‘പൊന്നരിവാളമ്പിളിയില്‍…’

Posted on: February 14, 2016 12:12 am | Last updated: February 15, 2016 at 2:07 pm
SHARE

onv.തിരുവനന്തപുരം: പ്രണയം, വിരഹം, പ്രതിഷേധം, ആഘോഷം…വിഷയം എന്തുമാകട്ടെ സന്ദര്‍ഭവും സാഹചര്യവും വായിച്ചെടുക്കാവുന്നതായിരുന്നു ഒ എന്‍ വിയുടെ വരികള്‍. ചിലവരികള്‍ ആര്‍ദ്രമായി ഒഴുകുകയായിരുന്നെങ്കില്‍ മറ്റുചില വരികള്‍ അഗ്നിയാളുന്നതായിരുന്നു. ഒറ്റപ്ലാവില്‍ നീലകണ്ഠന്‍ വേലുക്കുറുപ്പെന്ന ഒ എന്‍ വി കുറുപ്പിന്റെ നിര്യാണത്തോടെ ഒരു യുഗം മാഞ്ഞ് പോകുകയാണ്. കവിയെന്ന നിലയില്‍ അദ്ദേഹം മലയാളിയെ കൊതിപ്പിക്കുകയും ഭ്രമിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ കവിതകളോ, ചലച്ചിത്ര ഗാനങ്ങളോ, നാടക ഗാനങ്ങളോ ഒരിക്കലെങ്കിലും മൂളാത്ത മലയാളിയുണ്ടാകില്ല. മലയാളിയുടെ മനസ്സുമായി അത്രമേല്‍ ചേര്‍ന്ന് നിന്നു.
ഇടതുപക്ഷമായിരുന്നു ഒ എന്‍ വിയുടെ ഇടം. ചില സിനിമാപാട്ടുകളും നാടക ഗാനങ്ങളും ഇടതുപക്ഷം ചേര്‍ന്ന് അദ്ദേഹം രചിച്ചു. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായകമായ കെ പി എ സി നാടകങ്ങള്‍ക്കൊപ്പം നിന്ന് ഒ എന്‍ വി ഗാനങ്ങള്‍ രചിച്ചു. പ്രണയം ഇത്രഭംഗിയായി കവിതയില്‍ അവതരിപ്പിച്ച അപൂര്‍വം കവികളില്‍ ഒരാളായിരുന്നു. സിനിമാ ഗാനങ്ങളിലാണ് അതു കൂടുതലും. വയലാറിനു ശേഷം സിനിമാ ഗാനങ്ങളെ സാഹിത്യവുമായി ചേര്‍ത്തു വെച്ചതില്‍ ഒ എന്‍ വിയുടെ പങ്ക് നിര്‍ണായകം. ഒരു വരിയിലും അനാവശ്യമായ ഒരു പദം പോലും കടന്നു വന്നില്ല. ഓരോ വാക്കും ആസ്വാദകന്റെ ഹൃദയത്തോട് ചേര്‍ന്ന് നിന്നു.
സദാ ആസ്വാദകന്റെ ചുണ്ടില്‍ മൂളിപോകുന്നതാണ് പലവരികളും. 1965ലെഴുതിയ ‘മാണിക്യവീണയുമായെന്‍ മനസ്സിന്റെ താമരപ്പൂവിലുണര്‍ന്നവളെ’ വരികള്‍ പലരുടെ ചുണ്ടിലും ഇന്നും അറിയാതെ വന്ന് പോകുന്നു.
ഇരുപതു വയസ്സുള്ളപ്പോഴാണ് ഒ എന്‍ വി ഗാനരചയിതാവായി രംഗത്തു വരുന്നത്. അന്ന് കൊല്ലം എസ് എന്‍കോളജിലെ ബിരുദ വിദ്യാര്‍ഥി. നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി നാടകത്തിന് ആദ്യമായി പാട്ടെഴുതി. മധുരിക്കും ഓര്‍മകളെ, മലര്‍മഞ്ചല്‍ കൊണ്ടു വരൂ…., പൊന്നരിവാള്‍ അമ്പിളിയില്‍ കണ്ണെറിയുന്നോളെ….എന്നി പാട്ടുകള്‍ ഇടതുപക്ഷ രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തി.
1955ല്‍ ‘കാലംമാറുന്നു’ എന്ന ചിത്രത്തിന് വേണ്ടി പാട്ടെഴുതിക്കൊണ്ടാണ് സിനിമയിലെത്തുന്നത്. വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ ബാലമുരളിയെന്ന പേരിലായിരുന്നു കവിതയെഴുത്ത്. ചലച്ചിത്രഗാനരംഗത്ത് വയലാര്‍ തിളങ്ങി നിന്നപ്പോള്‍ തന്നെ ഒ എന്‍ വിയും തന്റെതായ ശൈലി രൂപപ്പെടുത്തി. പ്രതിഷേധവും ഐക്യദാര്‍ഢ്യവുമായിരുന്നു കവിതകളിലെ വരികളില്‍. മണ്ണിനോടും പുഴയോടും പൂക്കളോടും അശരണരോടും വേദനിക്കുന്നവരോടും എഴുത്തിലൂടെ പക്ഷം ചേര്‍ന്നു. മറ്റുള്ളവരുടെ വേദനയില്‍ അദ്ദേഹം കണ്ണീര്‍ പൊഴിച്ചു. ദക്ഷിണാഫ്രിക്കയിലെ ജയിലില്‍ കിടന്ന് പീഡനങ്ങളേറ്റുവാങ്ങിയ നെല്‍സണ്‍ മണ്ടേലയെ കുറിച്ചോര്‍ത്ത് വിലാപഗീതം രചിച്ചു അദ്ദേഹം. മറ്റുള്ളവര്‍ക്കായ് സ്വയം കത്തിയെരിയുന്ന സുസ്‌നേഹ മൂര്‍ത്തിയാം സൂര്യാ….
സംഗീത സംവിധായകന്‍ ദേവരാജനും ഒ എന്‍ വിയും ചേര്‍ന്ന് മലയാളത്തിനു നല്‍കിയത് സൗരഭ്യം പരത്തുന്ന ചലച്ചിത്രഗാനങ്ങളുടെ പൂക്കാലം. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജില്‍ ഇരുവരും സമകാലികരായിരുന്നു. അന്നു മുതല്‍ തന്നെ ഒ എന്‍ വിയുടെ വരികള്‍ ഈണമിട്ട് ആലപിക്കുന്ന പതിവ് ദേവരാജനുണ്ടായിരുന്നു. ‘പൊന്നരവിളാമ്പിളിയില്‍….’ എന്ന കവിതക്കും അക്കാലത്താണ് ഈണം നല്‍കിയത്. കമ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിച്ചിരുന്ന കാലമായിരുന്നു അത്. എ കെ ഗോപാലനടക്കമുള്ളവര്‍ ജയിലില്‍. അദ്ദേഹം ജയില്‍ മോചിതനായപ്പോള്‍ കൊല്ലം എസ്എന്‍ കോളജില്‍ നല്‍കിയ സ്വീകരണത്തില്‍ ‘പൊന്നരിവാളമ്പിളിയില്‍…’ ആലപിച്ചു. എല്ലാവരും ആ ഗാനം ഏറ്റെടുക്കുകയായിരുന്നു.
1952ല്‍ കെ പി എ സി നാടക സംഘം നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി അവതരിപ്പിക്കാന്‍ തീരുമാനിച്ചപ്പോള്‍ ‘പൊന്നരിവാളമ്പിളിയില്‍…’അതില്‍ ഉള്‍പ്പെടുത്തി. 22 ഗാനങ്ങള്‍ നാടകത്തില്‍ ഉണ്ടായിരുന്നെങ്കിലും എല്ലാവര്‍ക്കും ഏറെ ഇഷ്ടപ്പെട്ടത് ‘പൊന്നരിവാളമ്പിളിയില്‍…’ ആണ്. ഒ എന്‍ വി, ദേവരാജന്‍ കൂട്ടുകെട്ട് അന്നുമുതലാണ് സംഗീതാസ്വാദകര്‍ ഏറ്റെടുത്തത്. പിന്നീടിങ്ങോട്ട് ആ കൂട്ടുകെട്ടില്‍ പിറന്നത് വിസ്മയിപ്പിക്കുന്ന നിരവധി ഗാനങ്ങളാണ്‌

LEAVE A REPLY

Please enter your comment!
Please enter your name here