Connect with us

International

സിറിയയുടെ പൂര്‍ണ നിയന്ത്രണം തിരിച്ചുപിടിക്കും: അസദ്

Published

|

Last Updated

ദമസ്‌കസ്: സിറിയന്‍ സൈന്യം രാജ്യത്തിന്റെ നിയന്ത്രണം മുഴുവന്‍ തിരിച്ചുപിടിക്കുമെന്ന് പ്രസിഡന്റ് ബശര്‍ അല്‍ അസദ്. ലോക രാജ്യങ്ങളുമായി നടത്തിയ ചര്‍ച്ചക്ക് ശേഷം ഒരഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇപ്പോള്‍ നടക്കുന്ന ആഭ്യന്തര യുദ്ധത്തില്‍ മേഖലയിലെ ചില ശക്തികള്‍ ഇടപെടുന്നതോടെ ഇതവസാനിപ്പിക്കാന്‍ ദീര്‍ഘകാലമെടുക്കും. അതോടൊപ്പം ഇതിന് വലിയ വില നല്‍കേണ്ടിയും വരും. സിറിയന്‍ സൈന്യം യുദ്ധക്കുറ്റം ചെയ്തുവെന്ന തരത്തിലുള്ള ഐക്യരാഷ്ട്ര സഭയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. ഇത്തരം ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമായി ഉണ്ടാക്കുന്നതാണെന്നും അഭിമുഖത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.
യു എസ്, റഷ്യ, ഇറാന്‍, സഊദി അറേബ്യ തുടങ്ങിയ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി മണിക്കൂറുകള്‍ക്കകമാണ് അഭിമുഖത്തിലൂടെ അസദ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. സിറിയയിലെ ആഭ്യന്തര യുദ്ധത്തിനിടെ മാനുഷിക സഹായമെത്തിച്ചുകൊടുക്കാന്‍ ഒരാഴ്ചക്കുള്ളില്‍ പരസ്പരം പോരാട്ടം അവസാനിപ്പിക്കാന്‍ തീരുമാനത്തിലെത്തിയിരുന്നു. ആഭ്യന്തര യുദ്ധത്തിനിടെ ആയിരക്കണക്കിന് തടവുപുള്ളികളെ വധിച്ചെന്ന രൂപത്തില്‍ സിറിയന്‍ സര്‍ക്കാറിനെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന ചില കണ്ടെത്തലുകള്‍ അന്താരാഷ്ട്ര അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.
എന്നാല്‍, രാജ്യത്തിന്റെ മുഴുവന്‍ നിയന്ത്രണവും സൈന്യം തിരിച്ചുപിടിക്കുമെന്ന പ്രസിഡന്റ് ബശര്‍ അല്‍ അസദിന്റെ പ്രഖ്യാപനം അദ്ദേഹത്തിന്റെ ചിന്തയിലെ അപക്വതമൂലമാണെന്ന് അമേരിക്ക പ്രതികരിച്ചു. സിറിയന്‍ സൈന്യം അവരുടെ യുദ്ധം തുടരുകയാണെങ്കില്‍ അത് കൂടുതല്‍ രക്തച്ചൊരിച്ചിലിനും ഇരു വിഭാഗങ്ങളുടെയും നിലപാടുകള്‍ ശക്തിപ്പെടുത്തുന്നതിലേക്കും മാത്രമേ നയിക്കുകയുള്ളൂവെന്നും ഉപവിദേശകാര്യ വക്താവ് മാര്‍ക്ക് ടോണര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സിറിയന്‍ യുദ്ധത്തിനിടെ ഇതിനകം ലക്ഷക്കണക്കിന് ജീവഹാനി സംഭവിച്ചിട്ടുണ്ട്. അതിന് പുറമെ രാജ്യത്ത് നിന്ന് ലക്ഷക്കണക്കിന് പേര്‍ അഭയം തേടിപ്പോകുകയും ചെയ്തു. അഞ്ച് വര്‍ഷമായി തുടങ്ങിയ ആഭ്യന്തര യുദ്ധത്തിന് അവസാനം കുറിക്കാന്‍ ലോക രാജ്യങ്ങള്‍ ശ്രമങ്ങള്‍ തുടരുകയാണ്.