വ്യാപാരി ഹര്‍ത്താല്‍ പൂര്‍ണ്ണം

Posted on: February 17, 2016 4:58 am | Last updated: February 16, 2016 at 9:00 pm

കാസര്‍കോട്: സര്‍ക്കാറിന്റെ വ്യാപാരി വിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ വ്യാപാരി ഹര്‍ത്താല്‍ കാസര്‍കോട് ജില്ലയിലും പൂര്‍ണം.
ജില്ലയിലെ നഗരങ്ങളില്‍ ഒറ്റപ്പെട്ട കടകളും ഹോട്ടലുകളും മാത്രമാണ് തുറന്നത്. ബാക്കിയെല്ലാം അടച്ചിരുന്നു. തീരദേശങ്ങളിലും ഗ്രാമങ്ങളിലും ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു.
അതേസമയം വ്യാപാരി ഹര്‍ത്താല്‍ തെരുവോര കച്ചവടക്കാര്‍ക്ക് അനുഗ്രഹമായി. കാസര്‍കോട് നഗരത്തില്‍ ഇന്നലെ തെരുവോര കച്ചവടകേന്ദ്രങ്ങളില്‍ അക്ഷരാര്‍ഥത്തില്‍ ആഘോഷമായിരുന്നു.
മിക്ക സാധനങ്ങളും തെരുവോരങ്ങളില്‍ നിരത്തിവെച്ചായിരുന്നു കച്ചവടം. ചെരിപ്പുകള്‍, തുണിത്തരങ്ങള്‍, ഗൃഹോപരങ്ങള്‍, പച്ചക്കറികള്‍ തുടങ്ങി മിക്കസാധനങ്ങളും തെരുവോര കച്ചവട കേന്ദ്രത്തില്‍നിന്നും ലഭിച്ചിരുന്നു. ചില വ്യാപാരികള്‍ ആളെവെച്ച് റോഡില്‍ കച്ചവടംനടത്തിയെന്ന ആരോപണവും ഇതിനിടയില്‍ ഉയര്‍ന്നുവന്നു.