Connect with us

Kozhikode

കനാല്‍ തുറക്കാന്‍ വൈകുന്നത് പച്ചക്കറി, പുഞ്ചകൃഷിക്ക് തിരിച്ചടി

Published

|

Last Updated

കൊയിലാണ്ടി: കനാല്‍ വെളളം എത്താന്‍ വൈകുന്നത് പുഞ്ച കൃഷിയെയും നാട്ടിന്‍പുറങ്ങളിലെ പച്ചക്കറി-വാഴകൃഷികളെയും ബാധിക്കുന്നു. കനാല്‍ വെള്ളത്തെ ആശ്രയിച്ചാണ് വയലുകളിലും പറമ്പുകളിലും കൃഷിയിറക്കുന്നത്. എന്നാല്‍ വെള്ളമെത്താന്‍ വൈകുന്നത് കൃഷിയെ മൊത്തത്തില്‍ പ്രതിസന്ധിയിലാക്കുകയാണ്. കൂത്താളി പഞ്ചായത്തിലെ മാമ്പള്ളിയില്‍ കനാല്‍ വശങ്ങളില്‍ കല്ല്‌കെട്ടി ബലപ്പെടുത്തുന്ന പ്രവൃത്തി നടക്കുന്നതിനാലാണ് ഇടതുകര കനാല്‍ തുറക്കുന്നത് വൈകാന്‍ കാരണമായി പറയുന്നത്. നടേരി, അരിക്കുളം തുടങ്ങിയ സ്ഥലങ്ങളില്‍ പുഞ്ചക്കൃഷി നടത്താന്‍ വയലുകള്‍ മിക്കതും ഉഴുത് മറിച്ച് പാകപ്പെടുത്തിയിട്ടുണ്ട്. നിലം ഉഴുന്നതോടൊപ്പം വിത്ത് വിതച്ചാണ് പുഞ്ചക്കൃഷിക്ക് തുടക്കമിടുക. വിത്ത് മുളച്ചു പൊന്താന്‍ ചെറിയതോതില്‍ വെളളം ആവശ്യമാണ്. കനാല്‍വെള്ളം എത്തിയില്ലെങ്കില്‍ കൃഷി ഉണങ്ങിപോകും. കനാല്‍ വെള്ളത്തെ ആശ്രയിച്ചാണ് വയലേലകളില്‍ നൂറുകണക്കിനാളുകള്‍ നേന്ത്രവാഴയും റോബസ്റ്റും കൃഷി ചെയ്യുന്നത്. വെള്ളം എത്തിയില്ലെങ്കില്‍ വാഴകൃഷിയും അവതാളത്തിലാകും. വിഷരഹിത ജൈവ പച്ചക്കറി കൃഷി എന്ന സന്ദേശം ജനങ്ങളാകെ ഏറ്റുവാങ്ങിയതോടെ നാട്ടിലുടനീളം വ്യാപകമായ രീതിയില്‍ പച്ചക്കറി കൃഷിയും തുടങ്ങിയിട്ടുണ്ട്. നഗരസഭകളും വിവിധ പഞ്ചായത്തുകളും ജൈവ പച്ചക്കറി കൃഷിയെ പ്രോത്സാഹിപ്പിക്കുവാന്‍ പദ്ധതികളുമായി രംഗത്തുണ്ട്. പച്ചക്കറി കൃഷിക്ക് നനക്കണമെങ്കില്‍ കനാല്‍വെളളം അത്യാവശ്യമാണ്. കനാല്‍വെളളം വരാന്‍ വൈകിയാല്‍ കിണറുകളും കുളങ്ങളും മറ്റ് ജലാശയങ്ങളും വറ്റി വരളും. ഇത് ജലക്ഷാമം ഉണ്ടാക്കും. കഴിഞ്ഞ വര്‍ഷവും കനാല്‍ ജല വിതരണം താറുമാറായിരുന്നു.