ചാള്‍സിനോട് തോറ്റു; കവിത മാത്രമെന്ന് ഒടുവില്‍ ശഠിച്ചു

Posted on: February 14, 2016 12:09 am | Last updated: February 14, 2016 at 1:21 am
SHARE

onv2തിരുവനന്തപുരം: രാഷ്ട്രീയത്തോട് ചേര്‍ന്ന് നിന്ന കവിയെന്ന നിലയില്‍ മാത്രമല്ല ഒ എന്‍ വിയെ അടയാളപ്പെടുത്തേണ്ടത്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും ഒരു കൈ നോക്കിയിട്ടുണ്ട് അദ്ദേഹം. 1989ലെ ലോക്‌സഭാതിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് എല്‍ ഡി എഫ് കളത്തിലിറക്കിയത് ഒ എന്‍ വിയെ. എതിരാളിയായി കോണ്‍ഗ്രസ് എ ചാള്‍സിനെ കളത്തിലിറക്കി. വിജയം തുണച്ചത് ചാള്‍സിനെ. അതോടെ, തിരഞ്ഞെടുപ്പ് രംഗത്ത് നിന്ന് ഒ എന്‍ വി കളമൊഴിഞ്ഞു.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള മണ്ഡലമായിരുന്നു അന്ന് തിരുവനന്തപുരം. 10,22,979 വോട്ടര്‍മാര്‍. നാടാര്‍ വോട്ട് നിര്‍ണായകമായിരുന്നതിനാല്‍ കെ കരുണാകരന്‍ മുന്‍കൈയെടുത്താണ് ചാള്‍സിനെ രംഗത്തിറക്കിയത്. ചാള്‍സ് മണ്ഡലത്തില്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് ബോധ്യമുണ്ടായിരുന്ന ഇടത് മുന്നണി ആരെ കളത്തിലിറക്കുമെന്ന് തലപുകഞ്ഞ് ആലോചിച്ചു. ശക്തനായ ഒരു സ്ഥാനാര്‍ഥി തന്നെ വേണമെന്ന് നേതാക്കള്‍ പരസ്പരം പറഞ്ഞതല്ലാതെ ആര് എന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചില്ല.
ഒടുവില്‍ ജാതി മത ബന്ധങ്ങള്‍ക്ക് അതീതനായ, മലയാളികള്‍ക്കിടയില്‍ സുപരിചിതനായ ഒരാള്‍ എന്ന പരിഗണനയില്‍ ഒ എന്‍ വി മത്സരിക്കട്ടെയെന്ന് തീരുമാനിച്ചു. എഴുത്തുകാര്‍, ബുദ്ധിജീവികള്‍, ശിഷ്യസമ്പത്ത് ഈ ഘടകങ്ങളെ പരമാവധി ഉപയോഗിച്ചു വോട്ടായി മാറ്റാമെന്നായിരുന്നു കണക്ക് കൂട്ടല്‍. ഇ എം എസ് അടക്കമുള്ള നേതാക്കള്‍ മുന്നണിയുടെ നിലപാട് അറിയിച്ചപ്പോള്‍ മത്സരിക്കുന്നതിനോട് തുടക്കത്തില്‍ ഒ എന്‍ വി വിയോജിച്ചു. ശക്തമായ സമ്മര്‍ദവും സ്‌നേഹപൂര്‍വമുള്ള നിര്‍ബന്ധവും വന്നതോടെ കവി മനസ്സ് മാറ്റി.
മത്സരരംഗത്ത് പുതുമുഖമായിരുന്നെങ്കിലും വോട്ടര്‍മാര്‍ക്ക് പരിചിതനായിരുന്നു ഒ എന്‍ വി. സാഹിത്യലോകം ഒരുമിച്ച് ഒ എന്‍ വിക്ക് വേണ്ടി കളത്തിലിറങ്ങി. ഒ എന്‍ വിയും സജീവമായി. ‘എന്റെ ഓരോ വിയര്‍പ്പുതുള്ളിയും എന്റെ പേനയിലെ ഓരോ തുള്ളി മഷിയും ഏതു പ്രസ്ഥാനത്തിനു വേണ്ടി ചെലവഴിച്ചുവോ അതിന്റെ സന്ദേശവാഹകനാണു ഞാന്‍’ എന്നായിരുന്നു സ്ഥാനാര്‍ഥിത്വത്തെക്കുറിച്ചുള്ള ഒ എന്‍ വിയുടെ പ്രതികരണം. ജാതിയും മതവും രാഷ്ട്രീയവും നോക്കാതെ എല്ലാവരോടും വോട്ടഭ്യര്‍ഥിച്ച് സാധാരണക്കാരുടെ ഇടയിലേക്കിറങ്ങി. സാഹിത്യകാരന്‍മാരുടെ വലിയൊരുനിരയും ശിഷ്യസമ്പത്തും തിരുവനന്തപുരത്ത് തമ്പടിച്ചു.
എതിര്‍പക്ഷവും ഇതിനനുസരിച്ച് തന്ത്രങ്ങള്‍ മെനഞ്ഞു. വഴുതക്കാട്ടെ വീടിനടത്തുള്ള കോട്ടണ്‍ഹില്‍ സ്‌കൂളിലെ ബൂത്തിലാണ് കവി തന്റെ വോട്ട് രേഖപ്പെടുത്തിയത്. വോട്ടെണ്ണി കഴിഞ്ഞപ്പോള്‍ തിരഞ്ഞെടുപ്പില്‍ 50913 വോട്ടിന് ചാള്‍സ് വിജയിച്ചു. തിരഞ്ഞെടുപ്പു പോരാട്ടത്തില്‍ മനസ്സും ശരീരവും ക്ഷീണിച്ച ഒ എന്‍വി ‘ഇനിയെന്റെ മനസ്സില്‍ കവിത മാത്രം’ എന്ന പ്രതികരണത്തില്‍ ഒതുക്കി. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പിന്നീട് വന്നില്ലെങ്കിലും ഇടതുപക്ഷ നിലപാടുകളുടെ പ്രചാരണത്തിനായി നിലകൊണ്ടു.
വര്‍ഗീയ ഫാസിസത്തോട് വരികളിലും വാക്കുകളിലും ചെറുത്ത് നിന്നു. സാമ്രാജ്യത്വ വിരോധം എന്നും ആളിക്കത്തിച്ചു.
ശിവസേനയുടെ പ്രതിഷേധത്തില്‍ മുംബൈയില്‍ പാടാന്‍ കഴിയാതിരുന്ന ഗുലാം അലി തിരുവനന്തപുരത്ത് നിശാഗന്ധിയില്‍ ഗസല്‍ അവതരിപ്പിക്കാനെത്തിയപ്പോള്‍ അനാരോഗ്യം വകവെക്കാതെ ഐക്യദാര്‍ഢ്യവുമായെത്തി. തിരുവനന്തപുരത്ത് അദ്ദേഹം പങ്കെടുത്ത അവസാനത്തെ പരിപാടിയും ഇതായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here