ഫലസ്തീന്‍ പെണ്‍കുട്ടിയെ ഇസ്‌റാഈല്‍ സൈന്യം വെടിവെച്ചു കൊന്നു

Posted on: February 13, 2016 10:57 pm | Last updated: February 13, 2016 at 10:57 pm

palastine girlജറൂസലം: ഫലസ്തീന്‍ പെണ്‍കുട്ടിയെ ഇസ്‌റാഈല്‍ സൈന്യം വെടിവെച്ചു കൊലപ്പെടുത്തി. വെസ്റ്റ്ബാങ്കിലാണ് സംഭവം. സൈനികനെയും വഴിയാത്രക്കാരനെയും കുത്തിപ്പരുക്കേല്‍പ്പിക്കാന്‍ ശ്രമിച്ചപ്പോഴാണ് ഫലസ്തീന്‍ പെണ്‍കുട്ടിയെ വെടിവെച്ചു കൊലപ്പെടുത്തിയതെന്നാണ് ഇസ്‌റാഈല്‍ വിശദീകരണം. പെണ്‍കുട്ടിയുടെ കൈവശം കത്തിയുണ്ടായിരുന്നതായും ഇസ്‌റാഈല്‍ സൈന്യം പറയുന്നു. ഫലസ്തീനിലെ ഹെബ്‌റോണിലെ കിസര്‍ മുഹമ്മദ് അബ്ദുല്‍ഹലീം അല്‍ അവീവിയാണ് കൊല്ലപ്പെട്ട 17കാരിയായ പെണ്‍കുട്ടിയെന്ന് ഫലസ്തീന്‍ അധികൃതര്‍ വിശദീകരിച്ചു. കഴിഞ്ഞ അഞ്ച് മാസമായി ഫലസ്തീനില്‍ നടക്കുന്ന വ്യത്യസ്ത സംഭവങ്ങളില്‍ ഇസ്‌റാഈല്‍ സൈന്യം 157 ഫലസ്തീനികളെ വെടിവെച്ചു കൊലപ്പെടുത്തി.
വിശുദ്ധ മസ്ജിദുല്‍അഖ്‌സയിലേക്ക് മുസ്‌ലിംകള്‍ക്ക് പ്രവേശം തടഞ്ഞ് ഇസ്‌റാഈല്‍ സൈന്യം പ്രകോപനം സൃഷ്ടിച്ചതോടെയാണ് വീണ്ടും ഫലസ്തീകളും ഇസ്‌റാഈല്‍ സൈന്യവും ഏറ്റുമുട്ടല്‍ ആരംഭിച്ചത്. 20ലധികം ഇസ്‌റാഈലുകാരും വ്യത്യസ്ത സംഭവങ്ങളിലായി കൊല്ലപ്പെട്ടിട്ടുണ്ട്. സമാധാന ശ്രമങ്ങള്‍ക്ക് നില്‍ക്കാതെ പ്രകോപനപരമായ നീക്കങ്ങളാണ് ഇസ്‌റാഈലിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഫലസ്തീനികളുടെ വിഷയത്തില്‍ ഇടപെടണമെന്നും ഫലസ്തീന്‍ അധികൃതര്‍ ആവശ്യപ്പെടുന്നുണ്ട്.