Connect with us

Kerala

സംസ്ഥാനത്ത് വാഹനാപകട നിരക്ക് കൂടുന്നു

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് വാഹനാപകട നിരക്ക് ആശങ്കാവഹമായ രീതിയില്‍ വര്‍ധിക്കുന്നു. കഴിഞ്ഞ നാല് വര്‍ഷത്തെ കണക്കുകളിലാണ് ഇത് വ്യക്തമാകുന്നത്. പോലീസും മോട്ടോര്‍ വാഹന വകുപ്പും അപകടങ്ങള്‍ നിയന്ത്രിക്കാന്‍ പുതിയ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുമ്പോഴും ഇവ ഫലപ്രദമാകുന്നില്ലെന്നാണ് സംസ്ഥാന ക്രൈം റിക്കോര്‍ഡ്‌സ് ബ്യോറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
കഴിഞ്ഞ ആറ് മാസത്തിനിടെയുണ്ടായ റോഡപകടങ്ങളുടെ എണ്ണം റെക്കോര്‍ഡാണ്. 39,029 വാഹനാപകടങ്ങളാണ് 2015ല്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2014ല്‍ റോഡപകടങ്ങളുടെ എണ്ണം 36,282 ആയിരുന്നു. കഴിഞ്ഞ വര്‍ഷം 4130, പേരാണ് റോഡപകടങ്ങളില്‍ മരിച്ചത്. ഇത് 2014നെ അപേക്ഷിച്ച് കൂടുതലാണ്. 2014ല്‍ 4,049 മരണമാണ് അപകടങ്ങളെ തുടര്‍ന്ന് ഉണ്ടായിട്ടുള്ളത്. ജനുവരിയിലാണ് ഏറ്റവുമധികം റോഡപകടങ്ങള്‍ നടന്നിട്ടുള്ളത്. 3,677 അപകടങ്ങളാണ് നടന്നത്. 3,024 അപകടങ്ങള്‍ നടന്ന നവംബറിലാണ് ഏറ്റവും കുറവ് അപകടങ്ങള്‍ . കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ 31 വരെ രജിസ്റ്റര്‍ ചെയ്യപ്പെട്ട അപകടങ്ങളുടെ എണ്ണം 32,671 ആയിരുന്നു. മരണനിരക്ക് ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ജനുവരിയിലാണ്, 389. 299 പേര്‍ മരിച്ച ജൂണിലാണ് കുറവ് മരണ നിരക്ക്. 2014 ജനുവരിയില്‍ 415 പേരാണ് റോഡപകടത്തെ തുടര്‍ന്ന് മരണം വരിച്ചത്.
2014ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 2015ല്‍ 2, 749 അപകടങ്ങളും 81 മരണവും കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒക്‌ടോബര്‍ വരെ റോഡപകടങ്ങളില്‍ പരുക്കു പറ്റിയവരുടെ എണ്ണം 36,815 ആണ്. 2009ല്‍ 35,433 ഉം 2010ല്‍ 35,082 ഉം 2011ല്‍ 35,216ഉം, 2012ല്‍ 36,174 ഉം 2013ല്‍ 35,215 ആണ് അപകട നിരക്ക്. ഗുരുതരമായി പരുക്ക് പറ്റിയവരുടെ എണ്ണം 2009ല്‍ 24,670 ഉം 2010ല്‍ 24,994ഉം 2011 ല്‍ 25,110 ഉം 2012ല്‍ 26,034 ഉം 2013ല്‍ 25,281 ആയിരുന്നു നിരക്ക്.
റോഡുകളുടെ ശോചനീയവസ്ഥയും വാഹനങ്ങളുടെ കേടുപാടുകളും അപകടങ്ങള്‍ക്ക് കാരണമായിട്ടുണ്ടെന്ന് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ സൂചിപ്പിക്കുന്നു. അശ്രദ്ധമായുള്ള ഡ്രൈവിംഗ് ആണ് കൂടുതല്‍ അപകടങ്ങളുടേയും പ്രധാന കാരണമെന്ന് നാഷനല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പ്ലാനിംഗ് ആന്‍ഡ് റിസേര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ ബി ജി ശ്രീദേവി പറയുന്നു. ഡ്രൈവര്‍മാരുടെ മനോഭാവമാണ് മാറേണ്ടത്. ഇതിനായി ശക്തമായ ബോധവത്കരണം വേണം.
വിവിധ ബോധവത്കരണ പരിപാടികള്‍ മോട്ടോര്‍ വാഹന വകുപ്പ് നടത്തുന്നുണ്ടെങ്കിലും ഇതൊന്നും ഫലപ്രദമാകുന്നില്ല. ഓരോ വ്യക്തിയും സ്വയം ചിന്തിച്ച് സ്വന്തം സുരക്ഷ ഉറപ്പു വരുത്തിയാല്‍ മാത്രമേ അപകടങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടാകൂവെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

Latest