ജനപ്രിയം പക്ഷേ..

Posted on: February 14, 2016 4:59 am | Last updated: February 13, 2016 at 11:59 pm
SHARE

ഖജനാവ് കാലിയാണെങ്കിലും വാഗ്ദാനങ്ങളുടെ പെരുമഴയുമായി തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള ബജറ്റാണ് 2016 -17 വര്‍ഷത്തേക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വെള്ളിയാഴ്ച നിയമസഭയില്‍ അവതരിപ്പിച്ചത്. ബി പി എല്‍ കാര്‍ഡുടമകള്‍ക്ക് അരി സൗജന്യം, സാമൂഹിക പെന്‍ഷന്‍ ലഭിക്കുന്ന 30 ലക്ഷത്തോളം പേര്‍ക്ക് ഇന്‍ഷ്വറന്‍സ് തുടങ്ങി ഒട്ടേറ ആകര്‍ഷകമായ വാഗ്ദാനങ്ങള്‍ മുന്‍വെക്കുന്ന ബജറ്റ് 330.45 കോടിയുടെ നികുതി ഇളവുകളും പ്രഖ്യാപിക്കുന്നു. 84,092 കോടി രൂപ റവന്യൂ വരവും 93,990 കോടി ചെലവും 9897.45 കോടി രൂപ റവന്യൂ കമ്മിയും പ്രതീക്ഷിക്കുന്ന ബജറ്റില്‍ ഗതാഗത മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 30,000 കോടി രൂപ സമാഹരിക്കുമെന്നും 24,000 കോടി രൂപയുടെ വാര്‍ഷിക പദ്ധതികള്‍ നടപ്പാക്കുമെന്നും അവകാശപ്പെടുന്നു. 47,043 കോടിയുടെ പ്രതീക്ഷിത നികുതി വരുമാനത്തിന് പുറമേ 6,534 കോടിയുടെ കേന്ദ്ര സഹായത്തില്‍ കൂടി പ്രതീക്ഷ അര്‍പ്പിച്ചാണ് വരവ് ചെലവ് കണക്കുകള്‍ തയ്യാറാക്കിയത്.
547.36 കോടി സംസ്ഥാന വിഹിതവും 216.85 കോടി കേന്ദ്ര സഹായവുമായി കാര്‍ഷിക മേഖലക്ക് 764.71 കോടി നീക്കിവെച്ചിട്ടുണ്ട്. എന്നാല്‍ ഇതിന്റെ മുഖ്യ പ്രയോജനം റബ്ബര്‍ കര്‍ഷകര്‍ക്കാണ്. കിലോഗ്രാമിന് 150 രൂപക്ക് റബ്ബര്‍ സംഭരിക്കാനായിരിക്കും മേല്‍ തുകയില്‍ 500 കോടിയും വിനിയോഗിക്കുക. കാര്‍ഷിക മേഖലയുടെ നട്ടെല്ലായ നാളികേര സംഭരണത്തിന് നീക്കി വെച്ചത് 20 കോടി മാത്രം. കേര കൃഷി വികസനത്തിന് മൊത്തമായി നീക്കിവെച്ചത് 45 കോടിയും നെല്‍കൃഷി വികസനത്തിന് 35 കോടിയുമാണ്. ക്ഷീര വികസനത്തിന് 93.2 കോടി വകയിരുത്തിയിട്ടുണ്ട്. കാര്‍ഷിക മേഖലയില്‍ അടുത്ത കാലത്ത് പുത്തനുണര്‍വുണ്ടായതായി സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നുണ്ട്. രണ്ട് വര്‍ഷം മുമ്പ് 42,477 ഹെക്ടറിലായിരുന്നു പച്ചക്കറി കൃഷിയെങ്കില്‍ ഇപ്പോഴത് 90,533 ഹെക്ടറിലേക്ക് വ്യാപിച്ചിട്ടുണ്ട്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന വിഷപ്പച്ചക്കറികള്‍ക്കെതിരായ ബോധവത്കരണത്തിന്റെ ഗുണഫലമായിരിക്കാം ഇത്. നാളികേരം, വാഴ, ഏലം കൃഷികളിലും വര്‍ധനവുണ്ട് . ഇത് ആശാവഹമാണ്. നേരത്തെ കൃഷിയോട് വിമുഖത പ്രകടിപ്പിച്ചിരുന്നവരില്‍ കൃഷിയോടുള്ള ആഭിമുഖ്യം കൂടിവരുന്നുണ്ടെന്നാണ് ഇത് കാണിക്കുന്നത്. ഈ സാഹചര്യത്തില്‍ കാര്‍ഷിക മേഖലക്ക് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതുണ്ട്.
പ്രഖ്യാപിച്ച പദ്ധതികള്‍ക്കും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും പണം കണ്ടെത്തുന്നതെങ്ങിനെയെന്ന് ബജറ്റ് വ്യക്തമാക്കുന്നില്ല. കഴിഞ്ഞ കുറേ കാലങ്ങളായി സംസ്ഥാനത്തെ റവന്യൂവരുമാനത്തില്‍ വന്‍ ഇടിവ് അനുഭവപ്പെട്ടു കൊണ്ടിരിക്കയാണെന്ന് ബജറ്റിന്റെ മുന്നോടിയായി മുഖ്യമന്ത്രി സഭയില്‍ വെച്ച സാമ്പത്തിക സര്‍വേ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. 2013-14 ല്‍ 2.63 ശതമാനമായിരുന്ന റവന്യു കമ്മി 2014-15ല്‍ 2.78 ശതമാനമായി ഉയര്‍ന്നു. 2014-15ലെ ബജറ്റില്‍ റവന്യുകമ്മി 1.53 ശതമാനമാക്കി കുറക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ലക്ഷ്യം കൈവരിക്കാനായില്ല. അതേസമയം 3.94 ശതമാനമായിരുന്ന ധനകമ്മി 3.75 ശതമാനത്തിലേക്ക് താഴുകയും ചെയ്തു.റവന്യൂവരുമാനത്തില്‍ സ്ഥിരതയില്ലാത്തതിനാല്‍ ബജറ്റ് ലക്ഷ്യങ്ങള്‍ നേടാനാകുന്നില്ലെന്നും സര്‍വേ ചൂണ്ടിക്കാണിക്കുന്നു.സംസ്ഥാനത്തിന്റെ കടബാധ്യതയും അടിക്കടി വര്‍ധിച്ചു വരികയാണ്. 2014-15 വരെയുള്ള മൊത്തം വായ്പ 1,35,440 കോടി രൂപയാണ്. ഇതിന്റെ 66 ശതമാനവും ആഭ്യന്തര കടമാണ്. നികുതി പിരിവ് ഊര്‍ജിതമാക്കി വരുമാനം വര്‍ധിപ്പിക്കുമെന്ന പ്രഖ്യാപനം കേവല അവകാശ വാദത്തിലൊതുങ്ങുമെന്നാണ് മുന്‍വര്‍ഷങ്ങളിലെ അനുഭവ സാക്ഷ്യം,
നികുതിയിനത്തിലും മറ്റു സ്രോതസ്സുകളില്‍ നിന്നും ലഭിക്കുന്ന റവന്യൂ വരുമാനവും താങ്ങാകുന്നതിലേറെ വാങ്ങിക്കൂട്ടുന്ന കടവും സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തിനും പെന്‍ഷനുമായി വിനിയോഗിക്കുകയും പേരിന് മാത്രം ചില ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്ന പ്രവണതയാണ് കാലങ്ങളായി സംസ്ഥാനത്ത് നടക്കുന്നത്. കഴിഞ്ഞ ബജറ്റ് പ്രസംഗത്തില്‍ പുതുതായി പ്രഖ്യാപിച്ച പദ്ധതികള്‍ക്കൊന്നും തുടക്കമിടുക പോലും ചെയ്യാതെയാണ് വീണ്ടും പുതിയ കുറേ പദ്ധതികള്‍ വാഗ്ദാനം ചെയ്തത്. നടപ്പാക്കാനാകാത്ത പദ്ധതികള്‍ അടിക്കടി പ്രഖ്യാപിച്ചത് കൊണ്ടെന്ത് പ്രയോജനം? പ്രവാസികളില്‍ നിന്ന് വര്‍ഷാന്തം 40,000 കേടിയോളം രൂപ സംസ്ഥാനത്തെത്തുന്നുണ്ട്. നല്ല കാലാവസ്ഥ, ജല ലഭ്യത, വ്യവസായവത്കരണത്തിന് ആവശ്യമായ അമൂല്യങ്ങളായ ധാതുപദാര്‍ഥങ്ങള്‍ തുടങ്ങി വികസനത്തിന് അനുകൂലമായ സാഹചര്യങ്ങളും മൂലവസ്തുക്കളും ഇവിടെയുണ്ട്. ഇതെല്ലാം കണക്കിലെടുത്തും എല്ലാ വിഭാഗം ജനങ്ങളുടെ പുരോഗതി ലക്ഷ്യമാക്കിയും സംസ്ഥാനത്തെ സമ്പദ് വ്യവസ്ഥക്ക് പുതിയ ദിശാബോധം നല്‍കുന്ന ബജറ്റാണ് ആവശ്യം.
സംസ്ഥാനം ഇന്നെത്തിപ്പെട്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറുകയും ബജറ്റിലെ വാഗ്ദാനങ്ങള്‍ ചെറിയൊരു അളവിലെങ്കിലും നടപ്പാക്കുകയും ചെയ്യണമെങ്കില്‍ ഭരണ തലത്തില്‍ കര്‍ശന സാമ്പത്തിക അച്ചടക്കം പാലിക്കുകയും നികുതി പിരിവ് ഉള്‍പ്പെടെ വരുമാന സ്രോതസ്സുകള്‍ കാര്യക്ഷമമാക്കുകയും വേണം. ഭരണ, ഉദ്യോഗസ്ഥ തലത്തിലെ ധൂര്‍ത്ത് സംസ്ഥാനത്തിന്റെ ഒരു ശാപമാണ്. ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും നല്‍കുന്നതിന് മാസം തോറും കടപ്പത്രം ഇറക്കേണ്ടി വരുന്ന സാഹചര്യത്തിലും ഭരണ മേഖലയിലെ ധൂര്‍ത്തിന് ഒരു കുറവുമില്ല. ഇതിനൊരു മാറ്റം വേണം. കക്ഷി രാഷ്ട്രീയത്തിന്റെ അതിപ്രസരത്തില്‍ നിന്ന് സംസ്ഥാനം മുക്തമാകുകയും വേണം. പാര്‍ട്ടികള്‍ക്കിടയിലെ അനാരോഗ്യകരമായ കിടമത്സരം പലപ്പോഴും വികസനത്തിന് വിലങ്ങു തടിയാറാകുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here