Connect with us

International

അറ്റ്‌ലാന്റിക് സമുദ്രത്തില്‍ മുങ്ങിയ ടൈറ്റാനികിന്റെ തനിപ്പകര്‍പ്പ് 2018ല്‍ നീറ്റിലിറങ്ങും

Published

|

Last Updated

കാന്‍ബറ: വടക്കന്‍ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ മുങ്ങിയ ടൈറ്റാനിക് കപ്പലിന്റെ തനിപ്പകര്‍പ്പായി ടൈറ്റാനിക് 2 എന്ന് പേരിട്ട കപ്പല്‍ 2018ല്‍ നീറ്റിലിറങ്ങും. ഒറിജിനല്‍ കപ്പല്‍ മുങ്ങി 106 വര്‍ഷത്തിന് ശേഷമാണിത്. ആസ്‌ത്രേലിയയിലെ കോടീശ്വരനായ ക്ലൈവ് പാല്‍മറുടെ ബ്ലു സ്റ്റാര്‍ ലൈന്‍ കമ്പനിയാണ് കപ്പല്‍ നിര്‍മിക്കുന്നത്. കാഴ്ചയില്‍ 1912ലെ കപ്പലിനെ അനുസ്മരിപ്പിക്കുന്നതാണെങ്കിലും പുതിയ സമുദ്ര സുരക്ഷാ നിയമങ്ങളനുസരിച്ചാണ് നിര്‍മാണം. പഴയതില്‍നിന്ന് വ്യത്യസ്തമായി ആവശ്യത്തിന് ലൈഫ് ബോട്ടുകളും മറ്റ് സംവിധാനങ്ങളും ടൈറ്റാനിക് 2 വിലുണ്ടാകും. കപ്പലിന് 270 മീറ്റര്‍ നീളവും 53 മീറ്റര്‍ വീതിയുമുണ്ടാകും. 40,000 ടണ്ണാണ് ഇതിന്റെ ഭാരം. യഥാര്‍ഥ ടൈറ്റാനിക്കിലെ പോലെത്തന്നെ ടൈറ്റാനിക് 2 വില്‍ ഒന്ന്, രണ്ട്, മൂന്ന് ക്ലാസ് ടിക്കറ്റുകള്‍ ലഭ്യമാണ്. കപ്പലിന് ഒമ്പത് നിലകളും 840 കാബിനുകളുമുണ്ട്. 2,400 യാത്രക്കാരെയും 900 ജീവനക്കരെയും ഉള്‍ക്കൊള്ളാന്‍ കപ്പലിനാകും. സ്വിമ്മിംഗ് പൂളുകള്‍, തുര്‍ക്കി ബാത്ത് റൂമുകള്‍, ജിമ്മുകള്‍ എന്നിവയും ഇതില്‍ സജ്ജീകരിക്കുന്നുണ്ട്. 21-ാം നൂറ്റാണ്ടിലെ കപ്പലില്‍ പ്രതീക്ഷിക്കാവുന്നതെല്ലാം ടൈറ്റാനിക് 2 വില്‍ ഉള്‍ക്കൊള്ളിക്കുമെന്ന് കമ്പനിയുടെ മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ജെയിംസ് മാക് ഡൊണാള്‍ഡ് പറഞ്ഞു. യഥാര്‍ഥ ടൈറ്റാനിക് കപ്പല്‍ വടക്കന്‍ അറ്റ്‌ലാന്റിക്കിലെ മഞ്ഞ് മലയിലിടിച്ച് മുങ്ങി 1,500 യാത്രക്കാരും ജീവനക്കാരും മരിച്ചിരുന്നു.