍ പൊതുദര്‍ശനത്തിന് ശേഷം അഞ്ചോടെ ഖബറടക്കം നടന്നു. വിവിധ മത, രാഷ്ട്രീയ, സാംസ്‌കാരിക പ്രതിനിധികള്‍ വസതി സന്ദര്‍ശിച്ചു.