ദുബൈയിലും ഹോവര്‍ ബോര്‍ഡുകള്‍ നിരോധിച്ചു

Posted on: February 15, 2016 3:10 pm | Last updated: February 15, 2016 at 3:10 pm
SHARE

HOWERBOARDദുബൈ: പൊതുസ്ഥലങ്ങളില്‍ ഹോവര്‍ ബോര്‍ഡുകള്‍ ഉപയോഗിക്കുന്നത് ദുബൈ നിരോധിച്ചു. ഓസ്‌ട്രേലിയ, നെതര്‍ലാന്റ്‌സ്, യു കെ തുടങ്ങിയ രാജ്യങ്ങളും ന്യൂയോര്‍ക്ക്, ഹോങ്കോങ്, ന്യൂ സൗത്ത് വെയില്‍സ് തുടങ്ങിയ നഗരങ്ങളും ബാലന്‍സ് വീലുകളായ ഹോവര്‍ ബോര്‍ഡുകള്‍ പൊതുയിടങ്ങളില്‍ നേരത്തെ നിരോധിച്ചിരുന്നു. ഇന്നലെയാണ് ദുബൈ നഗരസഭ സ്വയം നിയന്ത്രിക്കാവുന്ന ഹോവര്‍ ബോര്‍ഡുകള്‍ക്ക് നിരോധനം ഏര്‍പെടുത്തയതായി സ്ഥിരീകരിച്ചത്. നിയമം ലംഘിക്കുന്നവരുടെ ഹോവര്‍ ബോര്‍ഡുകള്‍ കണ്ടുകെട്ടുമെന്നും നഗരസഭ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജനങ്ങള്‍ തടിച്ചുകൂടുന്ന പൊതുസ്ഥലങ്ങള്‍, നടപ്പാതകള്‍, റോഡുകള്‍ മറ്റ് പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളിലാണ് ഹോവര്‍ ബോര്‍ഡുകള്‍ക്ക് നിരോധനം ഏര്‍പെടുത്തിയിരിക്കുന്നതെന്ന് നഗരസഭയുടെ പൊതുജനാരോഗ്യ-സുരക്ഷാ വിഭാഗം ഡെപ്യൂട്ടി തലവന്‍ സുല്‍ത്താന്‍ അല്‍ സുവൈദി വ്യക്തമാക്കി.
പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഹോവര്‍ ബോര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ സ്വന്തം സുരക്ഷ ഉറപ്പാക്കാന്‍ ഹെല്‍മറ്റ്, ഗ്ലൗസ്, എല്‍ബോകള്‍, നീ പാഡുകള്‍ എന്നിവ ധരിക്കണം. കുട്ടികള്‍ മുതിര്‍ന്നവരുടെ മേല്‍നോട്ടത്തില്‍ മാത്രമേ ഹോവര്‍ ബോര്‍ഡുകള്‍ ഉപയോഗിക്കാവൂ. മണിക്കൂറില്‍ പരമാവധി 15 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന ഹോവര്‍ ബോര്‍ഡുകള്‍ ലിത്തിയം ബാറ്ററികളിലാണ് പ്രവര്‍ത്തിക്കുന്നത്. രണ്ടു മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ നാലു മണിക്കൂര്‍ വരെ ഇവ തുടര്‍ച്ചയായി ഉപയോഗിക്കാന്‍ സാധിക്കും. ഹോവര്‍ വീലുകള്‍ക്ക് തീപിടിക്കുന്നതും നിരോധനത്തെ സ്വാധീനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നഗരസഭ അനുവദിച്ചിരിക്കുന്ന ഉദ്യാനങ്ങളിലെ സൈക്കിള്‍ പാതകളില്‍ ഇവക്ക് നിരോധനമുണ്ടാവില്ല. ഷോപ്പിംഗ് മാളുകളില്‍ ഹോവര്‍ ബോര്‍ഡുകള്‍ നിരോധിച്ചതായി ദുബൈ സാമ്പത്തിക വികസന വകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here