ദളിത് ന്യായാധിപനെ ചുമതലയില്‍ നിന്ന് നീക്കാന്‍ ഉത്തരവ്

Posted on: February 16, 2016 9:33 am | Last updated: February 16, 2016 at 9:33 am
SHARE

justice karnanന്യൂഡല്‍ഹി: ദളിത് വിഭാഗത്തില്‍പ്പെട്ട ജസ്റ്റിസ് സി എസ് കര്‍ണനെ നീതിന്യായ ചുമതലകളില്‍ നിന്ന് പൂര്‍ണമായും നീക്കണമെന്ന് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സുപ്രീം കോടതി നിര്‍ദേശം നല്‍കി. ജസ്റ്റിസ് കര്‍ണനെ നീതിന്യായ ചുമതലകളില്‍ നിന്ന് വിലക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതി രജിസ്ട്രാര്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് സുപ്രീം കോടതി നിര്‍ദേശം. സി എസ് കര്‍ണനെ കല്‍ക്കട്ട ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയിരുന്നു. തന്റെ സ്ഥലംമാറ്റ ഉത്തരവിനെതിരെ സ്വമേധയാ ഉത്തരവിറക്കാന്‍ ജസ്റ്റിസ് കര്‍ണന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് കാണിച്ചാണ് രജിസ്ട്രാര്‍ സുപ്രീം കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്.

ജസ്റ്റിസ് കര്‍ണന് ഒരു നീതിന്യായ ചുമതലയും നല്‍കാതിരിക്കാനുള്ള അധികാരം മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിനിയോഗിക്കുന്നത് തികച്ചും നീതിപരവും അനുയോജ്യവുമാണെന്ന് ജസ്റ്റിസുമാരായ ജെ എസ് കെഹാറും ആര്‍ ഭാനുമതിയും അംഗങ്ങളായ സുപ്രീം കോടതി ബഞ്ച് വ്യക്തമാക്കി. ഈ ഉത്തരവിന്റെ പകര്‍പ്പ് ജസ്റ്റിസ് കര്‍ണന് നല്‍കണമെന്നും അദ്ദേഹത്തിന് ആക്ഷേപമുണ്ടെങ്കില്‍ സുപ്രീം കോടതിയെ സ്വന്തം ചെലവില്‍ സമീപിക്കാമെന്നും ബഞ്ച് വ്യക്തമാക്കി.
അതിനിടെ, തന്നെ സ്ഥലം മാറ്റിയ നടപടി ചോദ്യം ചെയ്ത് ജസ്റ്റിസ് കര്‍ണന്‍ സ്വമേധയാ ഉത്തരവിറക്കി. തന്റെ പ്രവര്‍ത്തന മേഖലയില്‍ ഇടപെടാന്‍ സുപ്രീം കോടതിക്ക് അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യക്കാരനായി ജനിച്ചതില്‍ ലജ്ജിക്കുന്നു. ഒരു ദളിതാനായത് കൊണ്ടാണ് തന്നോട് ശത്രുതാപരമായി പെരുമാറുന്നത്. ജാതിവ്യവസ്ഥയില്ലാത്ത മറ്റെവിടെയെങ്കിലും പോയി ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷം മെയിലാണ് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗളും ജസ്റ്റിസ് കര്‍ണനും തമ്മിലുള്ള വടംവലി തുടങ്ങുന്നത്. കീഴ്‌ക്കോടതിയിലെ സിവില്‍ ജഡ്ജിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള സമിതി രൂപവത്കരിക്കാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് അധികാരമില്ലെന്ന് കാണിച്ച് ജസ്റ്റിസ് കര്‍ണന്‍ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. താന്‍ താഴ്ന്ന ജാതിയില്‍ പെട്ടയാളായതിനാല്‍ കടുത്ത വിവേചനം അനുഭവിക്കുകയാണെന്നും തന്റെ അഭിപ്രായങ്ങള്‍ ചീഫ് ജസ്റ്റിസ് മുഖവിലക്കെടുക്കുന്നില്ലെന്നും ചൂണ്ടിക്കാണിച്ചായിരുന്നു ജസ്റ്റിസ് കര്‍ണന്റെ വിധി. 162 സിവില്‍ ജഡ്ജിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള സമിതിയില്‍ ജസ്റ്റിസ് വി ധനപാലനെ നിയമിച്ചത് നിയമവിരുദ്ധമാണെന്ന് വിധിയില്‍ പറഞ്ഞിരുന്നു. ഇത് മെയ് 11ന് സുപ്രീം കോടതി ബഞ്ച് റദ്ദാക്കുകയായിരുന്നു.

ഒരു ദളിത് ന്യായാധിപന്‍ എന്ന നിലക്ക് താന്‍ അനുഭവിക്കുന്ന വിവേചനത്തെ കുറിച്ച് അന്വേഷിക്കാന്‍ ദേശീയ പട്ടിക ജാതി, വര്‍ഗ കമ്മീഷന് ജസ്റ്റിസ് കര്‍ണന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് നടന്ന നിയമ പോരാട്ടത്തിനൊടുവിലാണ് ജസ്റ്റിസ് കര്‍ണനെ കല്‍ക്കട്ട ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റാന്‍ സുപ്രീം കോടതി കൊളീജിയം തീരുമാനിച്ചത്. ഈ തീരുമാനത്തിനെതിരെ സ്വമേധയാ ഉത്തരവ് പുറപ്പെടുവിച്ച് തര്‍ക്കത്തിന് പുതിയ മാനം നല്‍കിയിരിക്കുകയാണ് ജസ്റ്റിസ് കര്‍ണന്‍.

LEAVE A REPLY

Please enter your comment!
Please enter your name here