ആദ്യ അംഗീകാരം ദേശിംഗനാട്ടില്‍ നിന്ന്

Posted on: February 14, 2016 12:18 am | Last updated: February 14, 2016 at 1:21 am
SHARE

Poetry Awards (1)കൊല്ലം: കരിമണലിന്റെ കരുത്തുള്ള കാവ്യശീലുകള്‍ മലയാളിക്ക് സമ്മാനിച്ച ഒ എന്‍ വിക്ക് എന്നും ഗൃഹാതുരത്വ സ്മരണകള്‍ നല്‍കിയ നാടാണ് കൊല്ലം. കടലില്‍ നിന്ന് മുത്തുകള്‍ വിളയുന്നതുപോലെ മാനവികതയില്‍ നിന്ന് കവിത വിളയുന്നുവെന്ന് മലയാളിയെ പഠിപ്പിച്ച കവി വാക്യങ്ങള്‍ക്ക് ആദ്യമായി അംഗീകാരം ലഭിച്ചത് ജന്മനാടായ ദേശിംഗനാട്ടില്‍ നിന്നാണ്. 1949ല്‍ കൊല്ലത്ത് നടന്ന പുരോഗമന സാഹിത്യസംഘം സമ്മേളനത്തിന്റെ ഭാഗമായുള്ള കവിതാ മത്സരത്തില്‍ ഒന്നാം സമ്മാനം ഒ എന്‍ വി യുടെ ‘അരിവാളും രാക്കുയിലും’ നേടി. അന്ന് മുതലായിരുന്നു ഒ എന്‍ വി എന്ന 17 കാരനെ മലയാള സാഹിത്യ ലോകം ശ്രദ്ധിച്ച് തുടങ്ങിയത്. ആ സംഭവത്തിന് പിന്നില്‍ പതിയിരുന്ന മറ്റൊരു ചരിത്രം പിന്നീടൊരിക്കല്‍ കവി തന്നെ പറഞ്ഞിട്ടുണ്ട്. ചങ്ങമ്പുഴയുടെ പേരിലുള്ള സ്വര്‍ണമെഡല്‍ ആയിരുന്നു അന്ന് സമ്മാനമായി പ്രഖ്യാപിച്ചിരുന്നത്. അവാര്‍ഡ് വാങ്ങാന്‍ ചവറയില്‍ നിന്ന് ഒരു ബന്ധുവിനേയും കൂട്ടി കൊല്ലത്തുവന്നു. അന്നത്തെ ബേബി ടാക്കീസിലാണ് സമ്മേളനം. ഒ എന്‍ വി യുടെ ഭാഷയില്‍ പൂരത്തിന് ആനകള്‍ നില്‍കുന്നത് പോലെ പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയും എം പി പോളും പൊന്‍കുന്നം വര്‍ക്കിയും ഒക്കെ നില്‍ക്കുന്നു. കെ എ അബ്ബാസാണ് അവാര്‍ഡ് സമ്മാനിക്കേണ്ടത്. അദ്ദേഹത്തെ പരിചയപ്പെട്ടു. തുടര്‍ന്ന് അവാര്‍ഡ് വിതരണത്തിന്റെ സമയം ആയപ്പോള്‍ പൊന്‍കുന്നം വര്‍ക്കി അടുത്തു വിളിച്ചു പറഞ്ഞു.
‘കുട്ടാ ഇവിടെ മെഡല്‍ ഒന്നുമില്ല. അബ്ബാസിനെ ബോംബെയില്‍ എത്തിക്കാനുള്ള വണ്ടിക്കൂലി പോലും ഇല്ല …’ അങ്ങനെ സംഘാടകര്‍ നല്‍കിയ ഒഴിഞ്ഞ കവര്‍ ആദ്യ സമ്മാനമായി സ്വീകരിച്ച സന്തോഷത്തോടെ ഒ എന്‍ വി പറഞ്ഞു, ‘ഒന്നും വേണ്ട ഈ അംഗീകാരം മാത്രം മതി’.
പിന്നീട് ആറു പതിറ്റാണ്ടുകള്‍ ദൈര്‍ഘ്യമുള്ള സാഹിത്യ ജീവിതത്തില്‍ ഇന്ത്യന്‍ സാഹിത്യത്തിലെ നൊബേല്‍ സമ്മാനം എന്ന് വിശേഷിപ്പിക്കാവുന്ന ജ്ഞാനപീഠം ഉള്‍പ്പടെയുള്ള ഒട്ടനവധി പുരസ്‌കാരം ആ കരങ്ങളെ തേടിയെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here