രാജ്യത്തോട് കൂറുപുലര്‍ത്തി പ്രവര്‍ത്തിക്കുക: പുതിയ മന്ത്രിമാര്‍ക്ക് ശൈഖ് ഖലീഫയുടെ നിര്‍ദേശം

Posted on: February 16, 2016 2:54 pm | Last updated: February 16, 2016 at 2:54 pm

GHALEEFAഅബുദാബി: രാജ്യത്തോട് കൂറുപുലര്‍ത്തി പ്രവര്‍ത്തിക്കണമെന്ന് പുതിയ മന്ത്രിമാര്‍ക്ക് യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹയാന്‍ നിര്‍ദേശം നല്‍കി. യു എ ഇയുടെ 12ാമത് ക്യാബിനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മന്ത്രിമാരോടാണ് കൂറും പ്രവര്‍ത്തനത്തില്‍ ജാഗ്രതയും പുലര്‍ത്താന്‍ ശൈഖ് ഖലീഫ ഉപദേശിച്ചിരിക്കുന്നത്.
രാജ്യത്തിന്റെ സുസ്ഥിര വികസനം ഉറപ്പാക്കിയുള്ള പ്രവര്‍ത്തനമാണ് മന്ത്രിമാര്‍ കാഴ്ചവെക്കേണ്ടത്. ജനങ്ങളുടെ അഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കുന്നതായിരിക്കണം ഓരോ മന്ത്രിയുടെയും പ്രവര്‍ത്തനം. രാജ്യാന്തര തലത്തില്‍ യു എ ഇ അലങ്കരിക്കുന്ന മഹത്തായ സ്ഥാനത്തിന് കൂറെക്കൂടി തിളക്കമുണ്ടാക്കാനാവണം. രാജ്യത്തിന്റെ മഹത്തായ നേട്ടങ്ങള്‍ക്കായി അഹോരാത്രം പ്രവര്‍ത്തിക്കുന്ന സഹോദരനും യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ ഭരണ നൈപുണ്യത്തില്‍ തനിക്ക് വിശ്വാസമുണ്ടെന്നും ശൈഖ് ഖലീഫ വ്യക്തമാക്കി. ഫെഡറല്‍ സര്‍ക്കാരിന്റെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനായി സ്തുത്യര്‍ഹമായ പ്രവര്‍ത്തനമാണ് ശൈഖ് മുഹമ്മദ് നടത്തുന്നത്. ശൈഖ് മുഹമ്മദിന്റെ നേതൃത്വത്തിലുള്ള ക്യാബിനറ്റിന് എല്ലാ സൗഭാഗ്യങ്ങളും നേരുകയാണ്. വികസനത്തിന്റെ പാതയിലെ കുതിപ്പില്‍ നമ്മളും ജനങ്ങളും രാജ്യവും കൂടുതല്‍ സംഭാവനകള്‍ ശൈഖ് മുഹമ്മദില്‍ നിന്നും സംഘത്തില്‍ നിന്നും പ്രതീക്ഷിക്കുന്നു. രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാനും സഹോദരന്മാരും ഒഴുക്കിയ വിയര്‍പ്പിന്റെയും ദീര്‍ഘവീക്ഷണമുള്ള പ്രവര്‍ത്തനത്തിന്റെയും ആകെത്തുകയാണ് യു എ ഇ എന്ന ഈ രാജ്യമെന്നും ശൈഖ് ഖലീഫ ഓര്‍മിപ്പിച്ചു.
ശൈഖ് മുഹമ്മദ് കഴിഞ്ഞ ആഴ്ചയായിരുന്നു പുതിയ ക്യാബിനറ്റ് മന്ത്രിമാരെ പ്രഖ്യാപിച്ചത്. ഞായറാഴ്ച മുശ്‌രിഫ് പാലസിലായിരുന്നു 12ാമത് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. മന്ത്രിസഭാ മാറ്റത്തിന് ശൈഖ് ഖലീഫ നേരത്തെ അംഗീകാരം നല്‍കിയിരുന്നു.
അബുദാബി കിരീടാവകാശിയും യു എ ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഉള്‍പെടെയുള്ളവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തിരുന്നു.