കാഞ്ഞിരത്തിനാല്‍ കുടുംബാംഗങ്ങള്‍ വയനാട് കലക്ടറേറ്റ് പടിക്കല്‍ നടത്തുന്ന സത്യഗ്രഹം ആറ് മാസം പിന്നിടുന്നു

Posted on: February 13, 2016 12:12 pm | Last updated: February 13, 2016 at 12:12 pm
SHARE

കല്‍പ്പറ്റ: കാഞ്ഞിരങ്ങാട് വില്ലേജില്‍ വനം വകുപ്പ് അന്യായമായി അധീനപ്പെടുത്തിയ 12 ഏക്കര്‍ ഭൂമി വീണ്ടെടുക്കുന്നതിനു കാഞ്ഞിരത്തിനാല്‍ കുടുംബാംഗങ്ങള്‍ വയനാട് കലക്ടറേറ്റ് പടിക്കല്‍ നടത്തുന്ന സത്യഗ്രഹത്തിനു ആറുമാസം. കാഞ്ഞിരത്തിനാല്‍ പരേതരായ ജോര്‍ജ്-ഏലിക്കുട്ടി ദമ്പതികളുടെ മകള്‍ ട്രീസ, ഭര്‍ത്താവ് തൊട്ടില്‍പ്പാലം കട്ടക്കയം ജയിംസ്, ഇവരുടെ ഇരട്ടക്കുട്ടികളും തൊട്ടില്‍പ്പാലം എ.ജെ.ജോണ്‍ മെമ്മോറിയല്‍ സ്‌കൂളില്‍ ഏഴാംക്ലാസ് വിദ്യാര്‍ഥികളുമായ ബിബിന്‍, നിധിന്‍ എന്നിവര്‍ 2015 ഓഗസ്റ്റ് 15ന് ആരംഭിച്ച സമരമാണ് ആറ് മാസം പിന്നിട്ടത്. വനം വകുപ്പ് പിടിച്ചെടുത്തതും തെറ്റായി മൂന്നു തവണ വിജ്ഞാപനം ചെയ്ത് ജണ്ട കെട്ടിയതുമായ ഭൂമി ജ•ം തീറാധാരപ്രകാരം കാഞ്ഞിരത്തിനാല്‍ കുടുംബത്തിനു അവകാശപ്പെട്ടതാണെന്ന് തെളിയിക്കുന്ന രേഖകള്‍ ട്രീസ-ജയിംസ് ദമ്പതികളുടെ പക്കലുണ്ട്. പക്ഷേ, അവ വേണ്ടവിധം പരിശോധിക്കാനും സ്ഥലം വിട്ടുകൊടുക്കുന്നതിനുള്ള തടസ്സങ്ങള്‍ നീക്കാനും ഉദ്യോഗസ്ഥതലത്തില്‍ ശുഷ്‌കാന്തിയില്ല.
കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ സമരം ഒത്തുതീര്‍ക്കുന്നതിനു മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ 2015 നവംബര്‍ 30ന് തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേരുകയുണ്ടായി. ഭൂമി വിഷയത്തില്‍ വനംവകുപ്പ് ഉന്നയിക്കുന്ന വാദങ്ങള്‍ വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്നാണ് യോഗത്തില്‍ മുഖ്യമന്ത്രി അഭിപ്രായപ്പെട്ടത്. ഭൂമി വിട്ടുകൊടുക്കുന്നതില്‍ വനം വകുപ്പ് ഉന്നയിക്കുന്ന നിയമതടസ്സങ്ങളും തൃശൂര്‍ ആസ്ഥാനമായി വണ്‍ ലൈഫ് വണ്‍ എര്‍ത്ത് എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന പരിസ്ഥിതി സംഘടന ഹൈക്കോടതിയില്‍നിന്നു സമ്പാദിച്ച സ്റ്റേയും നീക്കുന്നതിന് അഡ്വക്കറ്റ് ജനറലുമായി ആലോചിച്ച് സമയബന്ധിതമായി സര്‍ക്കാര്‍ കോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുകയുണ്ടായി. തടസ്സങ്ങള്‍ നീങ്ങുന്ന മുറയ്ക്ക്, ഭൂമി കാഞ്ഞിരത്തിനാല്‍ കുടുംബത്തിനു അനുവദിച്ച് മുന്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് നടപ്പിലാക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും വഞ്ചി തിരുനക്കരെത്തന്നെ നില്‍ക്കുകയാണ്. കേസ് വിഷയത്തില്‍ ഹൈക്കോടതിയെ സമീപിക്കുന്നതു സംബന്ധിച്ച് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി അഡ്വക്കറ്റ് ജനറലിന്റെ എറണാകുളം ഓഫീസിലേക്ക് 2016 ഫെബ്രുവരി ഒന്നിനു കത്തയച്ചതുമാത്രമാണ് ഇതിനു അപവാദം.
കാഞ്ഞിരങ്ങാട് വില്ലേജില്‍ റീസര്‍വേ 238/1ലാണ് കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ 12 ഏക്കര്‍ ഭൂമി. ഇത് 1967ല്‍ കുട്ടനാട് കാര്‍ഡമം കമ്പനിയില്‍നിന്നു മാനന്തവാടി സബ് രജിസ്ട്രാര്‍ ഓഫീസിലെ 2717 നമ്പര്‍ ജ•ം തീറാധാരപ്രകാരം ട്രീസയുടെ പിതൃസഹോദരന്‍ കാഞ്ഞിരത്തിനാല്‍ ജോസ് വാങ്ങിയതാണ്.
ഇതില്‍ ആറ് ഏക്കര്‍ ജോസ് 2290/72 നമ്പര്‍ ദാനാധാരപ്രകാരം ജോര്‍ജിനു നല്‍കുകയായിരുന്നു. കാഞ്ഞിരത്തിനാല്‍ സഹോദരങ്ങളുടെ കൈവശം ഉള്ളതില്‍ 10 ഏക്കര്‍ കാഞ്ഞിരങ്ങാട് വില്ലേജില്‍ റീ സര്‍വേ 238/1ല്‍ വിജ്ഞാപനം ചെയ്ത 15.41 ഏക്കറിന്റെ ഭാഗമാണെന്ന് 1982 ഡിസംബര്‍ ഒന്നിന് കസ്റ്റോഡിയന്‍ ആന്‍ഡ് കണ്‍സര്‍വേറ്റര്‍ ഓഫ് വെസ്റ്റഡ് ഫോറസ്റ്റ്(കോഴിക്കോട്) അധ്യകൃതര്‍ മാനന്തവാടി താലൂക്ക് ഓഫീസില്‍ അറിയിക്കുകയുണ്ടായി. വിജ്ഞാപനത്തിന്റെ പകര്‍പ്പും ഹാജരാക്കി. ഇതേത്തുടര്‍ന്ന് കാഞ്ഞിരത്തിനാല്‍ സഹോദരങ്ങളില്‍നിന്നു ഭൂനികുതി സ്വീകരിക്കുന്നത് നിര്‍ത്തിവെച്ചു. ഭൂമിക്ക് കാഞ്ഞിരത്തിനാല്‍ സഹോദര•ാര്‍ 1983 വരെ നികുതിയടച്ചിരുന്നു.
ഭൂമിയില്‍ അവകാശം വീണ്ടെടുക്കുന്നതിനു 2005ല്‍ ജോര്‍ജും ഭാര്യ ഏലിക്കുട്ടിയും വയനാട് കലക്ടറേറ്റ് പടിക്കല്‍ ദിവസങ്ങളോളം സത്യഗ്രഹം നടത്തിയിരുന്നു. ഇതേത്തുടര്‍ന്ന് 2006ല്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ നിര്‍ദേശിച്ചതനുസരിച്ച് നടന്ന സംയുക്ത പരിശോധനയില്‍ കാഞ്ഞിരത്തിനാല്‍ സഹോദര•ാര്‍ വിലയ്ക്കുവാങ്ങിയ 12 ഏക്കര്‍ സ്ഥലം വനഭൂമിയുടെ ഭാഗമല്ലെന്ന് കണ്ടെത്തി. ഈ സ്ഥലം വിട്ടുകൊടുക്കാനും ഭൂനികുതി സ്വീകരിക്കാനും 2006 ~ഒക്‌ടോബറില്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ഇതനുസരിച്ച് 2007 നവംബര്‍ 24ന് ജോര്‍ജ് കാഞ്ഞിരങ്ങാട് വില്ലേജ് ഓഫീസില്‍ ഭൂനികുതി അടച്ചെങ്കിലും കൃഷിയിറക്കാനായില്ല. മരങ്ങള്‍ വെട്ടിനീക്കി മണ്ണൊരുക്കുന്നതിനു ജോര്‍ജ് നല്‍കിയ അപേക്ഷ വനം വകുപ്പ് നിരസിച്ചു. ഇതിനു പിന്നാലെ, സ്ഥലം 1985ലെ ഫോറസ്റ്റ് ട്രിബ്യൂണല്‍ വിധി പ്രകാരം വനഭൂമിയാണെന്നും ഇക്കാര്യം ഹൈക്കോടതി അംഗീകരിച്ചിട്ടുള്ളതാണെന്നും കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ വിട്ടുകൊടുക്കാന്‍ സാധിക്കില്ലെന്നും കാണിച്ച് സംസ്ഥാന വനം സെക്രട്ടറി ജില്ലാ കലക്ടര്‍ക്ക് കത്ത് നല്‍കി. വനഭൂമി വനേതര ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നതിനെതിരെ തൃശൂലെ പരിസ്ഥിതി സംഘടന ഹൈക്കോടതിയില്‍നിന്നു സ്റ്റേയും സമ്പാദിച്ചു. സ്റ്റേ നിലനില്‍ക്കേ 2009 നവംബര്‍ രണ്ടിന് ഏലിക്കുട്ടിയും 2012 ഡിസംബര്‍ 13ന് ജോര്‍ജും മരിച്ചു. അവകാശത്തര്‍ക്കം തുടരവേ 2013 ഒക്‌ടോബര്‍ 22ന് വനം വകുപ്പ് ഭൂമി വീണ്ടും വിജ്ഞാപനം ചെയ്ത് ജണ്ടകെട്ടി. ഈ പശ്ചാത്തലത്തിലാണ് ട്രീസയും കുടുംബവും കലക്ടറേറ്റ് പടിക്കല്‍ സമരം ആരംഭിച്ചത്.

 

LEAVE A REPLY

Please enter your comment!
Please enter your name here